പ്രതീക്ഷകളുടെ പൊൻകിരണമാണ് മുഹറം
text_fieldsഇന്ന് മുഹറം പത്ത്. നിരവധി ചരിത്ര മുഹൂർത്തങ്ങളാൽ സമ്പന്നമായ ദിനം. ഇസ്‌ലാമിക ലോകം ഏറെ ആദരിക്കുന്ന ഒരു മാസമാണ് മുഹറം. ഹിജ്‌രി കലണ്ടറിലെ ആദ്യത്തെ മാസം. സ്വേച്ഛാധിപത്യത്തിന്റെയും അധികാരഗർവിന്റെയും അടിമച്ചങ്ങലകൾ പലതും പൊട്ടിച്ചെറിയപ്പെട്ടത് ഈ മാസത്തിലായിരുന്നു. ജനങ്ങളെ അടിമത്തത്വത്തിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ പൊൻപുലരിയിലേക്ക് കൈപിടിച്ചയുയർത്തിയ മാസം. ഈ മാസവും ഈ ദിനവും പല കാരണങ്ങളാൽ സവിശേഷപ്പെട്ടതാണ്. വെറുപ്പും വിദ്വേഷവും പ്രതികാരവും മാറ്റിവെച്ച് പരസ്പര സ്നേഹത്തിന്റെയും സഹകരണത്തിന്റെയും വീഥികൾ തുറന്നു വെക്കുന്നു ഈ ദിനങ്ങൾ.
മാനവ ചരിത്രത്തിലെ വലിയൊരു നാഴികക്കല്ലാണ് പ്രവാചകൻ മക്കയിൽ നിന്നും മദീനയിലേക്കു നടത്തിയ ഹിജ്‌റ (പലായനം). അദ്ദേഹത്തിന്റെ ഈ വിമോചനയാത്ര എന്നത് കേവലമായ ഒരു പലായനം അല്ല, മറിച്ച് അക്രമ വ്യവസ്ഥകളോടുള്ള വിയോജിപ്പാണ്. ഖലീഫ ഉമറിന്റെ കാലത്താണ് ഹിജ്‌റ കലണ്ടർ നിലവിൽ വരുന്നത്. പുതിയ കലണ്ടർ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകൾ നടന്നിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ നിരവധി സംഭവങ്ങളും നാഴികക്കല്ലുകളും ഉണ്ടായിരുന്നിട്ടും പ്രവാചകാനുയായികൾ തങ്ങളുടെ കാലഗണനയുടെ നാന്ദിയായി തെരഞ്ഞടുത്തത് പ്രവാചകന്റെ ഹിജ്‌റയെയായിരുന്നു.
പുതിയ കാലത്ത് ലോകത്തിന്റെ പലയിടങ്ങളിലും വിവിധ കാരണങ്ങളാൽ ലക്ഷകണക്കിന് മനുഷ്യർ പിറന്ന നാട്ടിൽ നിന്നും പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുകയാണ്. അഭയാർഥികളാക്കപ്പെടുന്ന ഇവർക്ക് മുന്നിൽ ലോകം വാതിലുകൾ കൊട്ടിയടക്കുന്നു. ഇവിടെയാണ് മക്കയിൽ നിന്നും മദീനയിലേക്ക് പലായനം ചെയ്തു വന്നവരെ മദീനക്കാർ എല്ലാം നൽകി സ്വീകരിച്ച മനോഹരമായ ആ കാഴ്ച ഏറെ പ്രസക്തമാവുന്നത്. തങ്ങൾക്കുള്ളതെല്ലാം പകുത്തു നൽകാൻ മദീനക്കാർ സന്നദ്ധരായി. അതുവരെ ലോകം ദർശിക്കാത്ത അതിമഹത്തായ സാഹോദര്യത്തിന്റെ ചരിതം രചിക്കപ്പെട്ടു.
