ചളിയിൽ പൂണ്ട പെരുന്നാൾ രാവ്
text_fieldsഐസ്വാൾ-ചെംഫായ് റൂട്ടിലൊരിടം
2017 ലെ മൺസൂൺ കാലത്താണ് ഇന്ത്യയുടെ വടക്ക് കിഴക്കൻ ഭാഗത്തേക്ക് ഒരിക്കൽ കൂടി യാത്ര പോകുന്നത്. ആസാം, മിസോറാം, മേഘാലയ, നാഗാലാന്റ് പിന്നെ മ്യാന്മറിൽ ഒരു കയറിയിറക്കവും എന്നതായിരുന്നു പ്ലാൻ. ഒരു വ്യാഴാഴ്ച രാവിലെ 10 മണിക്ക് മിസോറാം തലസ്ഥാനമായ ഐസ്വോളിൽ നിന്ന് ഇരുന്നൂറോളം കിലോമീറ്റർ അകലെ ഇന്തോ മ്യാന്മറിർ അതിർത്തിയിലുള്ള ചംഫായിലേക്ക് യാത്ര തിരിച്ചു. അവിടെ നിന്ന് 30 കി. മീ അകലെയുള്ള Zokhawthar ലെ അതിർത്തി വഴി മ്യാന്മറിലൊന്ന് പോകണം എന്നതാണ് പ്ലാൻ. രണ്ട് ടാറ്റാ സുമോകളിലായി പച്ചപുതച്ച മലമടക്കുകൾക്കിടയിൽ മേഘക്കഷ്ണങ്ങൾ കുടുങ്ങി നിൽക്കുന്ന കാഴ്ച കണ്ടുള്ള യാത്ര സുന്ദരം തന്നെ. 75 കി.മീ യാത്ര ചെയ്തെത്തുന്ന Keifang വരെ റോഡുകൾ ചില്ലറ പൊട്ടലും പ്രശ്നങ്ങളുമൊക്കെയുണ്ടെങ്കിലും പൊതുവെ നല്ലതായിരുന്നു.
അവിടുന്നങ്ങോട്ട് Kawlkulh വരെ പല സ്ഥലത്തും റോഡ് ഇല്ലാതെ ചെളിക്കെട്ട് മാത്രമാണുള്ളത്. അതീവ വഴുക്കലുള്ള ഈ സ്ഥലങ്ങളിൽ ഡ്രൈവർ വൈദഗ്ധ്യത്തോടെ കടത്തിയെടുക്കുന്ന സമയത്ത് അറിയാതെ ഒരു പ്രാർഥനാ ഭാവം മനസ്സിൽ നിറയും. സന്ധ്യക്ക് ശേഷം മഴയും മഞ്ഞും വന്നതോടെ യാത്രയ്ക്കു മറ്റൊരു ഭാവം. ചെളിയും പാറക്കല്ലും നിറഞ്ഞ റോഡ്. റോഡിലേക്ക് മലമുകളിൽ നിന്ന് കുതിച്ചെത്തുന്ന വെള്ളം. റോഡിലേക്ക് നിരങ്ങി നിൽക്കുന്ന മരങ്ങളും ചരൽക്കൂമ്പാരവും. വശങ്ങളിൽ മിക്കയിടത്തും, ഇനിയുമെപ്പോഴും പൊട്ടിവീഴാമെന്ന വിധത്തിൽ നിൽക്കുന്ന കുതിർന്ന് നിൽക്കുന്ന മലകൾ...മൺസൂൺ കാലത്തെ മിസോറാം യാത്രയിൽ ഒരു സാഹസിക യാത്രയുടെ എല്ലാ അംശങ്ങളുമുണ്ട്. രാത്രി പത്തരയോെടെ Chemphai ലെത്തി. തലേന്ന് ആസാം - മിസോറാം ബോർഡറിൽ നിന്ന് കൈപറ്റിയിരുന്ന Inner Line Permit പോലീസ് ചെക്ക് പോസ്റ്റിൽ കാണിച്ച് അനുമതി വാങ്ങി. താമസം മിസോ ഗവ. ഉടമസ്ഥതയിലുള്ള Travellers Lodge ൽ .
