ഹജ്ജ്: ആദ്യ ഗഡു അടക്കാനുള്ള സമയപരിധി നീട്ടി, 25 വരെ പണമടക്കാം; രേഖകള്‍ 30നകം സമര്‍പ്പിക്കണം
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആദ്യ ഗഡു തുക അടക്കാനുള്ള സമയപരിധി നീട്ടി. ആഗസ്റ്റ് 25 വരെ പണമടക്കാന്‍ അവസരം നല്കി കേന്ദ്ര ഹജ്ജ് കമ്മിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പണമടച്ചതടക്കമുള്ള രേഖകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 30 വരെയും നീട്ടിയിട്ടുണ്ട്.
നേരത്തേ നിശ്ചയിച്ചതുപ്രകാരം പണമടക്കാനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചിരുന്നു. പണമടക്കാനും രേഖകള്‍ സമര്‍പ്പിക്കാനും കുറഞ്ഞ കാലയളവ് മാത്രം അനുവദിച്ചത് തീര്‍ഥാടകര്‍ക്ക് പ്രയാസമുണ്ടാക്കുന്നെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് സമയപരിധി ദീര്‍ഘിപ്പിച്ച് ഉത്തരവിറങ്ങിയത്.
തിരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ആദ്യ ഗഡുവായി 1,52,300 രൂപയാണ് അടക്കേണ്ടത്. തീര്‍ഥാടകര്‍ക്ക് അനുവദിച്ച ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്‍സ് നമ്പര്‍ രേഖപ്പെടുത്തിയ പേമെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ആണ് പണമടക്കേണ്ടത്.
പണമടച്ച രസീത്, മെഡിക്കല്‍ സ്ക്രീനിങ് ആൻഡ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, ഹജ്ജ് അപേക്ഷഫോറം, ഡിക്ലറേഷന്‍ എന്നിവയാണ് 30നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടത്. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനും സൗകര്യമുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐഡി ലഭ്യമാകും. ഇതില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷകര്‍ ഓണ്‍ലൈനായി രേഖകള്‍ നല്‍കേണ്ടത്.