ഹജ്ജ്: മൂന്നാം ഗഡു ഏപ്രില്‍ മൂന്നിനകം അടക്കണം
text_fieldsകൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തിരഞ്ഞെടുക്കപ്പെട്ടവര്‍ മൂന്നാം ഗഡു തുക ഏപ്രില്‍ മൂന്നിനകം അടക്കണം. ഹജ്ജ് പുറപ്പെടല്‍ കേന്ദ്രമായി കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം തിരഞ്ഞെടുത്തവര്‍ 97,950 രൂപയും കൊച്ചിയില്‍നിന്ന് പുറപ്പെടുന്നവര്‍ 54,350 രൂപയും കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 57,600 രൂപയുമാണ് മൂന്നാം ഗഡുവായി അടക്കേണ്ടത്.
രണ്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്നവര്‍ 19,250 രൂപയും കൊച്ചിയില്‍ നിന്നുള്ളവര്‍ 14,000 രൂപയും കണ്ണൂരില്‍നിന്ന് പുറപ്പെടുന്നവര്‍ 16,300 രൂപയും നല്‍കണം.
അപേക്ഷ ഫോറത്തില്‍ ബലികർമത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ആ ഇനത്തില്‍ 16,600 രൂപ കൂടി അധികം അടക്കണം. ഇപ്പോള്‍ പ്രഖ്യാപിച്ച തുക താല്ക്കാലികവും ആവശ്യമെങ്കില്‍ മാറ്റത്തിന് വിധേയവുമായിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അധികൃതര്‍ വ്യക്തമാക്കി.
ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ പണമടക്കാം. ഓണ്‍ലൈനായും പണമടക്കാം. അടക്കേണ്ട തുക സംബന്ധിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഹജ്ജ് കമ്മിറ്റിയുടെ www.hajcommittee.gov.in വെബ്സൈറ്റില്‍ കവര്‍ നമ്പര്‍ ഉപയോഗിച്ച് പരിശോധിച്ചാല്‍ ലഭ്യമാകും.