ഉയിര്പ്പുതിരുനാളിന്റെ നിറപ്പൊലിമ
text_fieldsക്രൂശിൽ മരിച്ച യേശു ഖബറടക്കത്തിനുശേഷം കല്ലറയിൽ നിന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ സ്മരണയായിട്ടാണ് ഈസ്റ്റർ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ആഘോഷിക്കുന്നത്. മൃത്യുവിനെ ജയിച്ച് യേശു മൂന്നാം നാൾ ഉയിർത്തപ്പോൾ കല്ലറയുടെ കാവൽക്കാർ ഭയപ്പെട്ടെങ്കിലും ആണിപ്പാടുള്ള യേശുവിനെ കണ്ടപ്പോൾ സ്ത്രീകൾക്ക് സന്തോഷിക്കുവാൻ ആദ്യം അവസരം നൽകി. മാനവരാശിയുടെ ഉത്തമ സ്നേഹിതനായി മഹിമയോടെയാണ് ഖബറിൽനിന്ന് ഉയിർത്തത് പാപത്തിൽ വീണുപോയ ആദമിനെ ക്രിസ്തുവിന്റെ ഉയിർപ്പോടെ രക്ഷ കൊടുത്തവൻ നമുക്കും രക്ഷയെ പ്രദാനം ചെയ്യും.
അനാദിയിൽ അനാദന്ത്യ സ്വയംഭൂവായ ദൈവം പിതാവിൽനിന്ന് ജനിച്ച്, സൃഷ്ടി പൂർത്തീകരിക്കുകയും, കന്യകയായ സ്ത്രീയിൽനിന്ന് ജനിച്ച് ജനനം ഉള്ളവരുടെ മാർഗത്തിൽ കൂടി താഴെ ഇറങ്ങിച്ചെന്ന് ഹവ്വായെ ഉദ്ധരിച്ച രക്ഷിതാവാണ്. തന്റെ ഉയിർപ്പ് മൂലം മനുഷ്യവർഗത്തിന്റെ ജഡികവും ആത്മീയവുമായ സകല അശുദ്ധിയിൽനിന്നും വെണ്മയും വെടിപ്പും നമുക്ക് ലഭിക്കുകയാണ്. കഷ്ടതയും കുരിശുമരണവും അനുഭവിച്ച് മനസ്സോടെ മരിച്ച് മനുഷ്യവർഗത്തിന്റെ മരണാവസ്ഥയെ ഇല്ലാതാക്കുകയാണ് ഈസ്റ്റർ നമ്മെ അനുസ്മരിപ്പിക്കുന്നത്.
ഉയിർത്തെഴുന്നേറ്റ യേശു നിങ്ങൾക്ക് സമാധാനം എന്നാണ് വാമൊഴി. “എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് നൽകുകയാണ്, അതു ലോകം തരുന്നതുപോലെയല്ല” എന്ന് അരുളിയ അരുമ നാഥന്റെ സ്വർഗീയ സമാധാനം സ്വീകരിക്കാൻ ഈസ്റ്റർ ദിനത്തിൽ നമുക്ക് ഇടവരട്ടെ എന്ന് ആശംസിക്കുന്നു. ദുർ വികാരപരമല്ലാത്ത ആത്മീയ ഐക്യത്തിൽ നിലനിൽക്കാനും ആത്മീയ സ്നേഹത്തിൽ ജ്വലിക്കാനും നമുക്ക് ഏവർക്കും ഇടയാകട്ടെ. യുദ്ധവും യുദ്ധഭീഷണിയും നിലനിൽക്കുന്ന ഈ സമകാലികയുഗത്തിൽ ഉയിർപ്പിലൂടെ മാനവരാശിക്ക് ലഭിച്ച ആ സ്വർഗീയ സമാധാനത്തിൽ നിലനിൽക്കുവാൻ വിദ്വേഷം വെടിഞ്ഞ് പരസ്പര സ്നേഹത്തിൽ നിലനിൽക്കുവാൻ എല്ലാവർക്കും ഇടയാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് നിർത്തുന്നു ദൈവം അനുഗ്രഹിക്കട്ടെ.