കർണാടകയിലെ കുക്കെ സുബ്രഹ്മണ്യ ക്ഷേത്രം വരുമാനത്തിൽ ഒന്നാമത്; രണ്ടാം സ്ഥാനം കൊല്ലൂർ മൂകാംബികക്ക്
text_fieldsകുക്കെ സുബ്രഹ്മണ്യ ക്ഷേത്രം, കൊല്ലൂർ മൂകാംബിക ക്ഷേത്രം
മംഗളൂരു: കർണാടകയിലെ ഏറ്റവും സമ്പന്ന ക്ഷേത്രമെന്ന പദവി വീണ്ടും ഉറപ്പിച്ച് ദക്ഷിണ കന്നട ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. 2024–25 സാമ്പത്തിക വർഷത്തെ വരുമാന പട്ടികയിലും കുക്കെ ക്ഷേത്രം ഒന്നാം സ്ഥാനം നേടി. ഔദ്യോഗിക കണക്കുകൾ പ്രകാരം 155.95 കോടി രൂപ (155,95,19,567) ആണ് 2024–25ലെ ആകെ വരുമാനം.
കഴിഞ്ഞ വർഷത്തെ 146.01 കോടിയിൽ നിന്ന് 9.94 കോടിയുടെ വർധനവാണ് 2024–25ൽ കാണിക്കുന്നത്. വിവിധ മതപരമായ സേവനങ്ങളിൽ നിന്നാണ് വരുമാനത്തിന്‍റെ ഭൂരിഭാഗവും ലഭിക്കുന്നത്. ഇതേ കാലയളവിൽ ക്ഷേത്രത്തിന്‍റെ ആകെ ചെലവ് 79.82 കോടി (79,82,73,197) രൂപയായിരുന്നു.
ഹിന്ദു മതസ്ഥാപന- ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, കർണാടക കൂടാതെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഭക്തരെ ആകർഷിക്കുന്ന പ്രമുഖ തീർഥാടന കേന്ദ്രമാണ്. സർപ്പാരാധനയുടെ ആഴത്തിൽ വേരൂന്നിയ പാരമ്പര്യത്തിന് പേരുകേട്ട ഈ ക്ഷേത്രം ആത്മീയവും സാംസ്കാരികവുമായ ആചാരങ്ങളുടെ സുപ്രധാന കേന്ദ്രമാണ്.
കർണാടകയിലെ ക്ഷേത്ര വരുമാനത്തിന്‍റെ റാങ്കിങ്ങിൽ കുക്കെ സുബ്രഹ്മണ്യക്ഷേത്രം സ്ഥിരം ഒന്നാം സ്ഥാനത്താണ്. കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രം രണ്ടാം സ്ഥാനത്താണ്. ഈ വർഷത്തെ കണക്ക് ക്ഷേത്ര വകുപ്പ പുറത്തുവിടുമ്പോൾ കുക്കെ ക്ഷേത്രം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ഔദ്യോഗിക പട്ടികയിൽ വീണ്ടും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.
ക്ഷേത്ര വരുമാനം വർഷങ്ങളിലൂടെ:
* 2011–12: 56.24 കോടി
* 2020–21: 68.94 കോടി
* 2021–22: 72.73 കോടി
* 2022–23: 123 കോടി
* 2023–24: 146.01 കോടി
* 2024–25: 155.95 കോടി