ഇത് മഴയിൽ കുതിർന്ന ചൈനീസ് നോമ്പുകാലം
text_fieldsനോമ്പു തുറക്കാനുള്ള വിഭവങ്ങൾ മുന്നിൽ നിരത്തിവെച്ച്, ഒരു കാരക്കച്ചീന്തുമായി തൊട്ടടുത്ത പള്ളിയിൽ നിന്നുള്ള ബാങ്കൊലിക്കുവേണ്ടി എല്ലാവരും കാതോർത്ത് കാത്തിരിക്കുന്ന നമ്മുടെ പതിവ് നോമ്പനുഭവമല്ല ചൈനയിലെ വിശ്വാസികളുടെ നോമ്പുകാലം. സ്വന്തത്തിൽ മാത്രം ഒതുക്കി അനുഷ്ഠിക്കുന്ന വ്യക്തിഗതമായ കർമമാണ് ചൈനയിലെ വിശ്വാസികളുടെ വ്രതാനുഷ്ഠാനം.
യാത്രക്കാർക്ക് നോമ്പ് ഒഴിവാക്കാനുള്ള ഇളവുകൾ മതപരമായി ഉണ്ടെങ്കിലും ഞാനടക്കം രണ്ട് ഇന്ത്യക്കാരും നാലു ജോർഡാനികളുമടങ്ങുന്ന ആറംഗ സന്ദർശക സംഘം വ്രതമനുഷ്‌ഠിക്കാൻ തീരുമാനിച്ചതിനു പിന്നിൽ ചൈനയിലെ നോമ്പനുഭവങ്ങൾ നേരിട്ടറിയുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. ലോകപ്രശസ്തമായ കാന്‍റൺ വ്യാപാര മേളയിൽ പങ്കെടുക്കാനാണ് റമദാൻ ആദ്യ വാരത്തിൽ ഞങ്ങൾ ചൈനയിലെ അതി പ്രധാന തുറമുഖ പട്ടണമായ ഗോങ് ചൗവിലെത്തിയത്. തണുത്തുവിറച്ച്, ഒരു കുടയും ചൂടി തൊട്ടടുത്ത യമനി, തുർക്കിഷ്, അറബിക് റസ്റ്റാറന്‍റുകളിലേക്ക് അത്താഴ ഭക്ഷണം കഴിക്കാൻ
പോകുന്നതോടെയാണ് ഇവിടെയെത്തുന്ന സന്ദർശകർക്ക് ഓരോ ദിവസത്തെയും നോമ്പ് ആരംഭിക്കുന്നത്. അപൂർവം ചില ചൈനക്കാരെ കാണാമെങ്കിലും റസ്റ്റാറന്‍റുകളിലെത്തുന്നവർ അധികവും അറബികളും ഇന്ത്യക്കാരുമാണ്. ചൈനീസ് ഭക്ഷണ സംസ്കാരത്തോട് മനസ്സിണങ്ങാത്ത വിവിധ രാജ്യക്കാരായ സന്ദർശകർക്ക് ആശ്രയമാവാറുള്ളത് ഈ റസ്റ്റാറന്‍റുകളാണ്.
നടത്തിപ്പുകാർ ഏതെങ്കിലും അറബ് വംശജർ ആണെങ്കിലും ചൈനക്കാരായ ചിലർ തൊഴിലാളികളായി സജീവമാണ്. അവരിൽ മഫ്ത്ത ധരിച്ച മുസ്‍ലിംകളായ ചൈനീസ് സ്ത്രീകളും അപൂർവമല്ല. തങ്ങളുടേതായ ഒരു സ്വത്വം കൈവിടാതെ അവർ ഈ രാജ്യത്തിന്‍റെ പൊതുസമൂഹത്തിന്‍റെ ഭാഗമായി തീർന്നിരിക്കുന്നു.
റമദാനിൽ രാത്രി മാത്രം പ്രവർത്തിക്കുന്ന യമനി ഭക്ഷണശാല ഇഫ്താർ സമയം മുതൽ അത്താഴ സമയം വരെ സജീവമായിരിക്കും. മദ്ഫൂനും മന്തിയും ഷവർമയും ഖുബ്ബൂസും കഹ്‌വയും ഐറാനും മറ്റു സവിശേഷ അറബിക് വിഭവങ്ങളുമായി ആളൊഴിയാത്ത തീൻമേശകൾക്ക് ചുറ്റും റസ്റ്റാറന്‍റ് ജീവനക്കാർ ഓടിനടക്കുന്നത് കാണാം. അത്താഴ സമയം കഴിഞ്ഞാൽ ആളൊഴിയുന്ന ഈ റസ്റ്റാറന്‍റുകളിലേക്ക് പിന്നീട് ആളുകൾ എത്തുന്നത് മഗ്രിബ് സമയത്ത് മാത്രമായിരിക്കും.