ഹാജിമാരുടെ അവസാന സംഘം നാളെയെത്തും; കേരളത്തിൽനിന്ന് പോയത് 84 വിമാനങ്ങളിലായി 16,341 പേർ
text_fieldsനെടുമ്പാശ്ശേരി ഹജ്ജ് സംഘാടക സമിതി സമാപന സംഗമം ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് സക്കീർ, നൂർ മുഹമ്മദ് നൂർഷാ, അനസ് അരൂർ, മൊയ്തീൻകുട്ടി, ബാബു സേട്ട്, ജാഫർ കക്കൂത്ത്, ടി.കെ. സലീം എന്നിവർ സമീപം
കോട്ടയം: ഹജ്ജ് തീർത്ഥാടനത്തിന് നെടുമ്പാശ്ശേരിയിൽ നിന്നും പുറപ്പെട്ട ഹാജിമാരുടെ അവസാന സംഘം നാളെ രാത്രി 7.15ന് തിരികെ എത്തും. കേരളത്തിലെ മൂന്ന് എംബാർക്കേഷനുകളിൽ നിന്നും പുറപ്പെട്ട മുഴുവൻ പേരും അതോടെ നാട്ടിൽ മടങ്ങിയെത്തും. 84 വിമാനങ്ങളാണ് ഇതിനായി സർവിസ് നടത്തിയത്.
കൊച്ചിയിൽ നിന്നും സൗദി എയർലൈൻസിൻ്റെ 23 ഫ്ലൈറ്റുകളാണ് ചാർട്ടുചെയ്തത്. കേരളത്തിൽ നിന്നും 16,341 പേരാണ് സർക്കാർ ക്വാട്ടയിൽ ഹജ്ജ് നിർവഹിച്ചത്. ഇതിൽ 6,400 പേർ നെടുമ്പാശ്ശേരി വഴിയാണ് പുറപ്പെട്ടത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, അംഗങ്ങളായ മൊയ്തീൻകുട്ടി, നൂർ മുഹമ്മദ് നൂർഷാ, അനസ് അരൂർ, മുഹമ്മദ് സക്കീർ ഈരാറ്റുപേട്ട എന്നിവരും അസി. സെക്രട്ടറി ജാഫർ കക്കൂത്ത്, സംഘാടക സമിതി അംഗങ്ങളായ മുസമ്മിൽ ഹാജി, ടി.കെ സലീം, ഹജ്ജ് സെൽ അംഗങ്ങളായ ഷാജഹാൻ, അൻസാരി, ജംഷീദ് തുടങ്ങിയവരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
സിയാൽ ഡയറക്ടറേറ്റും സൗദി എയർലൈൻസ് അധികൃതരും ജില്ലാ ഭരണ സംവിധാനവും സഹകരിച്ചത് സഹായകമായതായി ഹജ്ജ് കമ്മിറ്റി വിലയിരുത്തി. കേരളത്തിലെ ഈ വർഷത്തെ ഹജ്ജ് ഓപറേഷൻ വിജയിപ്പിക്കുന്നതിന് നേതൃത്വം നൽകിയ മന്ത്രി വി. അബ്ദുറഹ്മാനെയും സംസ്ഥാന സർക്കാരിനെയും നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പ് സംഘാടക സമിതി അഭിനന്ദിച്ചു.