മൂന്ന് വർഷത്തെ സേവനങ്ങൾക്ക് ശേഷം കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ മടങ്ങുന്നു
text_fieldsകോൺസുൽ മുഹമ്മദ് അബ്ദുൽ ജലീൽ
ജിദ്ദ: മൂന്ന് വർഷത്തെ സേവന പ്രവർത്തനങ്ങൾക്കൊടുവിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ ഹജ്ജ് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീൽ ഇന്ത്യയിലേക്ക് മടങ്ങുന്നു. 2022 ജൂൺ മാസത്തിലാണ് മുഹമ്മദ് അബ്ദുൽ ജലീൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസലായി ചുമതലയേറ്റത്. ആദ്യ എട്ട് മാസങ്ങളിൽ കമ്മ്യൂണിറ്റി വെൽഫയർ, പ്രസ് ഇൻഫർമേഷൻ ആൻഡ് കൾച്ചർ, കൊമേഴ്‌സ് എന്നീ വിഭാഗങ്ങളുടെ കോൺസുൽ ആയി സേവനം അനുഷ്ഠിച്ച ശേഷമാണ് ഹജ്ജ് കോൺസുൽ ആയി നിയമിതനായത്.
ഇന്ത്യൻ ഹജ്ജ് തീർത്ഥാടകരുടെ കാര്യങ്ങൾക്കായുള്ള പ്രധാന ചുമതല അദ്ദേഹത്തിനായിരുന്നു. തീര്‍ഥാടകരുടെ യാത്ര, താമസം, ഹജ്ജ് നിര്‍വഹണം, തിരിച്ചുപോക്ക് തുടങ്ങി ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട വിവിധ ക്രമീകരണങ്ങൾ, ഇന്ത്യൻ ഹാജിമാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കൽ, സൗദി അധികൃതരുമായുള്ള ഏകോപനം തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ. ഹജ്ജ് സേവനത്തിനുള്ള മികച്ച പ്രകടനത്തിന് ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ സമ്മേളനത്തിൽ സൗദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ മശാത്ത് കോൺസുൽ മുഹമ്മദ് അബ്ദുൽ ജലീനെ അനുമോദിച്ചിരുന്നു.
ജിദ്ദയിൽ നടന്ന ഹജ്ജ്, ഉംറ സമ്മേളനത്തിൽ ഹജ്ജ് സേവനത്തിനുള്ള മികച്ച പ്രകടനത്തിന് സൗദി ഹജ്ജ്, ഉംറ സഹമന്ത്രി ഡോ. അബ്ദുൽഫത്താഹ് ബിൻ സുലൈമാൻ മശാത്ത് കോൺസൽ മുഹമ്മദ് അബ്ദുൽ ജലീനെ അനുമോദിക്കുന്നു
ജിദ്ദയിൽ ചുമതലയേറ്റ ശേഷം ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളിലും പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. വിവിധ സാംസ്കാരിക പരിപാടികൾ, വിദ്യാർത്ഥികൾക്കായുള്ള ശില്പശാലകൾ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഒരാഴ്ചക്കുള്ളിൽ അദ്ദേഹം ജിദ്ദയിൽ നിന്നും ഡല്‍ഹി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലേക്ക് മടങ്ങും.
കണ്ണൂർ ജില്ലയിലെ പരിയാരം സ്വദേശിയാണ് മുഹമ്മദ് അബ്ദുൽ ജലീൽ. പഴയങ്ങാടി വാദിഹുദ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻ.ഐ.ടി) നിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. 2018-ൽ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 434-ാം റാങ്കോടെ വിജയിച്ചു. ഇതിനെത്തുടർന്ന് 2019-ലെ ബാച്ചിൽ ഇന്ത്യൻ ഫോറിൻ സർവീസിൽ (ഐ.എഫ്.എസ്) പ്രവേശനം നേടി. എ.എം അബ്ദുൽ ജലീൽ ആണ് പിതാവ്, എസ്.കെ.പി ഫാത്തിമ മാതാവുമാണ്. ഐ.ഐ.എം അഹമ്മദാബാദിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള, കോഴിക്കോട് എന്‍.ഐ.ടിയിലെ പൂര്‍വ വിദ്യാർത്ഥിനിയുമായ എറണാകുളം സ്വദേശി ബിസ്മിത സുല്‍ത്താനയാണ് ഭാര്യ.