മുഹറം പത്ത്; ചരിത്ര വിജയത്തിന്റെ അടയാളം
മുഹറം പത്തിന് ലോകമെമ്പാടുമുള്ള മുസ്‌ലിംകൾ വ്രതം അനുഷ്ഠിക്കാറുണ്ട്. ഫറോവയുടെ പീഡനത്തിൽ നിന്നും മൂസാ പ്രവാചകൻ ബനൂ ഇസ്രായീല്യരെ വിമോചിപ്പിച്ചതിന്റെ സന്തോഷസൂചകമായാണ് ഈ നോമ്പ് അനുഷ്ഠിക്കുന്നത്. മദീനയിലേക്കെത്തിയ പ്രവാചകൻ മുഹറം ഒമ്പതിനും കൂടി നോമ്പ് എടുക്കാൻ തന്റെ അനുയായികളോട് പറയുകയുണ്ടായി.
ലോകം കണ്ടതിൽ വെച്ചേറ്റവും നിഷ്ടൂരനായ ഭരണാധികാരിയായിരുന്നു ഫറോവ. വിശുദ്ധ ഖുർആൻ അതിനെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ് " ഫറോവ ഭൂമിയിൽ ഗർവിഷ്ഠനായി വാണു. അവൻ ഭൂനിവാസികളെ വിവിധ കക്ഷികളായി വിഭജിച്ചു. അതിലൊരു കക്ഷിയെ അടിച്ചമർത്തി നിന്ദിക്കുകയും ചെയ്തു. അവരിലെ ആൺ സന്തതികളെ കൊന്നുകളയുകയും പെൺ സന്തതികളെ ജീവിക്കാൻ വിടുകയും ചെയ്തു." (ഖുർആൻ 28/4). തങ്ങളുടെ അധികാരം ഉറപ്പിക്കാൻ അക്രമികളായ ഭരണാധികാരികൾ എന്നും തങ്ങളുടെ പൗരന്മാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുക എന്നത് ചരിത്രത്തിന്റെ ആവർത്തനമാണ്. മതം, ജാതി, ഭാഷ, വേഷം, വർണം എന്നിവയുടെയൊക്കെയുള്ള വേർതിരിവുകൾ അധികാരികളുടെ കുബുദ്ധിയിൽ പിറന്നു വീഴുന്നതാണ്.
ഫറോവ കൊല്ലാൻ തീരുമാനിച്ച മൂസാ പ്രവാചകൻ അയാളുടെ കൊട്ടാരത്തിൽ തന്നെ വളർന്നു എന്നത് ദൈവത്തിന്റെ മറ്റൊരു തീരുമാനം. ഫറോവയെ ഭയന്ന് കുഞ്ഞു മൂസയെ മാതാവ് ഒരു പേടകത്തിലാക്കി നൈൽ നദിയിലേക്ക് ഒഴുക്കിവിട്ടു. കുളിക്കാൻ തോഴിമാരോടൊത്ത് എത്തിയ ഫറോവയുടെ ഭാര്യ ആ പൈതലിനെ കണ്ടെടുക്കുന്നു. മക്കളില്ലാത്ത അവർ ഫറോവയുടെ അനുമതിയോടെ മൂസയെ കൊട്ടാരത്തിൽ വളർത്തുന്നു. യുവാവായ മൂസ ഒരിക്കൽ പട്ടണത്തിൽ ചെന്നപ്പോൾ ഒരു ഖിബ്തിയും ഇസ്രായീല്യനും തമ്മിൽ കലഹിക്കുന്നതും അത് കയ്യാങ്കളിയിലേക്ക് എത്തുന്നതും കാണാൻ ഇടയായി. ഇവരുടെ പ്രശ്നം പരിഹരിക്കാൻ ചെന്നതിനിടയിൽ അബദ്ധത്തിൽ മൂസയുടെ പ്രഹരമേറ്റ് ഖിബ്തി കൊല്ലപ്പെട്ടു. പിന്നീട് ഇത് ഫറോവ അറിയുകയും രോഷാകുലനാവുകയും ചെയ്തു. ഇതിനെ തുടർന്ന് മൂസ ഈജിപ്തിൽ നിന്നും മദ്‌യനിലേക്ക് പലായനം ചെയ്തു. അവിടെ നിന്നും വിവാഹം കഴിക്കുകയും പത്ത് വർഷത്തോളം അവിടെ താമസിക്കുകയും ചെയ്തു. ദൈവകൽപന പ്രകാരം അദ്ദേഹം വീണ്ടും ഈജിപ്തിൽ എത്തുകയാണ്. ഫറോവയിലേക്കുള്ള ആപത്കരമായ ദൗത്യത്തിന്റെ പൂർത്തീകരണത്തിന് അലസനായി ചെന്നാൽ പോരായിരുന്നു. ശക്തിയും സജ്ജീകരണങ്ങളും വേണ്ടതുണ്ടായിരുന്നു. നിശ്‌ചയദാർഢ്യമുള്ള ഒരു പ്രവാചകനെപോലും ഭയപ്പെടുത്തുന്ന ഭയാനകമായ സാഹചര്യങ്ങളെയാണ് അദ്ദേഹത്തിന് അഭിമുഖീകരിക്കാനുണ്ടായിരുന്നത്. അദ്ദേഹം ഫറോവയുടെ കൊട്ടാരത്തിലേക്ക് പോവുകയും അവനെയും അവന്റെ നാട്ടുപ്രമാണികളെയും ലോകനാഥനിലേക്ക് ക്ഷണിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കൂടെ സഹോദരൻ ഹാറൂൻ പ്രവാചകനുമുണ്ടായിരുന്നു. ഫറോവയും കൂട്ടാളികളും ഈ ഭൂമിയുടെ ചെറിയൊരംശത്തിന്റെ അധികാരം മാത്രം കൈയടക്കി വെച്ചിട്ടാണ് ലോകത്തിലെ മഹാശക്തി താൻ മാത്രമാണെന്ന് ഗർവ് നടിച്ചത്. ഫറോവയുടെ പൊള്ളയായ അഹങ്കാരത്തിനെ ദൈവം ചെങ്കടലിൽ മുക്കി താഴ്ത്തുന്നതാണ് പിന്നീട് നാം കാണുന്നത്. ധിക്കാരമനുവർത്തിക്കുകയും സത്യത്തെ നിഷേധിക്കുകയും ചെയ്യുന്നവർ ആര് തന്നെയായാലും അവരുടെ പതനം സുനിശ്ചിതമായിരിക്കുമെന്നതാണ് നാം തിരിച്ചറിയേണ്ട വലിയ പാഠം. ലോകാവസാനം വരെയുള്ള മനുഷ്യർക്ക് ഒരു ദൃഷ്ടാന്തമായി ഇന്നും ഈജിപ്തിലെ മ്യൂസിയത്തിൽ ഫറോവയുടെ ഭൗതിക ശരീരം ഉണ്ട്.
കർബല സംഭവം
ഈ ദിവസത്തെ മറ്റൊരു പ്രത്യേകതയാണ് പ്രവാചക പൗത്രൻ ഹുസൈൻ ബിൻ അലിയുടെയും കൂട്ടരുടെയും രക്തസാക്ഷ്യത്തിന് ഹേതുവായി തീർന്ന കർബല സംഭവം. ഹിജ്‌റ വർഷം 61ലെ മുഹറം പത്തിനായിരുന്നു ചരിത്രത്തിലെ കറുത്ത അധ്യായമായ ഈ ദാരുണമായ സംഭവം നടന്നത്. പ്രവാചകൻ മുഹമ്മദ് നബിക്ക് ശേഷം ഇസ്‌ലാമിക ലോകത്തിന്റെ ഭരണം നിർവഹിച്ചത് ഖലീഫമാരായ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി എന്നിവരായിരുന്നു.
