വീണ്ടുമൊരു ഹജ്ജിന്റെ നിറവിൽ ‘മസ്ജിദ് നമിറ’
text_fieldsമസ്ജദ് നമിറ
മക്ക: വീണ്ടുമൊരു ഹജ്ജിന് സജീവ സാക്ഷ്യം വഹിച്ച ആത്മീയാന്തരീക്ഷത്തിലാണ് മസ്ജിദ് നമിറ. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിന്റെ ഭാഗമായ പ്രഭാഷണം (ഖുതുബ) നിർവഹിക്കപ്പെടുന്നത് ഈ പള്ളിയിലാണ്. പ്രവാചകൻ വിടവാങ്ങൽ ഹജ്ജ് വേളയിൽ ഖുതുബ നടത്തിയ സ്ഥലത്ത് നിർമിക്കപ്പെട്ട പള്ളിയാണ് ഇത്.
അതിന് ശേഷം എല്ലാവർഷവും അറഫ പ്രഭാഷണം നടക്കുന്നത് ഇവിടെ തന്നെയാണ്. പ്രവാചകന്റെ പ്രസംഗത്തെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് അറഫ പ്രഭാഷണം. ഹജ്ജ് തീർഥാടകർ അറഫ പ്രഭാഷണം കേട്ടതിന് ശേഷം ദുഹ്ർ, അസർ നമസ്കാരങ്ങൾ ചുരുക്കിയും ഒന്നിച്ചും ഈ പള്ളിയിലാണ് നിർവഹിക്കുന്നത്. അറഫയുടെ പടിഞ്ഞാറ് ഭാഗത്ത് വാദി അർനയിൽ സ്ഥിതിചെയ്യുന്ന ഈ പള്ളി ഹിജ്റ രണ്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അബ്ബാസിയ്യ ഭരണകാലത്താണ് നിർമിച്ചത്. അബ്ദുൽ അസീസ് രാജാവിന്റെ ഭരണകാലത്ത് പള്ളി വിപുലീകരണം നടത്തി. പള്ളിയുടെ വിസ്തീർണം 110,000 ചതുരശ്ര മീറ്ററിലേറെയാണ്.
മസ്ജിദുൽ ഹറാമിന് ശേഷം മക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ പള്ളി കൂടിയാണ് മസ്ജിദ് നമിറ. 23.7 കോടി റിയാൽ ചെലവിൽ ഏറ്റവും വലിയ വിപുലീകരണമാണ് സൗദി സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് നടന്നത്. പള്ളി കിഴക്കുനിന്ന് പടിഞ്ഞാറോട്ട് 340 മീറ്ററും വടക്കുനിന്ന് തെക്ക് വരെ 240 മീറ്ററും വ്യാപിച്ചിരിക്കുന്നു. 8,000 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഒരു തണൽ മുറ്റം പള്ളിയുടെ പിന്നിലുണ്ട്. നാലു ലക്ഷം പേരെ ഉൾക്കൊള്ളാൻ ശേഷി പള്ളിയിലുണ്ട്. 60 മീറ്റർ വീതം ഉയരമുള്ള ആറ് മിനാരങ്ങൾ, മൂന്ന് താഴികക്കുടങ്ങൾ, 64 വാതിലുകളുള്ള 10 പ്രധാന പ്രവേശന കവാടങ്ങൾ എന്നിവ പള്ളിയിലുണ്ട്.
അറഫ ദിനത്തിലെ പ്രഭാഷണങ്ങളും പ്രാർഥനകളും ഉപഗ്രഹം വഴി തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു ബാഹ്യ പ്രക്ഷേപണ മുറിയും ഇതിൽ ഉൾപ്പെടുന്നു. പള്ളിയുടെ പിൻമുറ്റത്ത് 19 ‘കനോപ്പികൾ’ സ്ഥാപിച്ചു. ഇത് താപനിലയിൽ 10 ഡിഗ്രി സെൽഷ്യസ് കുറക്കാൻ സഹായിച്ചു. നിലകൾ സോളാർ-റിഫ്ലക്ടീവ് മെറ്റീരിയൽ കൊണ്ട് പെയിൻറ് ചെയ്തിട്ടുണ്ട്. 117 ‘മിസ്റ്റ് ഫാനു’കളും പള്ളിയിൽ പ്രവർത്തിപ്പിക്കുന്നു. ഇത് താപനിലയിൽ ഒമ്പത് ഡിഗ്രി സെൽഷ്യസ് കുറവുണ്ടാക്കുന്നു. ആരോഗ്യ സേവനങ്ങളുടെ ഭാഗമായി മണിക്കൂറിൽ 1,000 ലിറ്റർ ശേഷിയുള്ള 70 വാട്ടർ കൂളിങ് യൂനിറ്റുകൾ സ്ഥാപിച്ചു.
പള്ളിയിൽ വിപുലമായ ഓഡിയോ സിസ്റ്റവും സുരക്ഷാ നിരീക്ഷണ കാമറകളും ഉണ്ട്. ദൈവത്തിന്റെ അതിഥികൾക്ക് അനുയോജ്യമായ ഉയർന്ന നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിപാലന ടീമുകളുടെ മേൽനോട്ടത്തിൽ 72 പ്രധാന ഗേറ്റുകളിലൂടെയും പ്രവേശനവും എക്സിറ്റും കൈകാര്യം ചെയ്യുന്നു. അറഫയിലെത്തുന്ന തീർഥാടകരുടെ ആത്മീയവും വിശ്വാസപരവുമായ അനുഭവം സമ്പന്നമാക്കുന്നതിന് വിപുലമായ പദ്ധതികളാണ് മസ്ജിദ് നമിറയിൽ നടപ്പാക്കിയത്.


