Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightEIDchevron_rightമേരീ ബേട്ടീ കി തരഹ്

മേരീ ബേട്ടീ കി തരഹ്

text_fields
bookmark_border
മേരീ ബേട്ടീ കി തരഹ്
cancel

സമയം പുലർച്ചെ നാലു മണി.ജാമിഅ നഗർ ഉണർന്നതെ ഉള്ളു. വെള്ള കാറുകൾ റോഡിന്റെ ഇരുവശങ്ങളിലായി വന്ന് നിർത്തുന്നു. അതിൽ സീറ്റുറപ്പിച്ച് ഓരോരുത്തരും സംഘം സംഘമായി പുറപ്പെടുന്നത് തങ്ങളുടെ ചെറിയ പെരുന്നാളിന് അല്പം മോഡി കൂട്ടാനാണ്. മുഹമ്മദ് അലി ജൗഹർ മാർഗും കടന്ന് പുരാനാ ദില്ലിയുടെ അരികു ചേർന്ന് കിടക്കുന്ന, ഇന്ത്യയിലെ ഏറ്റവും വലിയ മസ്ജിദ്; ജമാ മസ്ജിദിലേക്ക് നിസ്കാരത്തിനും ഒരു പുത്തൻ പെരുന്നാളനുഭവത്തിനുമായി തിരക്കേറിയ ഇടവഴികളിലൂടെ നടന്നു ലക്ഷ്യസ്ഥാനത്തെത്തി.

ഡൽഹി സർവകലാശാലയിലെ സുഹൃത്തുക്കൾ ഉൾപ്പെടെ പല സൗഹൃദങ്ങളും പുതുക്കാനുള്ള ഒരിടം കൂടിയാണ് പെരുന്നാൾ ദിനത്തിൽ ജമാ മസ്ജിദ്. ഒരുപാട് കുഞ്ഞുമക്കളും പ്രായമായവരുമുൾപ്പെടെ വലിയൊരു ജനസാഗരമായിരിക്കും അന്ന് മസ്ജിദിൽ. നമസ്കാരം കഴിഞ്ഞ് ഉർദു ബസാറിന്റെ ഓരം ചേർന്ന് തിരിച്ച് നടക്കവേ ചായ കുടിച്ച് പെരുന്നാളിനൊരു മധുരം ഏറെ ചേർക്കും.

പിന്നെ നേരെ ജാമിഅയിലേക്ക്, എട്ടാം നമ്പർ ഗേറ്റും കടന്ന് എസ്.ആർ. കെ ലോണിൽ പുതു വസ്ത്രവുമണിഞ്ഞ് എല്ലാ സ്മൃതിക്കാരും അണിനിരന്നിട്ടുണ്ടാവും. പിന്നെ പായസവും പാട്ടും ഫോട്ടോയെടുപ്പും എല്ലാമായി ഒരൊന്നൊന്നൊര ബഹളം. ഉച്ചയാവുമ്പോ തിരിച്ച് റൂമിലെത്തും. അപ്പോഴേക്കും പകുതി ക്ഷീണിതരായിണ്ടാവും.

രാത്രി ഒരുപോള കണ്ണടച്ചിട്ടില്ലെന്ന് പറയാം. വീട്ടിലെ പോലെ എല്ലാം ഉമ്മയും ഉപ്പയും ചെയ്തുതരുമെന്ന് കരുതി ഇരിക്കാൻ പറ്റില്ലല്ലോ. തലേ ദിവസം തന്നെ ബിരിയാണിക്കായുള്ള ഒരുക്കങ്ങളെല്ലാം ചെയ്തുവെച്ചിട്ടുണ്ട്. ജാമിഅക്കാരുടെ പെരുന്നാളാഘോഷം തലേന്ന് രാത്രിക്കേ തുടങ്ങും. ‘സ്മൃതി’യുടെ (മലയാളി അസോസിയേഷൻ) മൈലാഞ്ചി മത്സരത്തോടെ ആരംഭിച്ച് മുട്ടിപ്പാട്ടും ഒപ്പനയും കിസ്സ പറച്ചിലുമായി ആ രാത്രി മനോഹരമാക്കും.

