വണ്ണാത്തിപ്പുഴയുടെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കി ഓണത്തല്ല്
text_fields1. കാനായി വണ്ണാത്തിപ്പുഴയിൽ നടന്ന ഓണത്തല്ല് മത്സരം 2. ടി.വി. രാജേഷും ശിൽപി ഉണ്ണി കാനായിയും തമ്മിലുള്ള മത്സരത്തിൽനിന്ന്
പയ്യന്നൂർ: മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ ടി.വി. രാജേഷും ശിൽപി ഉണ്ണി കാനായിയും തമ്മിലായിരുന്നു ആദ്യ അടി. ഏറെനേരം നീണ്ട പൊരിഞ്ഞ അടിക്കൊടുവിൽ ശിൽപി പുഴയിലേക്ക്. വണ്ണാത്തിപ്പുഴയുടെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കി നടന്ന ഓണത്തല്ല് മത്സരം വടക്കിന്റെ ഓണാഘോഷത്തിന് പുതിയ ദൃശ്യാനുഭവമാണ് പകർന്നുനൽകിയത്.
കാനായി സൗത്ത് യുവജന കലാസമിതിയാണ് വ്യത്യസ്തമായ ഓണത്തല്ല് മത്സരം സംഘടിപ്പിച്ചത്. കാനായി വണ്ണാത്തിപ്പുഴയിൽ മീങ്കുഴി അണക്കെട്ടിനടുത്ത പുഴയിൽ നടന്ന ഓണത്തല്ലിൽ പങ്കെടുത്തത് 38ഓളം മത്സരാർഥികൾ. തല്ലുകാണാനെത്തിയത് ആയിരങ്ങളാണ്. ശിൽപി ഉണ്ണി കാനായിയാണ് ശിൽപ നിർമാണത്തിന് കൊണ്ടുവന്ന റസിന്റെയും ജൽകൊട്ടിന്റെയും 35 ലിറ്ററിന്റെ പ്ലാസ്റ്റിക് കാനുകൾ ഇരുമ്പു പൈപ്പുകൊണ്ട് വെൽഡ് ചെയ്ത് ബോക്സിനകത്ത് ഉറപ്പിച്ച് മത്സരവേദിയൊരുക്കിയത്.
50 കാനുകൾ ജി.ഐ പൈപ്പുകൊണ്ട് ഫിറ്റ് ചെയ്ത് വെള്ളത്തിന് മുകളിൽ പൊന്തിനിൽക്കുന്ന പ്ലോട്ടിങ് ബേസ് നിർമിച്ച് ഇതിനു മുകളിലായിരുന്നു തല്ല്. ഉത്രാട നാളിൽ സാമ്പിൾ തല്ല് നടന്നു. ഇത് വലിയ വാർത്തയായതോടെ ചതയംനാളിലെ തല്ലിന് വിദൂരസ്ഥലങ്ങളിൽ നിന്നുപോലും ആളുകൾ എത്തി. തല്ല് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. ഞായറാഴ്ച നടന്ന ഓണത്തല്ല് മത്സരം മുൻ എം.എൽ.എ ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ ഡി.വൈ.എസ്.പി കെ. വിനോദ് കുമാർ സമ്മാനദാനം നിർവഹിച്ചു.