തീർഥാടകര്‍ ജനുവരി 15നകം ബുക്കിങ് പൂര്‍ത്തിയാക്കണം -ഹജ്ജ്-ഉംറ ഗ്രൂപ് അസോസിയേഷന്‍
text_fieldsകൊണ്ടോട്ടി: അടുത്ത വര്‍ഷത്തെ ഹജ്ജിനുള്ള ബുക്കിങ് നടപടികള്‍ തീര്‍ഥാടകര്‍ ജനുവരി 15നകം പൂര്‍ത്തീകരിക്കണമെന്ന് കേരളത്തിലെ അംഗീകൃത ഹജ്ജ് ഗ്രൂപ് കൂട്ടായ്മയായ ഇന്ത്യന്‍ ഹജ്ജ്-ഉംറ ഗ്രൂപ് അസോസിയേഷന്‍. കഴിഞ്ഞ വര്‍ഷം 80 ശതമാനത്തോളം തീര്‍ഥാടകരുടെ യാത്ര മുടങ്ങിയ സാഹചര്യത്തില്‍ കേന്ദ്ര ഹജ്ജ് മന്ത്രാലയം ബുക്കിങ് നടപടികള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ജനുവരി 15നകം ബുക്കിങ് പൂര്‍ത്തിയാക്കണമെന്നാണ് മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഡിസംബർ 15നകം ഹജ്ജ് സേവനത്തിനാവശ്യമായ തുക സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ കേന്ദ്ര സര്‍ക്കാറിന് നല്‍കണം. നവംബര്‍ 10ന് കേന്ദ്ര ന്യൂനപക്ഷ ഹജ്ജ് കാര്യ മന്ത്രി കിരണ്‍ റിജിജു സൗദിയുമായി ഔദ്യോഗിക ഹജ്ജ് കരാറില്‍ ഒപ്പിട്ടിരുന്നു.
അടുത്ത വര്‍ഷം ഫെബ്രുവരി ഒന്നിനകം മുഴുവന്‍ സേവന കരാറുകളും പൂര്‍ത്തീകരിക്കണമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വിഭിന്നമായി സൗദി ഹജ്ജ് മന്ത്രാലയം മെഡിക്കല്‍ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട് കര്‍ശന നിർദേശങ്ങളടങ്ങിയ സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇതിനായും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ഹജ്ജിന് ബുക്ക് ചെയ്യുമ്പോള്‍ 2026 ഹജ്ജിലേക്കുള്ള അംഗീകൃത ലൈസന്‍സ്, അനുവദിക്കപ്പെട്ട നിശ്ചിത ക്വോട്ട എണ്ണം എന്നിവ തീര്‍ഥാടകര്‍ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും കേന്ദ്ര ഹജ്ജ് മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ലൈസന്‍സ് ലഭിച്ച ഹജ്ജ് ഗ്രൂപ്പുകളുടെ പട്ടിക ഹജ്ജ് മന്ത്രാലയ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


