വിജയപ്പെരുന്നാളുകാർ...
text_fieldsതക്ബീറിന്റെ മധുര മന്ത്രണങ്ങൾ
പെരുന്നാൾ പൊലിവിന്റെ തുടക്കം പള്ളിയിൽ നിന്നുയരുന്ന തക്ബീറിന്റെ മധുരമുള്ള ശീലുകളാണ്. എത്ര തിരക്കുണ്ടെങ്കിലും കുട്ടികൾക്കൊപ്പമിരുന്ന് തക്ബീർ ചൊല്ലാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട്. അന്തരീക്ഷത്തിൽ തക്ബീർ മുഖരിതമാകുന്നതോടെ ചൂടേറിയ പെരുന്നാൾ ഒരുക്കങ്ങൾക്കും തുടക്കമാവും.
മൈലാഞ്ചി മൊഞ്ച്
പെരുന്നാൾ എന്ന് പറയുമ്പോൾതന്നെ മനസ്സിലെത്തുന്നത് മൈലാഞ്ചിച്ചോപ്പിന്റെ നിറമുള്ള ഓർമകളാണ്. ഭാര്യയും പെങ്ങന്മാരുമെല്ലാം മൈലാഞ്ചിച്ചെടിയുള്ള അയൽ വീടുകളിലേക്ക് ചെറിയ കുട്ടികളെ പറഞ്ഞയക്കും. ഓണത്തിന് പൂക്കൾ തേടി പോകുന്നതുപോലെ പെരുന്നാളിന് മൈലാഞ്ചി തേടി പോകുന്നത് പതിവ് കാഴ്ചയായിരുന്നു. കൊണ്ടുവരുന്ന മൈലാഞ്ചി കമ്പ് അരച്ച് കൈയിൽ തേച്ചിരിക്കുന്നത് പെരുന്നാളിന്റെ കൗതുകങ്ങളായിരുന്നു. മൈലാഞ്ചിയണിഞ്ഞ കൈകൾക്ക് ഒരു പ്രത്യേകതരം മണമുണ്ടാകുംണ്ട്.
പെരുന്നാളിറച്ചിയുടെ സ്വാദ്
എന്റെ ചെറുപ്പകാലത്ത് ഇറച്ചി വാങ്ങുക എന്നത് അപൂർവമാണ്. ഗ്രാമപ്രദേശങ്ങളിൽ പെരുന്നാളിന് മാത്രമേ അറവ് പോലും ഉണ്ടാവുകയുള്ളൂ. അതുകൊണ്ടുതന്നെ വേണ്ടുവോളം ഇറച്ചി കഴിക്കാനുള്ള അവസരം കൂടിയായിരുന്നു ഓരോ പെരുന്നാളും. അതിലപ്പുറം പെരുന്നാളിന് ഇറച്ചി വാങ്ങാനുള്ള പോകലും ഭക്ഷണം തയാറാക്കുന്നതുമെല്ലാം പെരുന്നാളൊരുക്കങ്ങളിൽപെട്ടതായിരുന്നു. ഇന്ന് എല്ലാ വീട്ടിലും എല്ലാദിവസവും മാംസ, മത്സ്യാദികൾ കൊണ്ട് സമൃദ്ധമാണെങ്കിലും അന്നത്തെ പെരുന്നാളിറച്ചിയുടെ സ്വാദ് ഇന്നും മനസ്സിലുണ്ട്.
പെരുന്നാൾ കുപ്പായത്തിന്റെ പുതുമോടി
ഞങ്ങളുടെയെല്ലാം തലമുറയുടെ ചെറുപ്പകാലത്ത് ഒരു നല്ല വസ്ത്രമെന്ന് പറയുന്നത് വലിയ കാര്യമായിരുന്നു. ഓരോ പെരുന്നാളിനും കിട്ടുന്ന പെരുന്നാൾ കോടി വരുന്ന ഒരു കൊല്ലത്തിനുള്ള പുത്തനുടുപ്പാണ്. ഇന്ന് വസ്ത്രങ്ങൾക്കും മോഡലുകൾക്കും കുറവില്ലാത്തതിനാൽ വസ്ത്രത്തോടുള്ള കൗതുകം നമ്മളിൽ കുറഞ്ഞിട്ടുണ്ട്.
സ്നേഹ സന്ദർശനങ്ങൾ
പെരുന്നാൾ നമസ്കാരം കഴിഞ്ഞാലുള്ള കുടുംബവീട് സന്ദർശനം തന്നെയാണ് പെരുന്നാളിന്റെ മറ്റൊരു പൊലിവ്. അതിഥികൾക്ക് തയാറാക്കുന്ന ഭക്ഷണത്തിലും പായസത്തിലുമെല്ലാം പങ്കുവെക്കുന്നത് ഒരു കൂട്ടം സ്നേഹപ്പൊതികൾ കൂടിയാണ്.
പെരുന്നാൾ നാട്ടിൽ തന്നെ
ഇത്തവണയും പെരുന്നാൾ നാട്ടിൽ തന്നെയാണ്. ആദ്യ പാർലമെന്റ് 18ന് ചേരും എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് 24ാം തീയതിയിലേക്ക് മാറ്റിയതോടെ ഇത്തവണയും പെരുന്നാളിന് നാട്ടിൽ തന്നെയുണ്ടാവും. കഴിഞ്ഞ 15 വർഷത്തോളമായി പെരുന്നാൾ നമസ്കാരത്തിനു ശേഷം എന്റെ മഹല്ല് പള്ളിയിൽ ഞാൻ പെരുന്നാൾ സന്ദേശം നൽകാറുണ്ട്. കഴിഞ്ഞ ചെറിയ പെരുന്നാളിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉണ്ടായതിനാൽ സംസാരിക്കാൻ കഴിഞ്ഞില്ല. നാട്ടുകാർ തന്ന വലിയ വിജയത്തിന്റെ സന്തോഷം പങ്കിട്ട് ഇത്തവണയും മപ്രം ജുമുഅത്ത് പള്ളിയിൽ സംസാരിക്കണമെന്നാണ് കരുതുന്നത്.
-തയാറാക്കിയത് യാസീൻ റഷീദ്