വിശുദ്ധിയുടെ ഓർമയിൽ പെസഹാ വ്യാഴം
text_fieldsയഹൂദരുടെ മൂന്ന് പ്രധാന പെരുന്നാളുകളിൽ ആദ്യത്തേതും, അവർ ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിച്ചതുമായ വലിയ പെരുന്നാളാണ് പെസഹാ. അടിമവീടായ മിസ്രയീമിൽനിന്നു ദൈവം തന്റെ സ്വന്തം ജനത്തെ വിടുവിച്ചതിന്റെ സ്മരണയ്ക്കായിട്ടാണ് ഈ പെരുന്നാൾ ക്രൈസ്തവസഭ ആചരിക്കുന്നത്'.
ഇസ്രായേൽ മക്കൾ ഊനമില്ലാത്ത ആട്ടിൻകുട്ടിയെ അറുത്ത് അതിന്റെ രക്തം തങ്ങളുടെ വീടുകളുടെ കട്ടളകാലിന്മേൽ പുരട്ടി സംഹാര ദൂതനിൽ നിന്ന് രക്ഷപ്പെട്ട ചരിത്ര സംഭവത്തിന്റെ അനുസ്മരണദിനം. പുതിയനിയമത്തിൽ നമ്മുടെ പെസഹ കുഞ്ഞാടായ ക്രിസ്തു അറുക്കപ്പെടുകയാണ്. സകല ബലികളെയും നീക്കിയ തിരുബലി മാർക്കോസിന്റെ മാളികയിൽ സ്ഥാപിക്കുകയാണ്.
തന്റെ ശരീരവും രക്തവും നമുക്കായി പങ്കുവെച്ച് നൽകുകയാണ്. ഒറ്റിക്കൊടുക്കുന്നവന്റെ യും, തള്ളിപ്പറയുന്നവന്റെയും കൈകളിലേക്ക് വിശുദ്ധ കുർബാനയായി താൻ തന്നെ രൂപാന്തരപ്പെടുകയാണ്. ഭൂമിയോളം വിനയമുള്ളവനാകുകയാണ്. ഈ പെസഹാ ദിനത്തിൽ വിലപ്പെട്ട ചിന്തകൾ നിങ്ങളുമായി പങ്കു വയ്ക്കട്ടെ.
ചെറുതാകാൻ പഠിപ്പിക്കുന്ന ഗുരു:
ദാസന്റെ ഉത്തരവാദിത്വത്തിൽപെട്ട ഏറ്റവും ഹീനമായ ദൗത്യമാണ് യജമാനന്റെ കാൽ കഴുകുക എന്നത്. ഈ മാതൃക ഒരു പരിഭവവും ഇല്ലാതെ യേശു ശിക്ഷ്യന്മാരുടെ മുന്നിൽ അവതരിപ്പിച്ചു കാണിച്ചു. യേശുക്രിസ്തു ദാസൻ ആണെന്ന പ്രഖ്യാപനവും അതേ മാതൃക പിന്തുടരുവാനുള്ള കൃത്യമായ ആഹ്വാനവുമാണ് യേശുവിന്റെ ഈ അനുകരണത്തിന്റെ അന്തഃസത്ത. സുവിശേഷയാത്രയിൽ ഏറ്റവും കൂടുതൽ ശിഷ്യന്മാരുടെ ഇടയിൽ ഉയർന്ന ചോദ്യമാണ് ആരാണ് വലിയവൻ എന്നത്. എന്നാൽ വലിയവനായ ഗുരു തന്നെ താഴ്മയുടെ പ്രതീകമായി ശിഷ്യന്മാരുടെ മുമ്പിൽ വിധേയപ്പെടുന്നു. ഒരൽപം കൂടെ സ്വയം ചെറുതാകാൻ നമുക്ക് ഈ നാളുകളിൽ ഒരുക്കപ്പെടാം.
ജീവിതയാത്രയിൽ ഒറ്റിക്കൊടുക്കാതിരിക്കാം
പെസഹ നമ്മുടെ മുന്നിൽ ഉയർത്തുന്ന ഏറ്റവും വലിയ വെല്ലുവിളി പരസ്പര സ്നേഹത്തിന്റെയും സഹനത്തിന്റെയും ആഴമേറിയ അനുഭവങ്ങളാണ്. പ്രിയ ശിഷ്യൻ കേവലം 30 വെള്ളി കാശിന് ഗുരുവിനെ ഒറ്റിക്കൊടുക്കുന്നു. സ്നേഹിതരേ, ജീവിതയാത്രയിൽ ഒറ്റിക്കൊടുക്കുന്നവരുടെ ഗണം വല്ലാതെ വർധിക്കുന്ന നാളുകളിലാണ് ഞാനും നിങ്ങളും.
ഭൗതികതയുടെ സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഒപ്പമുള്ളവരെ മനഃപൂർവം മറന്നു കളയുന്ന ഒറ്റപ്പെടുത്തുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഈ സാഹചര്യത്തിലാണ് ക്രിസ്തു ഈ കാലഘട്ടത്തിന്റെ ഉദാത്തമായ മാതൃകയായി നമ്മുടെ മുന്നിൽ നിൽക്കുന്നത്. പുതിയ തലമുറ പറയുന്ന ഒരു വാചകം ശ്രദ്ധേയമാണ് "പക അത് വീട്ടാനുള്ളതാണ്" എന്നാൽ ക്രിസ്തു നമ്മളെ പഠിപ്പിച്ച പാഠം സ്നേഹത്തിന്റെയും ത്യാഗത്തിന്റെതും ആണ്. കാരണം ഗുരുവിനോടൊപ്പം കാത്തിരുന്നാൽ From Suffering to Sacrifice to salvation." A Lot can Happen in 3 days " - especially when God is involved. ദൈവത്തോടൊപ്പം നമുക്ക് കാത്തിരിക്കാം.
ജീവിതം നമ്മുടെ മുന്നിൽ ഉയർത്തുന്ന ക്രൂശിന്റെ അനുഭവങ്ങൾ സ്വീകരിച്ച് നമ്മുടെ ഉള്ളിലെ യൂദാസിനോട് ചെറുത്തുനിൽക്കുവാനും ക്രിസ്തു സ്നേഹത്തിൽ മുന്നേറുവാനും ഈ പെസഹ നാൾ കഴിയട്ടെ. ഏവർക്കും പെസഹാ തിരുനാൾ ആശംസകൾ.