ഹജ്ജ്: അവസരം ലഭിച്ചത് 8530 പേര്‍ക്ക്; കൂടുതല്‍ പേര് പുറപ്പെടുക കൊച്ചിയില്‍ നിന്ന്
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിന് നിലവില്‍ സംസ്ഥാനത്തുനിന്ന് അവസരം ലഭിച്ചത് 8530 പേര്‍ക്ക്. ഇതില്‍ പകുതിയിലധികം പേരും പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തത് കൊച്ചി വിമാനത്താവളത്തെയാണ്- 4995 പേർ. ഇതാദ്യമായി ഏറ്റവും കുറവ് തീര്‍ഥാടകര്‍ കരിപ്പൂരിൽ നിന്നാണ്. 632 പേര് മാത്രമാണ് കരിപ്പൂരില്‍ നിന്ന് പുറപ്പെടുക. അതേസമയം, 2892 പേര് കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രമായി തെരഞ്ഞെടുത്തു.
വലിയ വിമാനങ്ങള്‍ക്ക് യാത്രാനുമതിയില്ലാത്തതിനാല്‍ ചെലവ് കൊച്ചിയെ അപേക്ഷിച്ച് വന്‍തോതില്‍ ഉയരുന്നെന്ന കാരണത്താലാണ് കരിപ്പൂരില്‍ നിന്ന് ഭൂരിഭാഗം തീര്‍ഥാടകരും മറ്റ് വിമാനത്താവളങ്ങളിലേക്ക് ചേക്കേറിയത്. 2020 ആഗസ്റ്റ് ഏഴിലെ വിമാന ദുരന്തശേഷം കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് യാത്രാനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ യാത്രനിരക്കിനായി മാത്രം അര ലക്ഷത്തോളം രൂപ അധികം നല്‍കേണ്ടിവന്ന സാഹചര്യമാണ് മിക്ക തീര്‍ഥാടകരേയും മറ്റിടങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തീര്‍ഥാടനത്തിന് തെരഞ്ഞെടുത്ത 11 പേര് കേരളത്തിന് പുറത്തുള്ള മറ്റ് വിമാനത്താവളങ്ങളില്‍ നിന്നാണ് യാത്രയാകുക. അതേസമയം, ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 528 തീര്‍ഥാടകര്‍ കേരളത്തിലെ പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്ന് യാത്രയാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 9058 പേരാണ് കേരളത്തില്‍ നിന്ന് പുറപ്പെടാന്‍ അപേക്ഷ നല്‍കിയത്.