കോലാഹലമേട് തങ്ങൾപ്പാറ ആണ്ടുനേർച്ചക്ക് ഇന്ന് കൊടിയേറും
text_fieldsകോലാഹലമേട് തങ്ങൾപ്പാറ മഖാം
മുണ്ടക്കയം: ചരിത്ര പ്രസിദ്ധമായ കോലാഹലമേട് തങ്ങൾപ്പാറ ആണ്ടുനേർച്ച വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് ഏന്തയാർ ബദരിയ്യ ജമാഅത്ത് പ്രസിഡന്‍റ് പി.വൈ. അബ്ദുല്ലത്തീഫ് പണിക്കവീട്ടിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിന്‍റെയും തമിഴ്‌നാടിന്‍റെയും വിവിധ മേഖലകളിൽനിന്നായി ജാതിമതഭേദമന്യേ പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരാറുണ്ട്. ഏന്തയാർ ബദരിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ നേതൃത്വത്തിലുള്ള മഖാം പരിപാലനസമിതിയാണ് മഖാമിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതും ആണ്ടുനേർച്ച സംഘടിപ്പിച്ചിരിക്കുന്നതും.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ജമാഅത്ത് പ്രസിഡന്‍റ് പി.വൈ. അബ്ദുൽ ലത്തീഫ് പണിക്കവീട്ടിൽ കൊടിയേറ്റും. ശനിയാഴ്ച 11.30 മുതൽ എല്ലാ മാസവും നടത്തിവരുന്ന തങ്ങൾപ്പാറ സ്വലാത്ത് നടക്കും. ഞായറാഴ്ച രാവിലെ 9.30 മുതൽ സിയാറത്ത്, ദിക്ർ ഹൽഖ, സ്വലാത്ത്, മൗലൂദ് പാരായണം, ഖുർആൻ പാരായണം എന്നിവ നടക്കും.
അഫ്സൽ സഖാഫി കരിപ്പോൾ, ഷിയാസ് അംജദി എന്നിവർ നേതൃത്വം നൽകും. ഉച്ചക്ക് 12 മുതൽ അന്നദാനവുമുണ്ടാവും. വാർത്തസമ്മേളനത്തിൽ അബ്ദു ആലസംപാട്ടിൽ, ഇ.എ. സുലൈമാൻ, പി.പി. ഖാലിദ് സഖാഫി എന്നിവർ സംബന്ധിച്ചു.