ക്രിസ്മസ് പുൽക്കൂട് ഒന്നല്ല, ഒരായിരം; അസമിൽ നിന്ന് ചൂരൽ എത്തിച്ചാണ് നിർമാണം
text_fieldsചേർത്തല: ക്രിസ്മസ് കാലത്താണ് മനോഹരമായ പുൽക്കൂടുകളുടെ പിറവി. അത്തരമൊരു കാഴ്ചയിലേക്കാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് കളവംകോട് ബിഷപ് മൂർ സ്കൂളിന് സമീപത്തെ ഹാൻഡിക്രാഫ്റ്റ് കമ്പനിയിൽ വടക്കേമുറി വി.എസ്. പീറ്ററാണ് ആയിരക്കണക്കിന് ചെറുതും വലുതുമായ പുൽക്കൂടുകൾ നിർമിച്ചിട്ടുള്ളത്. അസമിൽനിന്ന് വൻതോതിൽ ചൂരലുകൾ എത്തിച്ചാണ് പുൽക്കൂടുകളുടെ നിർമാണം. എട്ടിലധികം അന്തർസംസ്ഥാന തൊഴിലാളികൾ അടക്കം രാവും പകലും കൊണ്ടാണ് പീറ്ററിന്റെ നേതൃത്വത്തിൽ കൂടുകൾ നിർമിക്കുന്നത്.
ക്രിസ്മസ് വിപണി ലക്ഷ്യമാക്കി മൂന്നുമാസം മുമ്പാണ് നിർമാണം ആരംഭിച്ചത്. ഇതിനോടകം 2000ലധികം പുൽക്കൂടുകൾ പൂർത്തിയായി. അത്രതന്നെ പുൽക്കൂടുകൾക്ക് ഇതിനോടകം പുതുമായി ഓർഡറും ലഭിച്ചു. അസമിലെ ചൂരൽക്കാടുകളിൽ പോയി കരാർ ഉറപ്പിച്ച് വെട്ടിയെടുക്കുന്ന ചൂരൽ നാട്ടിലെത്തിച്ച് പല രൂപത്തിലാക്കി നാല് ചുവരുകളും താഴെ ഹാർഡ് ബോർഡുമാണ് പുൽക്കൂടിന് ഉപയോഗിക്കുന്നത്.
മൂന്ന് വർഷമായി തുടർച്ചയായി ക്രിസ്മസ് വിപണി ലക്ഷ്യമാക്കി കോഴിക്കോട് മുതൽ കൊല്ലം വരെ ജില്ലകളിലാണ് വിപണനം. എന്നാൽ, തമിഴ്നാട്ടിൽനിന്നും ആവശ്യക്കാർ എത്തിത്തുടങ്ങിയിട്ടുണ്ട്. ഒന്നു മുതൽ മൂന്നടി വരെ വലുപ്പമുള്ള പുൽക്കൂടുകളാണ് സാധാരണ നിർമിക്കുന്നത്. ഇതിന് ഉപയോഗിക്കുന്ന ആണി വിദേശനിർമിതിയാണ്. 15 വർഷം കേടുകൂടാതിരിക്കുമെന്നാണ് പീറ്ററിന്റെ ഉറപ്പ്.
ദേവാലയങ്ങളിലേക്കും ആവശ്യക്കാർക്കും നിർദേശിക്കുന്ന അളവിലും വലുപ്പത്തിലും പുൽക്കൂടുകൾ നിർമിച്ച് നൽകുന്നുണ്ട്. ആവശ്യക്കാർക്ക് പുൽക്കൂട്ടിൽ വയ്ക്കോലും നൽകുന്നുണ്ട്. 450 രൂപ മുതൽ വലുപ്പം അനുസരിച്ചാണ് ഓരോന്നിനും വില.
തമിഴ്നാട്ടിലെ സീഫുഡ് കമ്പനിയിൽ 40 വർഷം ജോലി ചെയ്ത പീറ്റർ അഞ്ചുവർഷം മുമ്പാണ് നാട്ടിലെത്തി ഹാൻഡിക്രാഫ്റ്റ് നിർമാണ കമ്പനി ആരംഭിച്ചത്. പട്ടണക്കാട് പഞ്ചായത്ത് ഓഫിസിനു സമീപം ദേശീയപാതയോരത്ത് വാടകക്കെടുത്ത കെട്ടിടം റോഡ് നിർമാണത്തിനായി പൊളിച്ചുനീക്കിയതോടെയാണ് കളവംകോട് സ്വന്തമായ സ്ഥലത്ത് നിർമാണം ആരംഭിച്ചത്.