കരിപ്പൂരിലെ ഉയര്‍ന്ന ഹജ്ജ് യാത്രാനിരക്ക്: പരിഹാരത്തിന് നടപടികളില്ല
text_fieldsകൊണ്ടോട്ടി: സംസ്ഥാനത്തുനിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് മേയ് മൂന്നാം വാരം തുടക്കമാകാനിരിക്കെ, കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള അമിത യാത്രാനിരക്ക് കുറച്ച് തീര്‍ഥാടകരോടുള്ള അനീതി പരിഹരിക്കാന്‍ കാര്യക്ഷമമായ നടപടികളൊന്നുമായില്ല. നിരക്ക് കുറക്കാന്‍ ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാറും വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധികൃതരും നിരന്തരം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വിശ്വാസയോഗ്യമായ ഒരു ഉറപ്പും ഇതുവരെയില്ലാത്തത് തീര്‍ഥാടകരെ ആശങ്കയിലാക്കുകയാണ്. സംസ്ഥാനത്തെ മൂന്നു പുറപ്പെടല്‍ കേന്ദ്രങ്ങളില്‍നിന്നുമുള്ള യാത്രാനിരക്ക് ഏകീകരിക്കണമെന്ന ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന മറുപടിയില്‍ കവിഞ്ഞ് കേന്ദ്രസര്ക്കാറില്നിന്നോ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരില്നിന്നോ വ്യക്തമായ മറുപടിയും കാര്യക്ഷമമായ ഇടപെടലും ഫലത്തില്‍ ഉണ്ടായിട്ടില്ല.
കൂടുതല്‍ യാത്രക്കാര്‍ ആശ്രയിക്കുന്ന കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ജിദ്ദയിലേക്കുള്ള യാത്രാനിരക്ക് ഇത്തവണ കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങളെ അപേക്ഷിച്ച് 38,000 രൂപ മുതല്‍ 39,000 രൂപ വരെ കൂടുതലാണ്. കരിപ്പൂരില്‍നിന്ന് ഹജ്ജ് സർവിസ് നടത്തുന്നതിന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനക്കമ്പനി ടിക്കറ്റ് നിരക്കായി 1.25 ലക്ഷം രൂപയാണ് ടെൻഡറില്‍ രേഖപ്പെടുത്തിയത്. അതേസമയം, കണ്ണൂരില്‍ ഇത് 87,000 രൂപയും കൊച്ചിയില്‍നിന്ന് സൗദി എയര്‍ലൈന്‍സ് നല്‍കിയത് 86,000 രൂപയുമാണ്. കരിപ്പൂരില്‍നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് ടെൻഡര്‍ നല്കിയതെന്നതിനാല് ഈ കമ്പനിക്കുതന്നെയാകും കരാര്‍ ലഭിക്കുകയെന്നും ഉറപ്പാണ്.
കഴിഞ്ഞ വര്‍ഷം 1.65 ലക്ഷം രൂപയായിരുന്നു ടെൻഡറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് കരിപ്പൂരില്‍ നിന്നുള്ള യാത്രാനിരക്ക് രേഖപ്പെടുത്തിയിരുന്നത്. ഇത് കടുത്ത പ്രതിഷേധത്തിനിടയാക്കിയതോടെ 1.21 ലക്ഷം രൂപയാക്കി കുറച്ചു. എന്നിട്ടും 35,000 രൂപയാണ് കരിപ്പൂരില്‍നിന്നുള്ള തീര്‍ഥാടകര്‍ അധികമായി നല്‍കേണ്ടിവന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സർവിസുകള്‍ പുനരാരംഭിക്കാത്തതാണ് നിലവിലെ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. 2020 ആഗസ്റ്റ് ഏഴിന് 21 പേരുടെ മരണത്തിനിടയാക്കിയ വിമാനദുരന്തത്തിനുശേഷം വലിയ വിമാനങ്ങള്‍ക്കുള്ള സര്‍വിസ് അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം റദ്ദാക്കുകയായിരുന്നു.