മെഡിക്കൽ സേവനങ്ങളിൽ തീർഥാടകർക്ക് 97.7 ശതമാനം സംതൃപ്തി
text_fieldsഹജ്ജ് തീർഥാടകർക്കുള്ള മെഡിക്കൽ സൗകര്യങ്ങൾ സൗദി ആരോഗ്യ മന്ത്രി ഫഹദ് അബ്ദുൽ റഹ്മാൻ അൽ ജലാജൽ സന്ദർശിച്ചപ്പോൾ (ഫയൽ ചിത്രം)
മക്ക: ഈ വർഷത്തെ ഹജ്ജ് വേളയിൽ സൗദി ആരോഗ്യ മന്ത്രാലയം തീർഥാടകർക്ക് നൽകിയ ആതുര സേവനം മികച്ചതായെന്ന് റിപ്പോർട്ട്. വിവിധ രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്കുണ്ടായ സംതൃപ്തി 97.7 ശതമാനമാണ്. ‘ഹജ്ജ് സംതൃപ്തി വിലയിരുത്തലി’നുവേണ്ടി തയാറാക്കിയ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ തീർഥാടകർ രേഖപ്പെടുത്തിയ ഡേറ്റ പ്രകാരമുള്ള കണക്കാണിത്.ആരോഗ്യ മന്ത്രാലയത്തിന്റെ മക്കയിലെ വിവിധ സംവിധാനങ്ങൾവഴി തീർഥാടകർക്ക് ലഭിച്ച ആതുര സേവനം മികച്ചതാണെന്നാണ് ഭൂരിപക്ഷം പേരുടെയും അഭിപ്രായം. തീർഥാടകരിൽനിന്ന് ക്യു.ആർ കോഡിലൂടെയും നേരിട്ടുള്ള ‘ഫീഡ്ബാക്ക്’ ശേഖരിക്കൽ സംവിധാനത്തിലൂടെയുമാണ് അഭിപ്രായം ശേഖരിച്ചതെന്ന് മക്ക ഹെൽത്ത് ക്ലസ്റ്റർ ചൂണ്ടിക്കാട്ടി. എല്ലാ തീർഥാടകർക്കും പങ്കെടുക്കാൻ കഴിയുംവിധം എട്ട് ഭാഷകളിൽ സർവേ ലഭ്യമാക്കിയിരുന്നു.
സേവന നിലവാരവും രോഗി പരിചരണവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുണ്യസ്ഥലങ്ങളിലെ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളിലുടനീളം പ്രധാന പരിഷ്കാരങ്ങൾ വരുത്താൻ കഴിഞ്ഞതും ഈ വർഷത്തെ വിജയമാണ്. നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും ആരോഗ്യ സേവനം നൽകുന്നത് വേഗത്തിലാക്കുന്നതിനും അനാവശ്യ ഘട്ടങ്ങൾ ഇല്ലാതാക്കുന്നതിനുമായി ‘ഹജ്ജ് മെഡിക്കൽ യാത്ര ഭൂപടം’ പുനർ രൂപകൽപന ചെയ്തു.
ആരോഗ്യമേഖലയിലെ കുറ്റമറ്റ സംവിധാനങ്ങൾവഴി രോഗികളുടെ കാത്തിരിപ്പ് സമയം കുറക്കുന്നതിനും സേവനപ്രവാഹം മെച്ചപ്പെടുത്തുന്നതിനും സഹായിച്ചു. തീർഥാടകർക്ക് അവരുടെ മെഡിക്കൽ യാത്രയുടെ ഓരോ ഘട്ടവും പ്രവേശനം മുതൽ ഡിസ്ചാർജ് വരെയുള്ള വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഇൻഫർമേഷൻ കാർഡുകളും നൽകിയിരുന്നു. ആരോഗ്യ മേഖലയിലെ ആധുനിക സാങ്കേതിക വിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജന്റ് സംവിധാനങ്ങളും മന്ത്രാലയം ഈ വർഷം കൂടുതൽ സജീവമായി ഉപയോഗപ്പെടുത്തിയതും ഏറെ ശ്രദ്ധേയമായി.ആരോഗ്യ സംരക്ഷണത്തിനായി തീർഥാടകർക്ക് സമയാസമയം ബോധവത്കരണം നൽകാൻ കഴിഞ്ഞതും ഗുണനിലവാരത്തോടെയും മികവിന്റെയും ഉയർന്ന നിലവാരത്തിൽ സമഗ്രവുമായ ആരോഗ്യസംരസക്ഷണം ഉറപ്പുവരുത്താനുള്ള പ്രതിബദ്ധത മക്കയിലെ ആരോഗ്യ മന്ത്രാലയ സംവിധാനങ്ങൾക്ക് കഴിഞ്ഞുവെന്നതും എടുത്തു പറയേണ്ട നേട്ടങ്ങളായി വിലയിരുത്തുന്നു.