ലേബർ ക്യാമ്പിൽനിന്നും ടെന്റുകളിലേക്കുള്ള നോമ്പുതുറ യാത്ര
text_fieldsഖത്തർ പ്രവാസത്തിന്റെ ആദ്യനാളുകളിലെ റമദാൻ മാസങ്ങളിൽ പുതിയ മേച്ചിൽ പുറങ്ങൾ തേടുന്ന ദേശാടനപ്പക്ഷികളെ പോലെയായിരുന്നു ഞങ്ങൾ ലേബർ ക്യാമ്പിലെ അന്തേവാസികൾ. ഓരോ ദിവസവും പുതിയ ഇഫ്താർ ടെന്റുകൾ തേടിയുള്ള യാത്ര. ഇഫ്താർ ടെന്റുകളിൽ ബാങ്കിന് തൊട്ടുമുമ്പുള്ള ആ ഒരു നിമിഷത്തിൽ പൊടുന്നനെ പൊട്ടിവിരിയുന്ന നിശ്ശബ്ദതയും തുടർന്നുള്ള ബാങ്ക് വിളിയും നീണ്ട ഒരു ദിവസത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുമ്പോൾ അടുത്ത ചിന്തയും ചർച്ചയും പുതിയ ടെന്റുകൾ കണ്ടെത്തുന്നതിലാവും.
ആറുമണിക്കൂർ ഡ്യൂട്ടി കഴിഞ്ഞുവന്ന് ചെറു മയക്കവും അസർ നമസ്കാരവും കഴിഞ്ഞാൽ ക്യാമ്പിന് വെളിയിൽ നിർത്തിയിട്ടിരിക്കുന്ന കമ്പനി ബസുകളിലേക്ക് ആളുകൾ നീങ്ങിത്തുടങ്ങും. കണ്ണെത്താദൂരത്തായി പരന്നുകിടക്കുന്ന മരുഭൂമിയുടെ ഒത്ത നടുക്കുള്ള ലേബർ ക്യാമ്പിൽനിന്ന് അടുത്തുള്ള പട്ടണത്തിലെ ഇഫ്താർ ടെന്റുകളാവും ലക്ഷ്യം. വണ്ടി നിറഞ്ഞിരിക്കുന്ന ക്യാമ്പ് നിവാസികളുടെയെല്ലാം കണ്ണുകൾ അതുവരെ സീറ്റിലെത്താത്ത ഡ്രൈവറെ പരതുകയാവും. പിന്നീട് ദൂരത്തുനിന്ന് നടന്നുവരുന്ന ഡ്രൈവർ ഭായിക്ക് ഹീറോ പരിവേഷമായിരുന്നു.
ഞങ്ങളുടെ സ്ഥിരം നീലക്കളർ അശോക് ലൈലാൻഡ് ബസിന്റെ ഡ്രൈവർ റൂമിലെത്തന്നെ കാർന്നോരായ ചെർപ്പുളശ്ശേരിക്കാരൻ ഹംസക്കയാണ്. ഞങ്ങൾ റൂമിലെ ആളുകൾ കയറാതെ വേറെ ഒരാളെപ്പോലും കയറ്റില്ലെന്ന വാശിയുള്ള ഹംസക്ക നേരത്തേ തന്നെ വിളി തുടങ്ങും.. ‘വാടാ കുട്ട്യോളെ.. വേഗം പോവ്വാ.. ആ പഹയന്മാർ വണ്ടിക്ക് ചുറ്റുണ്ട്’. ചിലപ്പോഴൊക്കെ ഞങ്ങൾക്ക് മുമ്പേ വണ്ടിയിൽ കയറിപ്പറ്റാൻ സാധിക്കാത്തത്തിൽ കലിപൂണ്ട് വിറക്കുന്ന മിസിരിയെ പച്ചമലയാളത്തിൽ ചീത്ത പറയാനും ഹംസക്കക്ക് മടിയില്ല. എല്ലാവരെയും ഇഫ്താർ ടെന്റിൽ എത്തിച്ചിട്ടേ ഹംസക്ക അടങ്ങിയിരിക്കൂ.
