ചെറിയ പെരുന്നാളായിരുന്നു അന്ന് വലിയ പെരുന്നാൾ
text_fieldsപെരുന്നാളിന്റെ സന്തോഷങ്ങൾക്കിടക്കും ഫലസ്തീനിലടക്കം ലോകത്തിന്റെ പല ഭാഗത്തും മനുഷ്യർക്കുനേരെ ക്രൂരമായ അക്രമങ്ങളും അധിക്ഷേപങ്ങളും മറ്റും അരങ്ങേറുന്നുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും വേദനിക്കുന്നവരുണ്ട്. അവരെ ചേർത്തു പിടിച്ചു കൊണ്ടാകണം നമ്മുടെ പെരുന്നാളാഘോഷങ്ങൾ
കുട്ടികളായിരിക്കുമ്പോൾ ചെറിയപെരുന്നാളായിരുന്നു വലിയ പെരുന്നാൾ. കാരണം പുത്തനുടുപ്പുകളും സകാത്-സദഖ പൈസകളും ഒക്കെ കിട്ടുന്നത് ചെറിയ പെരുന്നാളിലായിരുന്നു. കുട്ടിക്കാലത്ത് നോമ്പിനുള്ള പ്രത്യേകത കളിക്കാൻ വിടില്ല എന്നതായിരുന്നു. വളരെ ചെറുപ്പകാലം തൊട്ടേ ഞാൻ നോമ്പ് എടുക്കുമായിരുന്നു. അടുത്ത വീട്ടിലെ അമ്മിണി ചേച്ചിയും ജാനകി ചേച്ചിയും ഉമ്മയോട് വന്ന് ചോദിക്കും ‘എന്തിനാ നബിസുമ്മേ ഈ കുട്ടിയെകൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത്’ എന്ന്. അപ്പോൾ ഉമ്മ പറയും ‘ഞാൻ നിർബന്ധിച്ചിട്ടല്ല അവൻ നോമ്പ് നോക്കുന്നത്. അവന്റെ ഇഷ്ടത്തിനാണ്’.
മറ്റൊന്ന് ചെറുപ്പകാലത്ത് നോമ്പുകാലം എന്നാൽ വായനയുടെ കാലം കൂടി ആയിരുന്നു. ഖുർആൻ പാരായണം മാത്രമല്ല മറ്റ് പുസ്തകങ്ങളും വായിക്കുന്ന കാലം. എന്റെ തറവാട്ടിൽ ചെറിയൊരു ലൈബ്രറി ഉണ്ടായിരുന്നു. എന്റെ മൂത്ത ജ്യേഷ്ഠൻ സാദിഖ് നന്നായി വായിക്കുമായിരുന്നു. ഞങ്ങളുടെ തറവാട്ടിൽ ഒരു കസിൻ ബ്രദറായ നാസറിക്കയുടെ ചിത്രങ്ങൾ, അമ്മാവന്മാരുടെ ലേഖനങ്ങൾ, കവിതകൾ ഒക്കെ ആയിട്ട് ‘സാന്ധ്യ താരകം’ എന്ന കൈയെഴുത്തു മാസിക ഉണ്ടാക്കിയിരുന്നു. അതിനാൽ വായനയുടെ പെരുന്നാളുകളായിരുന്നു നോമ്പുകാലം.
പിന്നെ കുട്ടി ആയിരിക്കുമ്പോൾ സദഖ കിട്ടിയ പൈസകൊണ്ട് പെരുന്നാൾ നമസ്കാരം കഴിഞ്ഞാൽ ആദ്യം പോയിരുന്നത് സിനിമക്കായിരുന്നു. പെരുന്നാളിന്റെ അന്ന് ദിവസം നാലു സിനിമ കണ്ട സന്ദർഭം ഉണ്ട്. എനിക്ക് 13 വയസ്സുള്ളപ്പോൾ ബാപ്പ മരിച്ചു. അതിനാൽ എവിടെയാണെങ്കിലും പെരുന്നാളുകൾക്ക് ഉമ്മയുടെ അടുത്തെത്തുക എന്ന നിർബന്ധമുണ്ടായിരുന്നു. ഒരുപാട് സിനിമകളുടെ സെറ്റിൽ പെരുന്നാൾ ആഘോഷിച്ചിട്ടുണ്ട്. 'ദ്രോണ' എന്ന സിനിമയുടെ ഷൂട്ട് ഒറ്റപ്പാലത്ത് നടക്കുമ്പോൾ അതിന്റെ സെറ്റിൽനിന്ന് ഞാനും അബൂസലീമും സുബൈറും ഒരുമിച്ചാണ് പെരുന്നാൾ നമസ്കാരത്തിന് പോയത്. പിറ്റത്തെ പെരുന്നാൾ ആയപ്പോഴേക്കും സുബൈർ നൊമ്പരപ്പെടുത്തുന്ന ഓർമയായി മാറി.
എല്ലാ നോമ്പുകളും എല്ലാ പ്രാർഥനകളും മനുഷ്യനുവേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നാണ് എന്റെ വിശ്വാസം. നമസ്കാരം ഒരു പ്രാർഥനയാണ്. ഏകാഗ്രതക്കും അച്ചടക്കത്തിനും വേണ്ടിയാണത്. ഇന്നത്തെ കാലത്ത് അതിനേറെ പ്രസക്തിയുണ്ട്. അതുപോലെ തന്നെയാണ് നോമ്പും. ആത്യന്തികമായി ഞാൻ പട്ടിണി കിടന്നിട്ട് പടച്ചോന് ഒന്നും കിട്ടാനില്ല. അത് എന്റെ ശരീരത്തിന്റെ ആത്മനിയന്ത്രണത്തിനും അച്ചടക്കത്തിനും വേണ്ടിയാണ്. അതിനാൽതന്നെ എന്റെ മനസ്സിനെ നിയന്ത്രിക്കാൻ ശരീരത്തെ സർവിസ് ചെയ്യാൻ ഞാനിപ്പോഴും പിന്തുടരുന്ന ഒന്നാണ് എന്നെ സംബന്ധിച്ച് നോമ്പ്.
എല്ലാ മതങ്ങളിലുള്ള നോമ്പുകളെയും ഞാൻ അങ്ങനെയാണ് കാണുന്നത്. ഈ നിമിഷം വരെ വലിയ രോഗങ്ങൾ ഒന്നും ഇല്ലാതിരിക്കുന്നതിന് ഒരു കാരണം നോമ്പാണെന്ന് ഞാൻ വിശ്വസിക്കുന്നു. ആ സന്തോഷമാണ് പെരുന്നാൾ. എന്നാൽ പെരുന്നാളിന്റെ സന്തോഷങ്ങൾക്കിടക്കും ഫലസ്തീനിലടക്കം ലോകത്തിന്റെ പല ഭാഗത്തും മനുഷ്യർക്കുനേരെ ക്രൂരമായ അക്രമങ്ങളും അധിക്ഷേപങ്ങളും മറ്റും അരങ്ങേറുന്നുണ്ട്. എല്ലാ മതവിഭാഗങ്ങൾക്കിടയിലും വേദനിക്കുന്നവരുണ്ട്. അവരെ ചേർത്തു പിടിച്ചു കൊണ്ടാകണം നമ്മുടെ പെരുന്നാളാഘോഷങ്ങൾ.