ഹജ്ജ് 2026; ഹജ്ജ് പ്രോഗ്രാമിന് കീഴിലുള്ള രാജ്യക്കാർക്ക് ഇഷ്ട പാക്കേജുകളാകാം
text_fieldsറിയാദ്: 2026ലെ ഹജ്ജ് സീസണിന് മുന്നോടിയായി തീർഥാടകർക്കായി വിപ്ലവകരമായ മാറ്റങ്ങളുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. നേരിട്ടുള്ള ഹജ്ജ് പ്രോഗ്രാമിനു കീഴിലുള്ള രാജ്യങ്ങളിൽനിന്നുള്ള വിശ്വാസികൾക്ക് തങ്ങളുടെ താൽപര്യത്തിനനുസരിച്ചുള്ള ഹജ്ജ് പാക്കേജുകൾ മുൻകൂട്ടിക്കണ്ട് തിരഞ്ഞെടുക്കാനുള്ള ‘പാക്കേജ് പ്രിഫറൻസ്’ ഘട്ടം നുസുക് പ്ലാറ്റ്ഫോമിൽ ആരംഭിച്ചു.
ഔദ്യോഗിക ബുക്കിങ്ങിനു മുമ്പുതന്നെ വിവിധ സേവനങ്ങളെ താരതമ്യം ചെയ്യാനും ഏറ്റവും അനുയോജ്യമായവ കണ്ടെത്താനും ഈ സംവിധാനം സഹായിക്കും.
ഈ പുതിയ ഫീച്ചറിലൂടെ തീർഥാടകർക്ക് ലഭ്യമായ പാക്കേജുകൾ അവയുടെ സേവന നിലവാരം, സൗകര്യങ്ങൾ, ചെലവ് എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്താം. അഞ്ച് പാക്കേജുകൾ വരെ ഇത്തരത്തിൽ പ്രിയപ്പെട്ടവയായി തിരഞ്ഞെടുത്തുവെക്കാൻ സാധിക്കും.
പാക്കേജുകൾ തമ്മിലുള്ള താരതമ്യം, ഓരോന്നിന്റെയും ജനപ്രീതി അറിയാനുള്ള സൂചകങ്ങൾ, ഡിജിറ്റൽ വാലറ്റ് വഴിയുള്ള തവണ വ്യവസ്ഥയിലുള്ള നിക്ഷേപ സൗകര്യം എന്നിവയും നുസുക് പ്ലാറ്റ്ഫോമിൽ ഒരുക്കിയിട്ടുണ്ട്.
തീർഥാടകർക്ക് കൃത്യമായ തീരുമാനമെടുക്കാനും സേവനദാതാക്കൾക്ക് മികച്ച തയാറെടുപ്പുകൾ നടത്താനും ഇത് വഴിയൊരുക്കുന്നു. അർഹരായ തീർഥാടകർ ഉടനെ നുസുക് പ്ലാറ്റ്ഫോമിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യുകയോ പുതുക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം നിർദേശിച്ചു. കുടുംബാംഗങ്ങളോടൊപ്പം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ വിവരങ്ങളും ഒപ്പം ചേർക്കേണ്ടതാണ്. ഇത് വെരിഫിക്കേഷൻ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും. ഡയറക്റ്റ് ഹജ്ജ് പ്രോഗ്രാമിൽ ഉൾപ്പെട്ട രാജ്യങ്ങളിൽനിന്നുള്ളവർക്ക് ഹജ്ജ് സേവനങ്ങൾക്കുള്ള ഏക ഔദ്യോഗിക പ്ലാറ്റ്ഫോം ‘നുസുക്’ മാത്രമാണെന്നും അനധികൃത ഏജൻസികളിൽ വഞ്ചിതരാകരുതെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
എല്ലാ സാമ്പത്തിക ഇടപാടുകളും ബുക്കിങ്ങുകളും പ്ലാറ്റ്ഫോം വഴി മാത്രമായിരിക്കണം. ഈ സംവിധാനം നിലവിൽ ഡയറക്റ്റ് ഹജ്ജ് പ്രോഗ്രാമിന് കീഴിലുള്ള രാജ്യങ്ങൾക്ക് മാത്രമാണ് ബാധകം. മറ്റ് രാജ്യങ്ങളിലെ തീർഥാടകർ അതത് രാജ്യങ്ങളിലെ അംഗീകൃത ചാനലുകൾ വഴി നടപടിക്രമങ്ങൾ പാലിക്കണം.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി nusuk.sa അല്ലെങ്കിൽ hajj.nusuk.sa എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാവുന്നതാണ്.ഹജ്ജ് മിഷനുകളോ ഔദ്യോഗിക പ്രതിനിധികളോ ഇല്ലാത്ത, യൂറോപ്, അമേരിക്ക, ആസ്ട്രേലിയ തുടങ്ങി ചെറിയ മുസ്ലിം ന്യൂനപക്ഷമുള്ള രാജ്യങ്ങളിലെ തീർഥാടകർക്ക് വേണ്ടിയാണ് സൗദി മന്ത്രാലയം ഈ നേരിട്ടുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മാത്രമേ ‘നുസുക് ഹജ്ജ്’ പ്ലാറ്റ്ഫോം വഴി പാക്കേജുകൾ നേരിട്ട് തിരഞ്ഞെടുക്കാൻ സാധിക്കൂ.


