ഹജ്ജ്-ഉംറ കോൺഫറൻസ് സമാപിച്ചു
text_fieldsഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച രണ്ടാമത് ഹജ്ജ്-ഉംറ കോൺഫറൻസിൽനിന്ന്
മസ്കത്ത്: രണ്ടാമത് ഹജ്ജ്-ഉംറ കോൺഫറൻസും എക്സിബിഷനും മസ്കത്തിൽ സമാപിച്ചു. സമ്മേളനത്തിന്റെ അവസാന ദിനത്തിൽ സാങ്കേതിക, ബോധവത്കരണ, സാമ്പത്തിക, ആരോഗ്യമേഖലകളെ ഉൾക്കൊള്ളുന്ന വിവിധ ശിപാർശകൾ മുന്നോട്ടുവെച്ചു. ഹജ്ജ്-ഉംറ സംവിധാനം കൂടുതൽ വികസിപ്പിക്കുക, തീർഥാടകർക്കു നൽകുന്ന സേവനങ്ങളുടെ ഗുണമേന്മ ഉയർത്തുക, ഒമാനിനകത്തും പുറത്തുമുള്ള വിവിധ ഏജൻസികൾക്കിടയിൽ ഏകീകരണം കണ്ടെത്തുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ.
സർക്കാർ-സ്വകാര്യമേഖലകളിൽ ഹജ്ജ്, ഉംറ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന ഏജൻസികളിൽ കൂടുതൽ ഏകോപനവും സഹകരണവും ഉറപ്പാക്കണമെന്ന് സമ്മേളനം ഊന്നിപ്പറഞ്ഞു. ഹജ്ജ് സംബന്ധമായ നിയമങ്ങൾ പുതുക്കുകയും തീർഥാടകരുടെ യാത്ര ഷെഡ്യൂൾ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സംവിധാനങ്ങൾ ഉറപ്പാക്കുകയും വേണമെന്നാണ് ശിപാർശ. ഹജ്ജ്, ഉംറ സേവനങ്ങളിൽ പൂർണമായ ഡിജിറ്റൽ പരിവർത്തനത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്ന് സമ്മേളനം നിർദേശിച്ചു.
ഒമാൻ കൺവെൻഷൻ സെന്ററിൽ മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ്-ഉംറ കോൺഫറൻസിലെ എക്സിബിഷനിൽനിന്ന്
രജിസ്ട്രേഷൻ മുതൽ മടക്കംവരെ എല്ലാ ഘട്ടങ്ങളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളും ജി.പി.എസ് ട്രാക്കിങ്, സ്മാർട്ട് ബ്രേസ് ലെറ്റ്, മൊബൈൽ ആപ്പ് പോലുള്ള സംവിധാനങ്ങളും ഉൾപ്പെടുത്തുന്നതിലൂടെ തീർഥാടകരുടെ യാത്രാക്രമീകരണങ്ങൾ വേഗത്തിലും സുരക്ഷിതമായും നടത്താൻ സാധിക്കും.
ഹജ്ജ് യാത്രക്ക് മുമ്പ് തീർഥാടകർക്കായി അനുഷ്ഠാന കർമങ്ങളെ കുറിച്ച് സമഗ്ര ബോധവത്കരണം നൽകണം. ഹജ്ജിലും ഉംറയിലെയും മതപരവും ഭരണപരവുമായ കാര്യങ്ങളും ആരോഗ്യസംബന്ധമായതുമായ വിവരങ്ങൾ ഉൾപ്പെടുത്തി ബുക്ക് ലെറ്റുകളും തയാറാക്കണമെന്നും സമ്മേളനം ശിപാർശ ചെയ്തു.
ഒമാനികളടെ ഹജ്ജിന്റെ ചരിത്രത്തെക്കുറിച്ചുള്ള അക്കാദമിക് ഗവേഷണങ്ങൾക്കും ഹജ്ജ് കമ്പനികളുടെ ഓറൽ ഹിസ്റ്ററി രേഖപ്പെടുത്താനും അടുത്ത സമ്മേളനത്തിൽ മിനി ഹജ്ജ് മ്യൂസിയം സ്ഥാപിക്കാനും നിർദേശം നൽകി. തീർഥാടകരുടെ സേവനങ്ങൾ വികസിപ്പിക്കാൻ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾ (പി.പി.പി പദ്ധതി) പ്രോത്സാഹിപ്പിക്കണം. ഗതാഗതം, താമസസൗകര്യം, ഭക്ഷണം തുടങ്ങിയ മേഖലകളിൽ ദേശീയ നിക്ഷേപം വർധിപ്പിക്കണം.
ഇലക്ട്രോണിക് പേമെന്റ് സംവിധാനം, റോമിങ്സേവനങ്ങളുടെ നിരക്കുകളിൽ കൂടുതൽ വ്യക്തത വേണമെന്നും ശിപാർശ ഉയർന്നു. തീർഥാടകർക്കുള്ള ആരോഗ്യ സർട്ടിഫിക്കേഷൻ, വാക്സിനേഷൻ, സാംക്രമികരോഗ പ്രതിരോധ ബോധവത്കരണം, താമസസ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ, വ്യക്തിഗത രേഖകളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കണമെന്ന് സമ്മേളനം ഓർമപ്പെടുത്തി.
ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ മതകാര്യ മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ 60ലധികം സർക്കാർ ഏജൻസികൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ, ഹജ്ജ്-ഉംറ കമ്പനികൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
പുതിയ ഹജ്ജ് സീസണിനായി ഏകദേശം രണ്ടു ലക്ഷം ഒമാൻ റിയാൽ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ അർഹരായ തീർഥാടകർക്കു പിന്തുണ നൽകാനാണ് ലക്ഷ്യമിടുന്നത്. ഹജ്ജ് കമ്പനികളുടെ പ്രവർത്തനക്ഷമതയും ഗുണമേന്മയും വിലയിരുത്താനുള്ള സംവിധാനങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്. മീഥാഖ് ഇസ്ലാമിക് ബാങ്കിങ്, ബാങ്ക് നിസ്വാ, ധോഫാർ ഇസ്ലാമിക് ബാങ്ക്, അലിസ് ഇസ്ലാമിക് ബാങ്ക് തുടങ്ങിയ ബാങ്കുകളുമായി വിവിധ കരാറുകളും സമ്മേളനത്തിൽ ഒപ്പുവെച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 20 പേർക്കായി സോഹാർ ഇസ്ലാമിക് ബാങ്കന്റെ ധനസഹായ പദ്ധതിയും മന്ത്രാലയം കരാറിൽ ഉൾപ്പെടുത്തി.


