ഇന്ന് കർക്കടക വാവുബലി; ക്ഷേത്രങ്ങൾ സജ്ജം
text_fieldsതിരുവനന്തപുരം: കർക്കടക വാവുബലിക്കായി ക്ഷേത്രങ്ങൾ ഒരുങ്ങി. വ്യാഴാഴ്ച പുലർച്ചെ അഞ്ചോടെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ ഒരുക്കം പൂർത്തിയായതായി പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത് അറിയിച്ചു. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, വർക്കല ജനാർദനസ്വാമി ക്ഷേത്രം, വർക്കല കടപ്പുറം എന്നിവിടങ്ങളിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് അഡ്വ. പി.എസ്. പ്രശാന്ത് നേരിട്ടെത്തി ഒരുക്കം വിലയിരുത്തി.
ഈ ക്ഷേത്രങ്ങൾക്ക് പുറമേ തിരുമുല്ലാവാരം കടപ്പുറം, ആലുവ മണപ്പുറം, പമ്പ ത്രിവേണി, കഠിനംകുളം, അരുവിക്കര, ശംഖുംമുഖം എന്നീ കേന്ദ്രങ്ങളിലും നൂറുകണക്കിന് ക്ഷേത്രങ്ങളിലുമായി ലക്ഷക്കണക്കിന് ഭക്തർ ബലിയർപ്പിക്കാൻ എത്തും.
കെ.എസ്.ആർ.ടി.സി, പൊലീസ്, ഫയർഫോഴ്സ്, റവന്യൂ, ജലവിഭവ വകുപ്പ് തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ചായിരുന്നു മുന്നൊരുക്കം. മഴ മുന്നറിയിപ്പുള്ളതിനാൽ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.