തലേ ദിവസമാണ് പലരും ഷോപ്പിങ്ങിനു ഇറങ്ങാറ്. കൂട്ടിവെച്ച പൈസയെല്ലാം ചേർത്ത് പുതുവസ്ത്രമെടുക്കാനോടുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാവും. തിക്കിലും തിരക്കിലും ആകെ മുഷിയുമെങ്കിലും ബട്‍ലയ്ക്ക് അന്നൊരു പ്രത്യേക ഭംഗിയാണ്. പെരുന്നാൾ തലേന്ന് കുപ്പിവളക്ക് 50 രൂപ കുറക്കാൻ അടികൂടിയതിൽ അടുത്ത് നിന്ന ഭയ്യ അതെന്റെ വക, ‘മേരീ ബേട്ടീ കി തരഹ്’, എന്നും പറഞ്ഞ് വള കൈയിലേക്ക് വെച്ചുതന്നതുൾപ്പെടെ ബട്‍ലയ്ക്ക് മൊഞ്ച് കൂട്ടുന്ന കഥകളൊരുപാടുണ്ട്.

തയാറാക്കിയ ഭക്ഷണവും കഴിച്ച് അൽപം വിശ്രമിക്കാതെ വയ്യ. മഗ്‌രിബ് കഴിഞ്ഞാൽ പിന്നെ വീണ്ടും ഓണാവും. നാട്ടിൽ വീടുകൾ കയറിയിറങ്ങുന്നതുപോലെ ഞങ്ങളിവിടെ മുറികൾ കയറിയിറങ്ങും. ഒരു കട്ടനോ ബാക്കിയുള്ള പായസമോ ആയി ഓരോ മുറികളും സ്നേഹത്തോടെ വരവേൽക്കും. ഇവിടെ കുടുംബത്തോടെ താമസിക്കുന്ന വീടുകൾ ലിസ്റ്റിൽ നിന്നും വിട്ടുപോവാതിരിക്കാൻ പ്രത്യേക ശ്രദ്ധയുണ്ടാവും. അതാവുമ്പോൾ സ്പെഷലായി എന്തെങ്കിലും കിട്ടാതിരിക്കില്ല.

പെരുന്നാൾ പൊലിവ് അവസാനിക്കുക മിക്കവാറും ബട്‍ലയിലാണ്. പൊട്ടിപ്പൊളിഞ്ഞ, രണ്ടാൾക്ക് വിസ്തരിച്ച് നടക്കാൻ കഴിയാത്ത വഴികളിൽ പോലും ഒട്ടക സവാരി നടത്തുന്നത് അത്ഭുതപ്പെടുത്തുന്ന ദൃശ്യം തന്നെയാണ്. നാട്ടിലെ ചന്തകളിലും ഉത്സവങ്ങളിലും കാണുന്ന പോലെ ഊഞ്ഞാലും മറ്റും ആ പൊളിഞ്ഞ റോഡിനു കുറുകെ നിരത്തിവെച്ചിട്ടുണ്ടാവും. കുട്ടികളുടെ മാത്രമല്ല, മുതിർന്നവരുടെയും ആഘോഷനിമിഷങ്ങളാണത്.

ചേർത്തുനിർത്തലിന്റേതു കൂടിയാണ് ഡൽഹിക്കാർക്ക് ഓരോ പെരുന്നാളും. ആഘോഷങ്ങൾക്കിടയിൽ പ്രയാസപ്പെടുന്നവരെ ആരുമറിയാതെ സഹായിക്കാൻ മനസു കാണിക്കുന്ന കുറേ നല്ല മനുഷ്യരുടെ സ്നേഹം കൂടി ചേരുമ്പോഴാണ് ഡൽഹിയിലെ മലയാളി വിദ്യാർഥികളുടെ പെരുന്നാൾ പൂർണമാവുന്നത്.

Show Full Article
TAGS:iftar Eid Al Fitr 
News Summary - iftar
Next Story