സ്വകാര്യ ഗ്രൂപ്പുകളിലെ ബുക്കിങ് ഉടൻ പൂർത്തിയാക്കണം -ഹജ്ജ്, ഉംറ ഗ്രൂപ് അസോ.
text_fieldsമലപ്പുറം: സ്വകാര്യ ഗ്രൂപ്പുകൾക്കു കീഴിൽ അടുത്തവർഷം ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നവർ ബുക്കിങ് നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണമെന്ന് ഇന്ത്യൻ ഹജ്ജ് ഉംറ ഗ്രൂപ് അസോസിയേഷൻ എക്സിക്യൂട്ടിവ് യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം 80 ശതമാനത്തോളം പേർക്ക് യാത്ര മുടങ്ങിയ സാഹചര്യത്തിൽ കേന്ദ്ര ഹജ്ജ് മന്ത്രാലയം എല്ലാ നടപടിക്രമങ്ങളും നേരത്തേയാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽനിന്ന് വ്യത്യസ്തമായി സൗദി ഹജ്ജ് മന്ത്രാലയം മെഡിക്കൽ ഫിറ്റ്നസുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളടങ്ങിയ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്.
സ്വകാര്യ ഗ്രൂപ്പുകളിൽ കഴിഞ്ഞവർഷം ഹജ്ജ് മുടങ്ങിയ 80 പേർക്ക് ഈ വർഷം ഹജ്ജ് മന്ത്രാലയം സീറ്റുകൾ ഉറപ്പുവരുത്തിയിരുന്നു. ശേഷിക്കുന്ന 20 ശതമാനത്തിലേക്കാണ് ഹജ്ജ് ഗ്രൂപ്പുകൾ ബുക്കിങ് സ്വീകരിക്കുന്നത്. ലൈസൻസ് ലഭിച്ച ഹജ്ജ് ഗ്രൂപ്പുകളുടെ പട്ടിക കേന്ദ്ര ഹജ്ജ് മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുക്കിങ് നടത്തുന്നവർ അംഗീകൃത ഹജ്ജ് ലൈസൻസുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് വേങ്ങര സ്വാഗതം പറഞ്ഞു.