രാവിലെ ചായക്കിറങ്ങിയത് മുതൽ പലപ്പോഴും ഭാഷ ഒരു പ്രശ്നമായി. കട നടത്തിപ്പുകാരായ സ്ത്രീകൾക്ക് ഇംഗ്ലീഷിൽ അറിയുന്നത് സംഖ്യ പറയാൻ മാത്രമാണ്. ഓംലറ്റ് പറഞ്ഞ് ഫലിപ്പിക്കാൻ മുട്ടയെടുത്ത് ശ് ശ് ശ് എന്ന് ഒച്ചയുണ്ടാക്കി കാണിച്ചു കൊടുക്കേണ്ടി വന്നു ഒരിടത്ത്. ഇത്തരം ചില 'ജബ ജബ ' അനുഭവങ്ങളുണ്ടായി യാത്രയ്ക്കിടയിൽ.
ഐസ്യാളിൽ നിന്ന് ചെംഫായിലേയ്ക്കുള്ളതിനേക്കാൾ സാഹസികമായിരുന്നു Zokhawthar ലേയ്ക്കുള്ള യാത്ര. ഇറങ്ങിയാൽ കണങ്കാൽ മൂടുന്ന ചെളിയും കല്ലും കുഴഞ്ഞ് കിടക്കുന്ന കയറ്റമിറക്കങ്ങളിൽ ഒരേ സമയം വശങ്ങളിലേക്ക് തെന്നിയും മുന്നിലേക്ക് നീങ്ങിയും ഗമിക്കുന്ന സുമോയ്ക്കുള്ളിലെ യാത്ര, വശങ്ങളിൽ അത്യഗാഥ ഗർത്തങ്ങൾ, ഇതിനിടയിൽ എതിർവശത്ത് നിന്ന് വരുന്ന വാഹനത്തിന് സൈഡ് കൊടുക്കൽ... രാവിലെ ഏഴരയ്ക്ക് തുടങ്ങി പത്തരയ്ക്ക് ബർമ അതിർത്തിയിൽ എത്തിയത് ഈ അനുഭവങ്ങളിലൂടെയാണ്. അതിർത്തിക്കിപ്പുറത്തെ ഇന്ത്യൻ ചെക് പോസ്റ്റിലും, രാജ്യാതിർത്തിയായ കലദൻ നദിയുടെ കുറുകെയുള്ള പാലം കടന്നെത്തുന്ന ബർമീസ് ചെക്ക് പോസ്റ്റിലും സന്ദർശക വിവരങ്ങളും തിരിച്ചറിയൽ കാർഡുകളും നൽകിയാൽ നമ്മൾക്ക് ബർമയിൽ പ്രവേശിക്കാം. പാസ്പോർട്ടും വിസയും വേണ്ട. ചിൻ സംസ്ഥാനത്തേക്കാണ് നമ്മൾ കടക്കുക. അതിർത്തി കടന്ന് നേരെ മൂന്ന് കി.മീ അകലെ Rih തടാകത്തിലേക്ക്. കുളിയും ഫോട്ടോയെടുപ്പുമായി മുക്കാൽ മണിക്കൂർ അവിടെ ചിലവഴിച്ച ശേഷം ഉച്ചഭക്ഷണം കഴിച്ച് ചെളിപ്പാതയിലൂടെ തിരിച്ച് Champhai ലേക്ക് മടങ്ങി. സാംസ്കാരികമായി ബർമീസ് ജനതയുമായാണ് മിസോകൾക്ക് ബന്ധമെന്ന് ഈ ഭാഗത്തെ ബർമക്കാരെ കണ്ടപ്പോൾ തോന്നി.