അലിയുടെ വിയോഗാനന്തരം ഭരണത്തിലിരിക്കാൻ തീരെ താല്പര്യമില്ലാതിരുന്ന പ്രവാചക പൗത്രനായ ഹസൻ അധികാരം കയ്യൊഴിഞ്ഞു. ഇതിനെത്തുടർന്നാണ് അമവികൾ അധികാരത്തിലേക്കെത്തുന്നത്. മുആവിയക്ക് ശേഷം ഭരണത്തിലെത്തിയത് അദ്ദേഹത്തിന്റെ മകൻ യസീദ് ആയിരുന്നു. യസീദ് ബിൻ മുആവിയ അധികാരമേറ്റെടുത്ത രീതിക്കെതിരെ ഹുസൈൻ ബിൻ അലി, അബ്‌ദുല്ലാഹിബിനു സുബൈർ തുടങ്ങിയ പ്രമുഖരായ അഞ്ച് പ്രവാചക സഹചരർ രംഗത്ത് വന്നു. ഇസ്‌ലാമിക ഖിലാഫത്തിനെ കുടുംബ വാഴ്ചയിലേക്ക് കൊണ്ടുപോയെന്നായിരുന്നു ഇവരുടെ വാദം.
ഈ സമയത്ത് മദീനയിൽ ആയിരുന്നു ഹുസൈൻ. അദ്ദേഹം കുടുംബസമേതം മക്കയിലെത്തി. ഈ അവസരത്തിലാണ് ഇറാഖിലെ കൂഫയിൽ നിന്നും മറ്റുമായി നിരവധി കത്തുകൾ അദ്ദേഹത്തിലേക്കെത്തിയത്. എല്ലാത്തിന്റെയും ഉള്ളടക്കം എത്രയും പെട്ടെന്ന് കൂഫയിലെത്തണമെന്നും ഖലീഫയായി താങ്കൾ സ്ഥാനം ഏറ്റെടുക്കണമെന്നും അനുസരണ പ്രതിജ്ഞ ചെയ്യാൻ തങ്ങൾ ഒരുക്കമാണെന്നുമായിരുന്നു. ഇതിന്റെ നിജസ്ഥിതി ഉറപ്പ് വരുത്താനും ആവശ്യമാവുകയാണെങ്കിൽ ആളുകളെ സംഘടിപ്പിക്കാനും വേണ്ടി തന്റെ പിതൃവ്യ പുത്രൻ മുസ്‌ലിം ബിൻ അഖീലിനെ ഹുസൈൻ കൂഫയിലേക്ക് പറഞ്ഞയച്ചു. അവിടെയുണ്ടായിരുന്ന നിരവധിയാളുകൾ ഹുസൈനെ ഖലീഫയായി ബൈഅത്ത് (അനുസരണ പ്രതിജ്ഞ) ചെയ്തു. ഈ വിവരം മുസ്ലീം ഹുസൈനെ അറിയിച്ചു. കൂഫക്കാരുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ചു അങ്ങോട്ടേക്ക് പുറപ്പെടാനൊരുങ്ങിയ അദ്ദേഹത്തെ ഇബ്നു അബ്ബാസ് ഉൾപ്പെടെയുള്ള പല പ്രമുഖരും പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ തന്റെ കുടുംബം, സേവകർ തുടങ്ങിയ നൂറോളം പേരുമായി അദ്ദേഹം അങ്ങോട്ടേക്ക് പുറപ്പെട്ടു.
