പാരമ്പര്യത്തിന്‍റെ പ്രൗഢിയിൽ മാവേലിക്കര
text_fieldsമാവേലിക്കരയിൽ സ്ഥാപിച്ച പുത്രച്ഛൻ എന്നറിയപ്പെടുന്ന ബുദ്ധപ്രതിമ
മാവേലിക്കര: പൗരാണിക പ്രത്യേകതകളാല്‍ ശ്രദ്ധേയമായ മാവേലിക്കരയുടെ ചരിത്രത്തിന് തുടക്കമിട്ടത് മഠത്തിങ്കൂര്‍ രാജവംശ അധിപനായ മാവേലി രാജാവില്‍ നിന്നാണെന്നാണ് അനുമാനം. അതുകൊണ്ടാണ് ഈ പ്രദേശത്തിന് 'മാവേലിക്കര' എന്ന പേരുകിട്ടിയതത്രേ.
മഠത്തിങ്കൂര്‍ രാജ്യം മധ്യതിരുവിതാംകൂര്‍ വരെ നീണ്ടുകിടന്നിരുന്നു. പിന്നീട് മാവേലിക്കരയടക്കമുള്ള ദേശങ്ങള്‍ ഓടനാട് എന്ന രാജ്യത്തിന്റെ ഭാഗമായി മാറിയതോടെ ഓണാട്ടുകര എന്ന പേരിൽ അറിയപ്പെട്ടു. മാവേലിക്കരയെ വ്യാപാര കേന്ദ്രമാക്കി ഉയര്‍ത്തിയത് രാമയ്യന്‍ വേണാടിന്റെ ദളവയായി വന്നതോടെയാണ്. ഇദ്ദേഹത്തിന്‍റെ കാലത്താണ് പ്രസിദ്ധമായ മാവേലിക്കര പണ്ടകശാല സ്ഥാപിക്കപ്പെട്ടത്.
ഡച്ചുകാര്‍ ഒരിക്കലും തിരുവിതാംകൂറിനെ ആക്രമിക്കില്ലെന്ന ആ ഉടമ്പടി ഒപ്പിട്ടത് മാവേലിക്കരയിൽ വെച്ചായിരുന്നു. ഇതിന്റെ ഓര്‍മക്കായി ഡച്ചുകാര്‍ ഒരു സ്തംഭവിളക്ക് മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സംഭാവന നല്‍കി. ഇന്നും പ്രൗഢിയോടെ നില്‍ക്കുന്ന ഈ വിളക്കില്‍ ഡച്ച് പട്ടാളക്കാരന്‍ തന്റെ തോക്ക് താഴേക്ക് ചൂണ്ടി നില്‍ക്കുന്ന പ്രതിമയും കാണാന്‍ കഴിയും. രാമയ്യന്‍ ദളവ മാവേലിക്കരയില്‍ സ്ഥാപിച്ച സ്ഥലം ഇന്നും 'കോട്ടക്കകം' എന്ന പേരില്‍ അറിയപ്പെടുന്നു. ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമായി ദളവമഠവും സ്ഥിതി ചെയ്യുന്നു.
മാവേലിക്കരയില്‍ നിലനിന്നിരുന്ന കാര്‍ഷിക സംസ്കാരത്തിന്റെ തിരുശേഷിപ്പുകളാണ് ദക്ഷിണകാശി എന്ന പേരില്‍ പ്രസിദ്ധമായ കണ്ടിയൂര്‍ മഹാദേവക്ഷേത്രവും ചെട്ടികുളങ്ങരയടക്കമുള്ള ഉത്സവങ്ങളും. കുംഭഭരണിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന കെട്ടുകാഴ്ച, കുത്തിയോട്ടം എന്നിവ ലോകപ്രശസ്തമാണ്.
മാവേലിക്കരയില്‍ ഒരു കാലത്ത് ബുദ്ധമത വിശ്വാസികളായിരുന്നു കൂടുതൽ. നൂറ്റാണ്ടുകൾക്കു മുമ്പ് കണ്ടിയൂരിൽ അച്ചൻകോവിൽ ആറിന്റെ തീരത്തുനിന്ന് കണ്ടെത്തിയ ബുദ്ധപ്രതിമ കൃഷ്ണസ്വാമി ക്ഷേത്രത്തിനുസമീപം സ്ഥാപിച്ചു. മാവേലിക്കര കൊട്ടാരത്തിൽനിന്ന് ഒരു മണ്ഡപം നിർമിച്ചു നൽകി. ഈ ജങ്ഷൻ ബുദ്ധ ജങ്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
മാവേലിക്കരയിലെ ക്രിസ്ത്യന്‍ പൗരാണികത വിളിച്ചറിയിക്കുന്ന പള്ളിയാണ് പുരാതനമായ സെന്റ് മേരീസ് കത്തീഡ്രല്‍. ഈ പള്ളിക്ക് 1000 വര്‍ഷത്തെ പഴക്കം ഉണ്ടെന്ന് ചരിത്രം പറയുന്നു. തലയെടുപ്പോടെ പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് മാവേലിക്കര ജുമാമസ്ജിദുമുണ്ട്. മലയാള ഭാഷയെയും സാഹിത്യത്തെയും സമ്പന്നമാക്കിയ കേരളപാണിനി എ.ആർ. രാജരാജവർമ, ചിത്രകാരൻ രാജ രവിവർമ എന്നിവരുടെ കർമമണ്ഡലമായിരുന്നു മാവേലിക്കര.