ദുഃഖ വെള്ളി
text_fields2000 വർഷങ്ങൾക്കു മുമ്പ് കാൽവരിയിൽ ഉയർത്തപ്പെട്ട ആ കുരിശാണ് എല്ലാ തലമുറകളിലും ലോകത്തെ കൂടുതൽ ചിന്തിപ്പിച്ച ചോദ്യം. നിന്ദ്യവും നീചവുമായിരുന്ന കുരിശ്, ക്രിസ്തുവിന്റെ പരമയാഗത്താൽ വന്ദ്യവും ദിവ്യവുമായി മാറിയ ദിനമാണ് ദുഃഖവെള്ളി. യേശു ഒരു യഹൂദനായിരുന്നു. അവന്റെ വസ്ത്രങ്ങളെല്ലാം നീക്കി അർധനഗ്നനായാണ് അവനെ കുരിശിൽ തറച്ചത്.
യേശുവും അവന്റെ കുരിശും സാർവത്രികമായതുപോലെ ആ കുരിശിൽനിന്നുള്ള സന്ദേശവും സാർവത്രികമായി. സ്വർഗരാജ്യം മനുഷ്യനിലേക്ക് അവൻ കൊണ്ടുവന്നു. മനുഷ്യ ജീവിതത്തിന്റെ ക്ഷണികതയും നിത്യജീവന്റെ അനന്തസാധ്യതകളും അവൻ ലോകത്തെ പഠിപ്പിച്ചു. സ്നേഹിക്കാനും ക്ഷമിക്കാനും നമ്മെ നിരന്തരം ഓർമപ്പെടുത്തുന്ന യാഥാർഥ്യമാണ് കാൽവരി കുരിശ്.
കുരിശിൽ വെച്ച് അവൻ ഏഴ് വചനങ്ങൾ പറഞ്ഞു
1 “പിതാവേ ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയാത്തതുകൊണ്ട്, ഇവരോട് ക്ഷമിക്കേണമേ”. ഇത് കുരിശിൽ ഉയർന്ന ആദ്യ പ്രാർഥനയാണ്. അവനെ കുരിശിന്മേൽ ബന്ധിപ്പിച്ച് കൈകാലുകളിൽ ഇരുമ്പാണികൾ അടിച്ചുകയറ്റിയ അതിവേദനയുടെ നാഴികയിൽ അവൻ ഉരുവിട്ട പ്രാർഥനയാണിത്.
2 “ഇന്ന് നീ എന്നോട് കൂടെ ഇരിക്കും”. രണ്ടു കള്ളന്മാരുടെ നടുവിൽ ഒരു കുറ്റവാളിയെ പോലെയാണ് യേശുവിനെ അവർ ക്രൂശിച്ചത്. അതിൽ ഒരുവൻ യേശുവിനെ അധിക്ഷേപിച്ചപ്പോൾ മറ്റവൻ അവനെ ശകാരിക്കുകയും യേശുവിനോട്, “യേശുവേ, നീ രജത്വം പ്രാപിക്കുമ്പോൾ എന്നെയും ഓർത്തു കൊള്ളേണമേ” എന്ന് പ്രാർഥിക്കുകയും ചെയ്തു. അവനോട് യേശു പറഞ്ഞ വചനമാണിത്.
3 കുരിശിന്റെ ചുവട്ടിൽ നിന്നിരുന്ന തന്റെ പ്രിയ മാതാവിനെയും പ്രിയ ശിഷ്യനെയും നോക്കി പറഞ്ഞു. “സ്ത്രീയെ ഇതാ നിന്റെ മകൻ”. പിറന്ന യോഹന്നാനോട് “ഇതാ നിന്റെ മാതാവ്” എന്ന് പറഞ്ഞു. ഭൂമിയിൽ നിന്ന് യാത്രയാകുമ്പോൾ ആകെ സ്വന്തമായി ബാക്കിയുണ്ടായിരുന്ന അമ്മയെ പ്രിയ ശിഷ്യൻ മാതാവായി ഭരണമേൽപ്പിച്ചു. പരിശുദ്ധ സഭ ഇന്ന് അവന്റെ അമ്മയെ മാതാവായി ആദരിക്കുന്നു.
4 ഒമ്പതാം മണി നേരം “എന്റെ ദൈവമേ എന്റെ ദൈവമേ നീ എന്നെ കൈവിട്ടതെന്ത്” എന്ന് ഉച്ചത്തിൽ നിലവിളിച്ചു. ലോകത്തിന്റെ മുഴുവൻ പാപഭാരം തന്റെ തോളിലേക്ക് ഏറ്റ നിമിഷം അന്ധകാരശക്തിയുടെ മുന്നിൽ യേശുവിലെ മനുഷ്യത്വം നേരിട്ട വേദനയാണ്.
5 സകലവും നിവൃത്തിയായിരിക്കുന്നു എന്ന് അറിഞ്ഞിട്ടും തിരുവെഴുത്തുകൾ പൂർത്തിയാക്കാനായി അവൻ പറഞ്ഞു “എനിക്ക് ദാഹിക്കുന്നു”. നീതിക്കും സ്നേഹത്തിനുംവേണ്ടി ഉറച്ച ദൈവിക ഭാഗം എന്ന് നാം തിരിച്ചറിയും.
6 “സകലവും നിവൃത്തിയായി”. നൂറ്റാണ്ടുകളായി പറയപ്പെട്ട എല്ലാ പ്രവചനങ്ങളും തന്നിൽ നിവൃത്തിതമായി എന്ന് അവൻ ഉറപ്പിച്ചു.
7 “പിതാവേ എന്റെ ആത്മാവിനെ കരങ്ങളിൽ ഏൽപ്പിക്കുന്നു”. പരാജിതനായിട്ടല്ല, വിജയിയായി അവൻ തന്റെ മനുഷ്യാവതാര കാലം പൂർത്തിയാക്കി.
കാൽവരി മനുഷ്യന് നൽകുന്ന പ്രത്യാശയും പ്രതീക്ഷയും ഇതുതന്നെ. സകല അവഗണനകൾക്കും മുന്നിലാണ് ദൈവസ്നേഹം വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നത്. അവനിലേക്ക് നോക്കിയവർ പ്രകാശിതരായി, അവരുടെ മുഖം ലജ്ജിച്ചു പോയതുമില്ല.