എന്നാൽ കൂഫയിലെ കാര്യങ്ങൾ പെട്ടെന്നായിരുന്നു തകിടം മറിഞ്ഞത്. ഗവർണറായിരുന്ന നുഅമാനെ മാറ്റി യസീദ് തന്റെ വിശ്വസ്തനും ക്രൂരനുമായ ഉബൈദുല്ലാഹിബ്നു സിയാദിനെ നിയമിച്ചു. യസീദിന്റെ മനോവിചാരം പോലെ സിയാദ് കാര്യങ്ങൾ മുന്നോട്ട് നീക്കി. ആദ്യപടിയായി ഹുസൈന്റെ പ്രതിനിധിയായി എത്തിയ മുസ്‌ലിമിനെ പിടികൂടി വധിച്ചു കളഞ്ഞു. ഹുസൈനെ ബൈഅത്ത് ചെയ്ത നേതാക്കന്മാരിൽ പലരെയും വധിക്കുകയും മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെ മരണഭയം പിടികൂടിയ ഹുസൈൻ അനുകൂലികൾ കൂറുമാറി സിയാദിന്റെ ഒപ്പം നിൽക്കാൻ നിർബന്ധിതരായി .
ഇതൊന്നുമറിയാതെ യാത്ര തുടർന്ന ഹുസൈനെയും കൂട്ടരെയും വഴിയിൽ വെച്ച് ഉമറുബിനു സഅദിന്റെ നേതൃത്വത്തിലുള്ള സിയാദിന്റെ സൈന്യം തടഞ്ഞു. തനിക്ക് കത്തെഴുതിയവരെ വിളിച്ച് ഹുസൈൻ കാര്യങ്ങൾ പറഞ്ഞുവെങ്കിലും അവരുടെ മറുപടി കനത്ത നിശ്ശബ്ദതയായിരുന്നു. കീഴടങ്ങാൻ ആവശ്യപ്പെട്ട സൈന്യത്തോട് ഹുസൈൻ പറഞ്ഞത് തന്നെ മക്കയിലേക്ക് തിരിച്ചു പോകാനോ അല്ലെങ്കിൽ ഡമസ്കസിൽ പോയി യസീദിനെ കാണാനോ അനുവദിക്കണം എന്നായിരുന്നു. എന്നാൽ ക്രൂരനായ സിയാദ് ഇത് രണ്ടും അനുവദിച്ചില്ല. ഒന്നുകിൽ യസീദിനെ ഖലീഫയായി അംഗീകരിക്കുക അല്ലെങ്കിൽ തനിക്ക് മുന്നിൽ ഹാജരാവുക എന്നായിരുന്നു സിയാദിന്റെ തിട്ടൂരം. അതിനേക്കാൾ നല്ലത് മരണമെന്നതായിരുന്നു ഹുസൈന്റെ ഉറച്ച നിലപാട്. സൈന്യം അവർക്ക് ഭക്ഷണവും വെള്ളവും തടഞ്ഞു. യുദ്ധം ആരംഭിച്ചു. ഹുസൈനെ കൂടാതെ അദ്ദേഹത്തിന്റെ മക്കളായ അലി, ഖാസിം, അബൂബക്കർ, സഹോദരന്മാരായ അബ്ദുല്ല, അബ്ബാസ്, ഉസ്മാൻ, ജാഫർ, മുഹമ്മദ് തുടങ്ങിയ എല്ലാവരെയും ശത്രുക്കൾ നിഷ്ക്കരുണം വധിച്ചു. ഇതാണ് കർബല സംഭവത്തിന്റെ ചുരുക്കം.
എന്നാൽ അന്തിമവിജയം സത്യത്തിന്റെയും നീതിയുടെയും ആളുകൾക്ക് തന്നെയായിരിക്കും എന്നതാണ് മുഹറം നമ്മെ ഉണർത്തുന്നത്. നിരാശയുടെ ഇരുട്ടിൽ നിന്നും പ്രത്യാശയുടെ പൊൻപുലരിയിലേക്ക് നടന്നടുക്കാൻ മുഹറം നമ്മെ പ്രചോദിപ്പിക്കട്ടെ.


