ഉയർത്തെഴുന്നേറ്റ ക്രിസ്തു
text_fieldsക്രൈസ്തവ ജനതയുടെ പ്രത്യാശയുടെ മകുടമായ സംഭവ യാഥാർഥ്യമായിരുന്നു ക്രിസ്തുവിന്റെ ഉയർത്തെഴുന്നേൽപ്പ്. മരണത്തിനു മേലുള്ള ക്രിസ്തുവിന്റെ ജയത്തെ ഉദ്ഘോഷിക്കുന്ന ഉയർത്തെഴുന്നേൽപ്പ് മാനവരാശിയുടെ യുക്തിബോധങ്ങളെ തകിടം മറിച്ച സംഭവമായിരുന്നു. ഒരു വിശ്വാസിയുടെ ഏറ്റവും വലിയ പ്രത്യാശയും ഈ ഉയർത്തെഴുന്നേൽപ്പാണ്. സമാധാനമില്ലാത്ത ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്.
മനുഷ്യൻ ഇന്ന് സമാധാനത്തിനുവേണ്ടി ദാഹിക്കുന്നു. ലോകത്തിൽ പൊതുവെ രാജ്യങ്ങളിലും കുടുംബങ്ങളിലും വ്യക്തികളിലും അസമാധാനം കളിയാടുന്നുണ്ട്. ശരിയും തെറ്റും തമ്മിൽ നീതിയും അനീതിയും തമ്മിൽ മനുഷ്യ മനസ്സിൽ തീരാത്ത യുദ്ധമാണ്. ഈ അസമാധാനത്തിൽനിന്ന് സമാധാനത്തിന്റെ അനുഭവത്തിനു വേണ്ടിയാണ് മനുഷ്യൻ ദാഹിക്കുന്നത്. ഇവിടെയാണ് ഉയർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സാന്ത്വനത്തിന്റെ വാക്കുകൾ. ‘നിങ്ങൾക്ക് സമാധാനം’.
സമാധാനം നഷ്ടപ്പെട്ടവർക്ക് ഭാരമേറിയ കല്ലുകൾ ഹൃദയത്തിൽ പേറുന്നവർക്ക് പ്രത്യാശയുടെ വാക്കുകൾ ‘എന്റെ സമാധാനം ഞാൻ നിങ്ങൾക്കു നൽകാം’ ലോകം തരുന്നതു പോലെയല്ല. അസ്വസ്ഥമായ ആധുനിക ലോകത്തിന്റെ തിരക്കിൽ കഴിയുന്ന മനുഷ്യന്റെ മനസ്സിലെ ചോദ്യം എന്റെ ജീവിതത്തിൽ വഴിമുടക്കിയായി നിൽക്കുന്ന കല്ല് ആര് ഉരുട്ടി മാറ്റും. മഗ്ദലന മറിയത്തിന്റെയും മറ്റ് സ്ത്രീകളുടെയും ഹൃദയത്തിൽ ഈ ചോദ്യം ഉയർന്നിരുന്നു. നമുക്ക് വേണ്ടി ആര് കല്ലുരുട്ടി കളയും. അവരുടെ ഹൃദയത്തിലായിരുന്നു ഭാരമുള്ള കല്ല്. ആകുല ചിന്ത.
അനുഗ്രഹീതരെ, ഏത് പ്രശ്നത്തിന്റെയും മധ്യത്തിൽ ദൈവം കരുതിക്കൊള്ളും. “God will provide”. ഇരുട്ടിന്റെ അവസ്ഥയിൽ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായ അവസരത്തിൽ കല്ലറക്ക് സമീപം ചെന്ന മറിയ തുറന്ന കല്ലറയിൽ പ്രത്യാശയുടെ വെളിച്ചം കാണുന്നു. മറിയയുടെയും ശിഷ്യന്മാരുടെയും ജീവിതത്തിൽ അവർക്കുണ്ടായ നിരാശയുടെ വലിയ ഇരുട്ട് നീങ്ങിപ്പോകുന്നു.
മനുഷ്യ ജീവിതത്തിലും ഇരുൾ വന്ന് മൂടാറുണ്ട്. ഇരുട്ടിനെ അകറ്റാൻ വെളിച്ചത്തിന് മാത്രമെ കഴിയൂ. വെളിച്ചം വരുമ്പോൾ ഇരുട്ട് അപ്രത്യക്ഷമാകും. യേശു പറഞ്ഞു, ‘ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു’ (യോഹന്നാൻ 8-12). എല്ലാ കൂരിരുട്ടും മാറ്റുന്ന വെളിച്ചത്തെ നമുക്ക് ദർശിക്കാം.
ഹൃദയത്തിലേക്ക് വെളിച്ചം കടന്നുവരട്ടെ. ഭാരതത്തിലെ ഗുരുവര്യന്മാർ പ്രാർഥിച്ചത് പോലെ നമുക്ക് ഉരുവിടാം, “ തമസോ മാ ജ്യോതിർഗമയാ”. അന്ധതയിൽനിന്ന് പ്രകാശത്തിലേക്ക് നയിക്കണമേ... ഏവർക്കും ഉയർപ്പ് പെരുന്നാളിന്റെ ആശംസകൾ.