ടെന്റിൽ നിരത്തിവെച്ചിരിക്കുന്ന വലിയ തളികകൾക്ക് ചുറ്റും ഇരിപ്പുറപ്പിച്ചാൽ പിന്നെ നാട്ടുവർത്താനം തുടങ്ങുകയായി. വർത്തമാനത്തിനിടക്ക് ഭക്ഷണത്തളിക പൊതിഞ്ഞുവെച്ചിരിക്കുന്ന പ്ലാസ്റ്റിക് കവർ പതിയെ ഉയർത്തിനോക്കുന്ന ചുമതല സ്വയം ഏറ്റെടുത്തിട്ടുണ്ട് ഹംസക്ക. തളികയിൽ ഒളിഞ്ഞുനോക്കിയ ശേഷം മുഖം വാടിയാൽ അന്ന് സാദാ ബിരിയാണിയും പുഴുങ്ങിയ ചിക്കനുമെന്ന് മനസ്സിലാക്കിക്കൊള്ളണം. ഹംസക്കയുടെ മുഖത്ത് നിലാവുപോലെ ചിരിവിടർന്നാൽ അന്ന് മജ്ബൂസ് അല്ലെങ്കിൽ കബ്സയുടെ കൂടെ ഒട്ടകമോ ആടോ ആവും. ആ ഊർജം പിന്നെ കൂട്ടത്തിലുള്ള ഞങ്ങളിലേക്കും പകരും. ബാങ്ക് വിളിക്കുന്നതുവരെയുള്ള കാത്തിരിപ്പാണ് പിന്നെ. ഞങ്ങൾ നാലോ അഞ്ചോ ആളുകളുടെ ഇടയിലേക്ക് ഇടക്കൊക്കെ തിരുകിക്കയറുന്ന പട്ടാണിയെ നോക്കി ചിരിച്ചുകൊണ്ട് ഹംസക്ക പറയും ‘മലങ്ങീല്ലോ റബ്ബേ...’
കൂട്ടത്തിൽ ആരെങ്കിലുമൊക്കെ ഇടക്കിടക്ക് കവർ പതിയെ ഉയർത്തിനോക്കി ഒട്ടകവും ആടുമൊക്കെതന്നെയെന്ന് ഉറപ്പുവരുത്തും. കഴിക്കുവാൻ തുടങ്ങിയാൽ വലിയ മാംസക്കഷണങ്ങൾ കൂട്ടത്തിൽ ചെറുപ്പമായ എനിക്ക് നീക്കിത്തരും ഹംസക്ക ‘ഇയ്യ് കഴിക്ക് കുട്ട്യേ’.. വയറും മനസ്സും നിറച്ച് അല്പം ക്ഷീണവുമായി ലൈലാൻഡ് ബസുകൾ വരി വരിയായി മരുഭൂമിയിലെ മൺപാതയിൽ പൊടിപടർത്തി ക്യാമ്പ് ലക്ഷ്യമാക്കി മടക്കം.
ഇന്ന് വർഷങ്ങൾക്കിപ്പുറം പലരും പലയിടങ്ങളിലായി. പണ്ടത്തെ ഉള്ളുതുറന്നുള്ള സംസാരങ്ങൾക്ക് പകരം നോമ്പിന്റെ അവസാന നിമിഷവും മൊബൈൽ സ്ക്രീനിൽ കൈവിരലുകൾ ഓടിച്ച് മിണ്ടാട്ടമില്ലാത്ത ഇരിപ്പാണിന്ന്. അർഹതപ്പെട്ടവർക്കായി ഇഫ്താർ ടെന്റുകളിലെ ഇരിപ്പിടങ്ങൾ ഒഴിവാക്കുമ്പോഴുമൊക്കെ ഹംസക്കമാരെ പോലെ ചില നഷ്ടബോധങ്ങൾ ഉണ്ടാക്കുന്നുണ്ട്..