വൈകിട്ട് 4.30ന് ചെമ്പായിൽ നിന്ന് യാത്ര തിരിച്ചു. യാത്ര തുടരുന്നതിനിടെ പെട്ടെന്ന് വണ്ടി നിന്നു. മുമ്പിൽ വാഹനങ്ങളുടെ ക്യൂ. ഇറങ്ങി അന്വേഷിച്ച ഞങ്ങളുടെ ഡ്രൈവർ ലാന മുന്നിൽ ലോറി മണ്ണിൽ പൂണ്ട തിനാൽ റോഡ് ബ്ലോക്കായിരിക്കുകയാണെന്ന് അറിയിച്ചു. സമയം രാത്രി പത്തേമുക്കാൽ. ചെളി കുഴഞ്ഞു കിടക്കുന്ന റോഡ്, പെയ്ത് കൊണ്ടിരിക്കുന്ന മഴ, കുതിർന്ന് വീഴാൻ പാകത്തിൽ നിൽക്കുന്ന മലഞ്ചെരിവ്, മൊബൈൽ നെറ്റ് വർക്കുകൾക്കൊന്നിനും തരിമ്പും റേഞ്ച് ഇല്ലാത്ത സ്ഥലം.... അര മണിക്കൂർ ഇരുന്നിട്ടും വണ്ടികൾ അനങ്ങുന്നില്ലെന്ന് കണ്ട് കൂട്ടത്തിലുണ്ടായിരുന്ന അജ്മൽ കൊടിയത്തൂരും സക്കരിയയും വിവരമന്വേഷിച്ചു വരാമെന്ന് പറഞ്ഞു ചെളിപ്പാതയിലേക്കിറങ്ങി മുന്നോട്ട് നടന്നു. രാവിലെ എട്ടു മണിക്ക് ഐസ്വാളിൽ ഈദ് ഗാഹിനെത്താനാണ് പ്ലാൻ.
പുറപ്പെട്ട സമയമനുസരിച്ച് തന്നെ രാവിലെ അഞ്ചരയാവും തടസ്സമില്ലാതെ ഐസ്വാളിലെത്താൻ. ഒന്നൊന്നര മണിക്കൂർ കഴിഞ്ഞിട്ടും പോയവരെ കുറിച്ച് വിവരമില്ല. കുറച്ചകലെ നിന്ന് വണ്ടി മാറ്റാൻ നടക്കുന്ന ശ്രമങ്ങളുടെ ഐലസാ വിളികൾ ചെറുതായി കേൾക്കുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാവുന്നില്ല. എന്ത് ചെയ്യുമെന്നാലോചിച്ചിരിക്കെ, ഠീക് ഹോ ഗയാ എന്ന് ആരോ വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വണ്ടി മുന്നോട്ട് നീങ്ങിയെങ്കിലും അമ്പത് മീറ്റർ നീങ്ങിയ വണ്ടി വീണ്ടും നിന്നു. ഇപ്രാവശ്യം നിൽക്കുന്നത് മലയിടിച്ചിലിൽ കാൽ ഭാഗം തകർന്ന ഒരു ഓവുപാലത്തിൽ . മലമുകളിൽ നിന്ന് വെള്ളം വന്ന് വീണ് പാലത്തിനടിയിലൂടെ ഒഴുകിപ്പോകുന്ന ശബ്ദം സീനിന്റെ ഭീകരത വർധിപ്പിക്കുന്നതായാണ് ആ അർധരാത്രി തോന്നിയത്. ഉറപ്പിനെപ്പറ്റി ഉറപ്പില്ലാത്ത പാലത്തിൽ നിൽക്കുന്നതിന്റെ ഭീതി ഒരുഭാഗത്ത്; പോയ രണ്ട് പേരെ കുറിച്ച് ഒന്നുമറിയാത്തതിന്റെ ആധി മറുഭാഗത്ത്.
