ഹജ്ജ് രജിസ്ട്രേഷൻ നാളെ മുതൽ
text_fieldsമസ്കത്ത്: ഈ വർഷത്തെ ഹജ്ജ് രജിസ്ട്രേഷൻ നടപടികൾ ചൊവ്വാഴ്ച മുതൽ തുടക്കങ്ങുമെന്ന് എൻഡോവ്മെന്റ്സ് ആൻഡ് മതകാര്യ മന്ത്രാലയം അറിയിച്ചു. 18 വയസ്സിന് മുകളിലുള്ള ഒമാൻ പൗരന്മാർക്കും താമസക്കാർക്കും ഒക്ടോബർ എട്ടുവരെ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്യാം. അപേക്ഷകർക്ക് www.hajj.om എന്ന ഔദ്യോഗിക പോർട്ടലിലൂടെ ഇലക്ട്രോണിക് ഓതന്റിക്കേഷൻ സിസ്റ്റവുമായി (പി.കെ.ഐ) ലിങ്ക് ചെയ്തിട്ടുണ്ടെങ്കിൽ അവരുടെ സിവിൽ നമ്പർ, ഐഡി കാർഡ് അല്ലെങ്കിൽ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. ഓൺലൈനിലൂടെയല്ലാതെ അപേക്ഷിക്കാനാവില്ല. സമയപരിധിക്ക് ശേഷമുള്ള അപേക്ഷകൾ സ്വീകരിക്കില്ല.
രജിസ്ട്രേഷൻ ഹജ്ജിനുള്ള അനുമതിയല്ലെന്നും നറുക്കെടുപ്പിലൂടെയായിരിക്കും അർഹരെ തെരഞ്ഞെടുക്കുകയെന്നും മന്ത്രാലയം പറഞ്ഞു. ഹജ്ജിന് അനുമതി ലഭിച്ചവരെ ടെക്സ്റ്റ് സന്ദേശം വഴി അറിയിക്കും. സൗദി അധികാരികൾ അനുവദിച്ച ക്വാട്ടയെ അടിസ്ഥാനമാക്കി മുൻഗണന അനുസരിച്ചായിരിക്കും നറുക്കെടുപ്പ്. മൂന്ന് ഘട്ടങ്ങളിലായാണ് അര്‍ഹരെ തെരഞ്ഞെടുക്കുക. ആദ്യ ഘട്ടം ഒക്ടോബര്‍ 14 മുതല്‍ 30 വരെയും രണ്ടാം ഘട്ടംം ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയും മൂന്നാം ഘട്ടം നവംബര്‍ ഒമ്പത് മതുല്‍ 11 വരെയുമായിരിക്കും. കഴിഞ്ഞവര്‍ഷം 14,000 ആയിരുന്നു ഒമാനില്‍ നിന്നുള്ള ഹജ്ജ് ക്വാട്ട. ഇതില്‍ 470 വിദേശികള്‍ക്കും അവസരം ലഭിച്ചിരുന്നു. ഇത്തവണ എത്ര വിദേശികള്‍ക്ക് അവസരമുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അറബ് രാജ്യക്കാരായ പ്രവാസികള്‍ക്ക് 235ഉം മറ്റ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് 235ഉം ആയിരുന്നു കഴിഞ്ഞവര്‍ഷത്തെ ക്വാട്ട.
അതേസമയം, കാഴ്ചവൈകല്യമോ ശാരീരിക വൈകല്യമോ ഉള്ള സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും കൂടെ ആളുകളെ അനുവദിക്കും. ഇലക്ട്രോണിക് സംവിധാനത്തില്‍ നേരത്തേ രജിസ്റ്റര്‍ ചെയ്തവരില്‍നിന്നാകും അവരെ തെരഞ്ഞെടുക്കുക. അന്വേഷണങ്ങള്‍ക്കും മറ്റുവിവരങ്ങള്‍ക്കും മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ 80008008ൽ വിളിക്കാം. സൗദിയിലേക്ക് കര, വ്യോമ മാർഗം യാത്ര ചെയ്യുന്ന തീർഥാടകർക്കുള്ള അന്തിമ പ്രവേശന തീയതികൾ ഉൾപ്പെടെ, ഹജ്ജ് സീസണിന്റെ പൂർണ ഷെഡ്യൂൾ മന്ത്രാലയം പുറത്തിറക്കും.