കൊച്ചുപാത്തുമ്മയുടെ നോമ്പോർമ
text_fieldsകൊച്ചുപാത്തുമ്മ
വടുതല: ഏഴാം വയസ് മുതൽ ശീലിച്ച നോമ്പ് ഈ വർഷം പ്രായാധിക്യത്താൽ നോക്കാൻ കഴിയാത്തതിന്റെ ദുഃഖത്തിലാണ് നരിക്കാട്ട് വെളിയിൽ കൊച്ചുപാത്തുമ്മ എന്ന 86കാരി. നോമ്പനുഭവങ്ങൾ പങ്കിട്ടപ്പോൾ ഏറെ പ്രയാസത്തോടെ പറഞ്ഞുവെച്ചതും ഇതായിരുന്നു. കുട്ടിക്കാലത്തെ മറക്കാനാവാത്ത ചില ഓർമകളാണ് ഓർത്തെടുത്തത്.
അക്കാലത്ത് ചന്തിരൂർ അറക്കൽ തറവാട്ടിൽ തന്റെയും മൂത്താപ്പയുടെയും കുടുംബങ്ങൾ ഒരുമിച്ചായിരുന്നു. ഏഴാമത്തെ വയസ്സിൽ നോമ്പ് നോക്കാൻ തുടങ്ങിയെങ്കിലും പലപ്പോഴും ഉച്ചവരെ മാത്രമേ നോമ്പിന് ആയുസുണ്ടായിരുന്നുള്ളു. വൈകുന്നേരം വരെയെത്തിയാൽ പൂർണമാക്കാൻ സമ്മർദമേറും. ആദ്യനോമ്പ് പൂർത്തീകരിച്ചാൽ നല്ല അംഗീകാരവും പ്രോത്സാഹനവും ലഭിക്കും.
ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന ആ കാലത്ത് വലിയവർക്ക് ലഭിക്കുന്ന മുന്തിയ ഭക്ഷണത്തിന്റെ ഓഹരിയും തന്ന് നോമ്പ് പിടിച്ച കുട്ടികളെ സന്തോഷിപ്പിക്കും. ഭക്ഷണത്തിന് വലിയ ബുദ്ധിമുട്ടുള്ളതിനാൽ തന്റെ ഉമ്മ അയൽക്കാർക്ക് കൊടുക്കാനും ഭക്ഷണം കരുതിയിരുന്നു. അതിനാൽ ഭക്ഷണമൊരുക്കുന്ന സമയങ്ങളിൽ അവരും ഉണ്ടാകാറുണ്ട്.
നോമ്പില്ലാത്ത പാവപ്പെട്ട അമുസ്ലിംങ്ങളായ അയൽവാസികൾക്കും ഭക്ഷണം കൊടുക്കുന്നത് അവരെ തെല്ലൊന്നുമല്ല സന്തോഷിപ്പിക്കുന്നത്. പാത്രങ്ങളും കൈലുകളും കുറവായത് കൊണ്ട് പ്ലാവില കൊണ്ട് കുമ്പിള് കൂട്ടുന്നത് പതിവായിരുന്നു. ഉച്ച മുതൽ പ്ലാവില ശേഖരിച്ച് കഴുകി കുമ്പിള് കൂട്ടുന്നതും ഒരുജോലിയായിരുന്നു അന്ന്.
14ാം വയസിൽ വാപ്പ മരിച്ചത് കൊണ്ട് 18ാമത്തെ വയസ്സിൽ നടന്ന തന്റെ കല്യാണത്തിന് നാട്ടുകാരുടെയും വീട്ടുകാരുടെയും വലിയ കരുതലുണ്ടായിരുന്നു. തന്റെ ഭർത്താവ് നരിക്കാട്ട് വെളി പരേതനായ അലിക്കുഞ്ഞ് ഹാജിയും എട്ടാമത്തെ വയസിൽ അനാഥനായ ആളാണ്. എന്റെ നാട്ടുകാരായ ചന്തിരൂർകാർ അദ്ദേഹത്തെ മുസ്ലിയാർ എന്നാണ് വിളിച്ചിരുന്നത്. പണ്ഡിതനായ അദ്ദേഹത്തിൽ നിന്നാണ് ധാരാളം അറിവുകൾ സ്വായത്തമാക്കിയത്.
അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, ഐഷ, ഇബ്രാഹിം പരേതയായ മറിയുമ്മ എന്നിവരാണ് മക്കൾ. രാത്രി ഭക്ഷണശേഷം പിതാവും മക്കളും ഒരുമിച്ചിരുന്ന് ദീനിയായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചരിത്രങ്ങൾ അവതരിപ്പിക്കുന്നതും അറിവ് വർധിക്കാൻ കാരണമായിട്ടുണ്ട്. വാദ പ്രതിവാദങ്ങളും തർക്കവും വരെ നടക്കുന്നത് പതിവായിരുന്നു. അദ്ദേഹം മരിക്കുന്നതിന് മുമ്പ് വരെ ഇത് തുടർന്നിരുന്നു - കൊച്ചുപാത്തുമ്മ പറഞ്ഞു.