അവസാനം രണ്ടും കൽപ്പിച്ച് ബാക്കിയുള്ളവർ ചെളിപ്പാതയിലിറങ്ങി മുന്നോട്ട് നീങ്ങാൻ തുടങ്ങവെ നേരത്തെ പോയവർ " എല്ലാവരും പെട്ടെന്ന് ഇറങ്ങി മുന്നോട്ട് വന്ന് ചെളിയിൽ പൂണ്ട മുന്നിലുള്ള വണ്ടികൾ കടത്തിവിട്ടാൽ മാത്രമേ പോകാൻ കഴിയൂ. പൊലീസും മണ്ണുമാന്തി യന്ത്രവുമൊക്കെ രാവിലെ 10 മണിക്കേ എത്തുകയുള്ളൂ" എന്ന് വിളിച്ച് പറയുന്നത് കേട്ടു. ചെളിപ്പാതയിലെ ചെറിയൊരു കയറ്റം കയറിയപ്പോഴാണ് സംഭവത്തിന്റെ ശരിയായ ഭീകരത മനസ്സിലാകുന്നത്. കയറ്റം കയറി വരുന്ന വാഹനങ്ങൾ ആദ്യം ഒരു കുഴിയിൽ പുതഞ്ഞു പോകുന്നു. അവിടെ നിന്ന് രക്ഷിച്ച് പകുതി ബാക്കിയുള്ള പാലത്തിൽ നിന്നിറങ്ങിയാൽ രണ്ടോ മൂന്നോ സ്ഥലത്ത് ലോഡിനനുസരിച്ച് വണ്ടികൾ ചെളിയിലാണ്ടു പോകുന്നു. കുഴികൾ കല്ലിട്ട് നികത്തിയും ഉന്തിക്കൊടുത്തും കയറിട്ട് വലിച്ചും ചെരിഞ്ഞ് പോയവ ഉയർത്തിവെച്ചും ലോഡു വണ്ടികളും സുമോകളും ഇപ്രകാരം കടത്തിവിടുകയായിരുന്നു നേരത്തെ പോയവരും കുറച്ച് മിസോ യുവാക്കളും. ഈ ചെളിക്കുഴികൾ സാഹസികമായി താണ്ടി മുമ്പെ കടന്ന് പോയ വാഹ്നങ്ങളിലെ ഡ്രൈവർമാരാണ് ഈ യുവാക്കൾ.
തങ്ങളുടെ വാഹനങ്ങൾ കുഴികളിൽ നിന്ന് രക്ഷപ്പെട്ട ശേഷം സ്വന്തം വണ്ടിയുമെടുത്തോടാതെ കുറച്ച് മുമ്പിൽ പോയി പാർക്ക് ചെയ്ത് മറ്റുള്ളവരെ കൂടി ദുരിതക്കുഴികൾ താണ്ടാൻ സഹായിക്കാനായി വീണ്ടും ഒന്ന് രണ്ട് മണിക്കൂർ ചെളിയിൽ പുതയാൻ സന്നദ്ധത കാണിക്കുകയാണവർ. കുറെ നേരത്തെ അധ്വാനത്തിന് ശേഷം ആ നല്ല മനുഷ്യർ പോയി. ബാക്കിയുള്ള വണ്ടികൾ നീക്കുന്ന നേതൃത്വം സക്കരിയ്യയും അജ്മലും നദീറും കൂട്ടുകാരും തലയിലേറ്റി. കൂടെ സമയാസമയങ്ങളിലുണ്ടായിരുന്ന മിസോ ഡ്രൈവർമാരും. പിന്നെ കണ്ടത് ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരും വളന്റിയർമാരരായി മാറുന്നതാണ്. ഓരോ വണ്ടി കടന്നു പോകുമ്പോഴുമുണ്ടാകുന്ന കുഴികൾ അടുത്ത വാഹനം കടന്ന് പോകുന്നതിനായി കല്ലുകളിട്ട് തൂർത്തും, ടയറിനെ ചുറ്റിയ മണ്ണ് മറ്റൊന്നും കിട്ടാത്തതിനാൽ കോലുകൾ കൊണ്ട് കുത്തി മാറ്റിയും, എന്നിട്ടും നീങ്ങാത്തവയെ പിറകിലുന്തിയും മുന്നിൽ നിന്നു് കയറിട്ട് വലിച്ചും ഓരോ നിമിഷവും എല്ലാവരും അധ്വാനിച്ചു.
