റമദാൻ; മദീനയിൽ ഷട്ടിൽ ബസ് സർവീസ്
text_fieldsമദീന: റമദാൻ മാസത്തിൽ മസ്ജിദുന്നബവിയിലേക്കും ഖുബാഅ് പള്ളിയിലേക്കും എത്തുന്ന വിശ്വാസികളുടെയും സന്ദർശകരുടെയും യാത്ര സുഗമമാക്കുന്നതിനായി വിപുലമായ ഷട്ടിൽ ബസ് സർവിസ് പ്രഖ്യാപിച്ചു. മദീന മേഖല വികസന അതോറിറ്റിയാണ് ‘മദീന ബസ് പ്രോജക്ടിന്’ കീഴിൽ സർവിസുകൾ ആരംഭിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പള്ളിയിലേക്കും തിരിച്ചും തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രധാന സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്:
മസ്ജിദുന്നബവിയിലേക്ക് മുഖത്വത് മലിക് ഫഹദ്, റെയിൽവേ സ്റ്റേഷൻ, ശദാത്, ഖാലിദിയ, സയ്യിദ് അൽശുഹദാ, അൽ-സലാം കോളജ്, സ്പോർട്സ് സ്റ്റേഡിയം, പാർക്ക് എന്നിവിടങ്ങളിൽനിന്ന് സർവിസുണ്ടാകും. അൽ-ആലിയ പ്രദേശത്ത് നിന്ന് ഖുബാഅ് പള്ളിയിലേക്ക് മാത്രമായി പ്രത്യേക റൂട്ട് സജ്ജീകരിച്ചിട്ടുണ്ട്. പുണ്യമാസത്തിൽ തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാസൗകര്യം ഒരുക്കുന്നതിനുമാണ് അതോറിറ്റി മുൻഗണന നൽകുന്നത്. ആരാധനാലയങ്ങൾക്ക് ചുറ്റുമുള്ള വാഹനത്തിരക്ക് കുറക്കാൻ ഈ സംവിധാനം വലിയ തോതിൽ സഹായിക്കും. എല്ലാ വർഷവും റമദാനിൽ സജ്ജമാക്കാറുള്ള ഈ സേവനം, മാസത്തിന്റെ അവസാന 10 ദിവസങ്ങളിൽ കൂടുതൽ ബസുകൾ ഉൾപ്പെടുത്തി വിപുലീകരിക്കാറുണ്ട്. മദീന നിവാസികൾക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന സന്ദർശകർക്കും ഈ ഷട്ടിൽ സർവിസ് വലിയ ആശ്വാസമാകും. കൃത്യമായ ഇടവേളകളിൽ സർവിസ് നടത്തുന്നതിലൂടെ പാർക്കിങ് പ്രശ്നങ്ങളും ട്രാഫിക് കുരുക്കും ഒഴിവാക്കാൻ സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.


