'മുന്നോട്ടുവെക്കുന്നത് സമത്വപൂർണമായ ലോകം'
text_fieldsമതാനുഷ്ഠാനങ്ങളിൽ മിക്കതിനും പിന്നിൽ വളരെ മാനവികമായ ആശയങ്ങളുണ്ട്. എന്റെ നോട്ടത്തിൽ വ്രതാനുഷ്ഠാനങ്ങൾ മുഖ്യമായും മനസ്സിനെയും ശരീരത്തെയും ശുദ്ധീകരിക്കുന്നതാണ്.
സാമൂഹിക-സാമ്പത്തിക അസമത്വം സൃഷ്ടിച്ച അതിദുസ്സഹ സാഹചര്യങ്ങൾ പട്ടിണിക്കിട്ട ലോകത്തെ കോടിക്കണക്കിന് മനുഷ്യരെയാണ് വ്രതകാലം ഓർമിപ്പിക്കുന്നത്. ഒരു അനുഷ്ഠാനത്തിന്റെയും ഭാഗമല്ലാതെ പട്ടിണി കിടക്കേണ്ടിവരുന്നവരെക്കുറിച്ച് ചിന്തിക്കാൻ വ്രതാനുഷ്ഠാന നാളുകൾ വിശ്വാസികളെ പ്രേരിപ്പിക്കുന്നു. ചുറ്റുവട്ടങ്ങളിൽ ആരും വിശന്നിരിക്കുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നിങ്ങൾ ഭക്ഷണം കഴിക്കാവൂ എന്നാണ് നബിയുടെ പാഠം. അതൊരുതരത്തിൽ സമത്വപൂർണ സമൂഹത്തെക്കുറിച്ച സങ്കൽപമാണ് നൽകുന്നത്.
ഉള്ളത് എല്ലാവരും പങ്കിട്ട് കഴിക്കണം. ദാനധർമങ്ങൾ വ്രതത്തിന്റെ അവിഭാജ്യ ഘടകമായതും അതുകാരണമാണ്. അഞ്ചപ്പം അയ്യായിരം പേർക്ക് വിളമ്പിയ ക്രിസ്തുവും ഇന്ത്യൻ ഇതിഹാസത്തിലെ അക്ഷയപാത്രവുമൊക്കെ (യഥാർഥത്തിൽ അക്ഷയപാത്രമെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഭൂമിയെയാവാം) സമത്വപൂർണ ലോകമെന്ന ആശയംതന്നെയാണ് മുന്നോട്ടുവെക്കുന്നത്.
ജീവലോകത്തിന്റെ അടിസ്ഥാനപ്രശ്നമാണ് വിശപ്പ്. അതിനെ നമ്മുടെ ചിന്തയുടെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുകയാണ് വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ. അതുതന്നെയാണ് വ്രതാനുഷ്ഠാനത്തിന്റെ ഏറ്റവും വലിയ മഹത്ത്വവും.