എല്ലാവരുടെയും ശരീരത്തിൽ മണ്ണിൽ പൂണ്ട വാഹനങ്ങളുടെ ചക്രങ്ങളുടെ ചീറലിൽ ചിതറിയ ചെളിയുടെ മഞ്ഞ വർണങ്ങൾ. മണിക്കൂറുകളോരോന്നായി കടന്നു പോകെ, ഐസോളിലെ ഈദ് ഗാഹ് ആഗ്രഹം ഞങ്ങളുപേക്ഷിച്ചു. പണി കഴിയുന്നത് വരെ മഴ പെയ്യാതിരിക്കട്ടെ എന്നത് മാത്രമായി മാറിയിരുന്നു ഞങ്ങളുടെ പ്രാർഥന. പക്ഷെ, ഏറെ നേരത്തെ അധ്വാനത്തിന് ശേഷം ഓരോ ലോറിയും ടാറ്റാ സുമോയും ചെളിക്കുണ്ടുകൾ കടന്ന് അപ്പുറം കടന്ന് പോകുമ്പോൾ ഞങ്ങളനുഭവിച്ച സന്തോഷം മറ്റെന്തിലും വലുതായിരുന്നു.
അങ്ങനെ ആറേഴ് ലോഡ് വണ്ടികളും ഞങ്ങളുടെ രണ്ട് സുമോകളും ചെളിക്കുഴികൾ താണ്ടി ഇപ്പുറമെത്തിയപ്പോൾ സമയം രാവിലെ അഞ്ചര മണി. അപ്പോൾ അടുത്ത പ്രശ്നം. എതിർദിശയിൽ നിന്ന് അപ്പോഴേക്ക് വണ്ടികൾ വന്ന് നിർത്തിയതിനാൽ ഞങ്ങളുടെ വണ്ടികൾക്ക് മുന്നോട്ട് പോകാൻ ചളിപുതഞ്ഞ് നിൽക്കുന്ന നേർത്ത വക്കിൽ ഒരൽപം സ്ഥലം മാത്രം. ഒരിഞ്ച് തെറ്റിയാൽ അഗാധ ഗർത്തം. ഞങ്ങളുടെ ഡ്രൈവർ ചെളിയിൽ ചവിട്ടി നോക്കി പ്രയാസമെന്ന് തലയാട്ടി. പിന്നെ മദ്യലഹരിയിലായിരുന്നു ഡ്രൈവറുടെ പെർഫോമൻസ്. വണ്ടിയതാ ചെളി തെറിപ്പിച്ച് ഇപ്പുറം വന്ന് നിൽക്കുന്നു. ഇപ്രകാരം രണ്ടാമത്തെതും.... വഴിയിലൊരൽപം കിടന്നുറങ്ങിയും, അഗാധഗർത്തങ്ങളിലൊന്നിന്റെ മുമ്പിൽ വണ്ടി മുഖാമുഖം നിന്നും ഞങ്ങളുടെ യാത്ര ഉച്ചക്ക് ഒരു മണിക്ക് ഐസ്വോളിലെത്തി... മറക്കില്ലൊരിക്കലും ആ പെരുന്നാൾ രാവ്. മറക്കില്ലൊരിക്കലും ചെംഫായിൽ നിന്നുള്ള മടക്ക വരവ്.


