Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEIDchevron_rightകയ്പുള്ള ജിലേബി

കയ്പുള്ള ജിലേബി

text_fields
bookmark_border
കയ്പുള്ള ജിലേബി
cancel

2004 ജനുവരി 21. ഇന്നും ആ തീയതി ഓർക്കുമ്പോൾ മനസ്സിലേക്ക് കണക്ക് പുസ്തകവും ഇന്റഗ്രേഷന്റെ വള്ളിയുമാണ് കയറി വരുന്നത്. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു സയൻസ് ക്ലാസിൽ നിന്ന് ഒരുത്തൻ നാടുവിട്ടു പോയിരിക്കുന്നു. നാടാകെ അന്വേഷണങ്ങൾ നടക്കുന്നു. അവനുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നു. ഞാനിപ്പോഴും ആ കാഴ്ച കാണുന്നുണ്ട്. വേദനയോടെ.

എന്റെ ഏറ്റവും വലിയ കുറ്റബോധം വീട്ടുകാരനുഭവിച്ച വേദനയോർത്താണ്. 17 വർഷം പോറ്റിവളർത്തിയ മോൻ ഒരു സുപ്രഭാതത്തിൽ എല്ലാവരെയും ഉപേക്ഷിച്ച് എങ്ങോ പോയി മറഞ്ഞിരിക്കുന്നു. എന്തായിരുന്നു കാരണം. അതിനേക്കാൾ വലിയ വേദന എന്റെ സ്കൂളിനെ കുറിച്ചോർക്കുമ്പോഴാണ്. നമ്മുടെ നാട്ടിൽ ഒരു ഡോകട്റുടെ കുറവുണ്ടെങ്കിൽ അതിന് ഞാനാണ് ഉത്തരവാദി. ആ ഡോക്ടറുടെ സീറ്റിലാണ് എന്നെ കയറ്റി ഇരുത്തിയത്. ഞരങ്ങിയും മുക്കിയും മൂളിയും നോക്കിയിട്ടും എനിക്ക് മലയാളവും ഇംഗ്ലീഷുമൊഴികെ ബാക്കി വിഷയങ്ങളെല്ലാം ആമത്തോടുകൾ പോലെയായിരുന്നു.

ഒരുഡോക്ടറുടെ പിറവിക്കായി ഒരു ഗ്രാമം മുഴുവനും കാത്തിരിപ്പ്. അവരുടെ പ്രതീക്ഷകൾ വളമേകിയത് പത്താം ക്ലാസിൽ ഞാൻ കാണാപ്പാഠം പഠിച്ച് എഴുതിയൊപ്പിച്ച കനത്ത ഡിസ്റ്റിങ്ഷൻ മാർക്കാണ്. അവരുടെ മുഖത്തേക്ക് ഇനിയെങ്ങെനെ നോക്കും. വീട്ടുകാരുടെ അഭിമാനത്തിന് ഭംഗം വരില്ലേ. അധികം ആലോചിച്ച് തല പുകയണ്ട. ഞാനിപ്പോൾ തീവണ്ടിയിലാണ്.തന്റേതല്ലാത്ത കാരണത്താൽ എന്റെ ആത്മ സുഹൃത്ത് റഫീഖും എന്നോടൊപ്പം ഈ പാലായനത്തിൽ പങ്കാളിയായി.

-നീയെന്തിനാ നാടു വിടുന്നത്?

