കാത്തിരിപ്പ് പട്ടികയിലെ 300 പേര്‍ക്കുകൂടി ഹജ്ജിന് അവസരം
text_fieldsകൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് കാത്തിരിപ്പുപട്ടികയിലെ 300 പേര്‍ക്കുകൂടി അവസരം ലഭിച്ചു.
നറുക്കെടുപ്പിലൂടെ കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെട്ട അണ്ടര്‍ടേക്കിങ് സമര്‍പ്പണം പൂര്‍ത്തിയാക്കിയവര്‍ക്കാണ് അവസരം നല്‍കിയതെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ അറിയിച്ചു. കാത്തിരിപ്പുപട്ടികയിലെ ക്രമനമ്പര്‍ 2825 വരെയുള്ള അപേക്ഷകര്‍ക്കാണ് ഇതനുസരിച്ച് ഹജ്ജ് നിർവഹിക്കാനാകുക.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏപ്രില്‍ 11നകം അപേക്ഷയില്‍ നല്കിയ പുറപ്പെടല്‍ കേന്ദ്രം അടിസ്ഥാനമാക്കിയുള്ള മുഴുവന്‍ തുകയും അടക്കണം. കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റ് പരിശോധിച്ചാല്‍ തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.
ഓരോ കവര്‍ നമ്പറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അല്ലെങ്കില്‍ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ഏതെങ്കിലും ബ്രാഞ്ചിലോ ഓണ്‍ലൈനായോ പണമടക്കാവുന്നതാണ്.
പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ അപേക്ഷകനും നോമിനിയും ഒപ്പിട്ട ഹജ്ജ് അപേക്ഷ ഫോമും അനുബന്ധ രേഖകളും ഒറിജിനല്‍ പാസ്പോര്‍ട്ട്, പണമടച്ച പേ-ഇന്‍ സ്ലിപ്പ്, നിശ്ചിത മാതൃകയിലുള്ള ഫോട്ടോ പതിച്ച മെഡിക്കല്‍ സ്ക്രീനിങ് ആന്‍ഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഏപ്രില്‍ 14നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ജില്ല ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ മണ്ഡലം ട്രെയിനിങ് ഓര്‍ഗനൈസര്‍മാരുമായോ ബന്ധപ്പെടണം.
ഫോണ്‍: 0483-2710717. വെബ്സൈറ്റ്: https://hajcommittee.gov.in