ഹറമുകളുടെയും ഹജ്ജിന്റെയും ചരിത്രമ്യൂസിയത്തിന് പദ്ധതി
text_fieldsചരിത്ര മ്യൂസിയ പദ്ധതിയുടെ ചർച്ചയോഗത്തിൽ അമീർ ഫൈസൽ ബിൻ സൽമാൻ സംസാരിക്കുന്നു
മക്ക: മക്കയിലെ മസ്ജിദുൽ ഹറാം, മദീനയിലെ മസ്ജിദുന്നബവി, ഹജ്ജിന്റെ ചരിത്രം എന്നിവക്കായി മക്കയിൽ പ്രത്യേക മ്യൂസിയം സ്ഥാപിക്കാൻ പദ്ധതിയൊരുങ്ങുന്നു. ഇതിനെക്കുറിച്ചുള്ള രണ്ടാം വട്ട ചർച്ചയോഗം സൽമാൻ രാജാവിന്റെ പ്രത്യേക ഉപദേഷ്ടാവും കിങ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസർച്ച് ആൻഡ് ആർക്കൈവ്സ് (ദാറ) ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ ഫൈസൽ ബിൻ സൽമാന്റെ അധ്യക്ഷതയിൽ ചേർന്നു. സർക്കാർ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരും മ്യൂസിയം സൂപ്പർവൈസറി കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.
രണ്ട് വിശുദ്ധ പള്ളികളുടെ ചരിത്രവും ഹജ്ജിന്റെയും ഉംറയുടെയും ആചാരങ്ങളും രേഖപ്പെടുത്തുന്നതോടൊപ്പം യുഗങ്ങളിലുടനീളം സ്മരിക്കപ്പെടുന്ന ഒരു സമഗ്രവിജ്ഞാന റഫറൻസ് സ്ഥാപിക്കുക എന്നതാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 'എൻസൈക്ലോപീഡിയ ഓഫ് ഹജ്ജ് ആൻഡ് ദി ടൂ ഹോളി മോസ്ക്സ്' എന്ന പേരിൽ ഒരു പണ്ഡിത വിജ്ഞാനകോശമായി ആദ്യം തുടക്കം കുറിച്ച പദ്ധതി പിന്നീട് 'ഹജ്ജ്: ദി ടൂ ഹോളി മോസ്ക്സ് പ്രോജക്റ്റ്' എന്നറിയപ്പെടുന്ന ഒരു മുൻനിര ദേശീയ സംരംഭമായി വികസിപ്പിക്കുകയായിരുന്നു.
മദീനയിൽ ഉംറ ഫോറത്തോടൊപ്പം നടക്കുന്ന 'പ്രവാചക ജീവിതത്തിലെ ചരിത്ര സംഭവങ്ങൾ: അന്വേഷണ, ഡോക്യുമെന്റേഷൻ ഫോറത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയോഗത്തിലും മ്യൂസിയം സൂപ്പർവൈസറി കമ്മിറ്റി പദ്ധതിയെക്കുറിച്ച് അവലോകനം ചെയ്തിരുന്നു.