-ഇൻക്കറിഞ്ഞൂട. ന്നാലും നാട് വിട്ടു പോകുന്നത് ഒരു ഹരമല്ലേ. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ഏക സംഭാഷണം. അന്നൊക്കെ നാട് വിട്ടുപോകുന്നവർ ഏറെയുണ്ടായിരുന്നു.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും 103 ദിവസങ്ങൾ. ആ ദിവസങ്ങളിലെപ്പോഴോ ഒരു ബലിപെരുന്നാളും ഉണ്ടായിരുന്നു. ഓർമവെച്ച കാലം തൊട്ട് ചോലക്കൽ പള്ളിയിൽ അർമാൻ മൊയിലാരുടെ ഖുത്തുബയുടെ ഈണത്തിലാണ് പെരുന്നാൾ തുടങ്ങുന്നത്. നിസ്കാരം കഴിഞ്ഞ് വീട്ടിലേക്കോടി പായസം കുടിക്കും. പിന്നെ അടുത്തവീടുകളിലേക്കോടി അവിടെ നിന്നും പായസം. സത്യം പറഞ്ഞാൽ പായസം കുടിച്ച് മത്ത് പിടിച്ച് കിറുങ്ങിപ്പോകുന്ന അവസ്ഥയാണ്.

പെരുന്നാൾ നിസ്കാരവും ഖുത്തുബയും കഴിഞ്ഞ് എല്ലാവരും പരസ്പരം ആലിംഗനം ചെയ്യുന്നത് കണ്ട് ഞാനും റഫീഖും അപ്രകാരം ചെയ്തു. രണ്ട്പേരുടെയും കണ്ണും ചങ്കും കലങ്ങിയിട്ടണ്ടായിരുന്നുവെങ്കിലും പരസ്പരം ഒന്നും മിണ്ടിയില്ല.

ശ്രീകൃഷ്ണ വിലാസം ഹോട്ടലിലെ രണ്ട് സപ്ലയർമാർ മാത്രമാണ് ഞങ്ങൾ. പുതിയ വസ്ത്രമില്ല. ഭക്ഷണമില്ല. ഒരു മണിക്കൂർ ജോലിയിൽ നിന്ന് ഇളവ് വാങ്ങി പള്ളിയിൽ വന്നതാണ്. ബിരിയാണിയുടെ ഗന്ധമില്ലാത്തൊരു പെരുന്നാൾ. ഉറ്റവരുടെയും ഉടയവരുടെയും സ്നേഹവായ്പകളില്ലാത്ത ഒരു പെരുന്നാൾ. നാവിലൊരിഞ്ച് മധുരം വെക്കാനില്ലാത്ത പെരുന്നാൾ.

ഞങ്ങൾ പള്ളിയിൽ നിന്ന് പുറത്തേക്കിറങ്ങി. ചെരിപ്പിടാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്ന് ആരോ തോണ്ടി വിളിച്ചു. ഉള്ളു വല്ലാതെ കാളി. നാട്ടിലുള്ള ആരെങ്കമാണോ? ഞങ്ങളെ കണ്ടു പിടിച്ചുവോ? പുറത്തേക്ക് തെറിക്കും വണ്ണം തുടിക്കുന്ന ഹൃദയത്തോടെ ഞങ്ങൾ തിരിഞ്ഞുനോക്കി.

ഈദ് മുബാറക്.

കണ്ണിൽ സുറുമയും താടിയിൽ മൈലാഞ്ചിയുമിട്ട ഒരു മനുഷ്യൻ പുഞ്ചിരിയോടെ രണ്ട് ജിലേബി ഞങ്ങൾക്ക് നേരെ നീട്ടി. ഞങ്ങൾ പരസ്പരം നോക്കി. ഒന്നും പറയാതെ അതു വാങ്ങി കൈയിൽ വെച്ചു.

പള്ളിയിൽ നിന്ന് ഹോട്ടലിലേക്ക് ഒന്നര കിലോമീറ്റർ നടക്കാനുണ്ട്. ആ വഴി ദൂരമത്രയും പെരുന്നാൾ മധുരം ഞങ്ങൾ കൈയിൽ വെച്ചു. മുറിയിലെത്തി ഒരു ചെറിയ കടി ഞങ്ങൾ കടിച്ചു നോക്കി. ജിലേബിക്ക് വല്ലാത്ത കയ്പ്. അത് അതേ പോലെ ഞങ്ങൾ ജനാലയിലൂടെ പുറത്തേക്കെറിഞ്ഞു.

.

Show Full Article
TAGS:eid ramadan 
News Summary - eid
Next Story