തിരുവോണത്തോണി നീരണിഞ്ഞു
text_fieldsആറന്മുള: ആചാരത്തനിമയോടെ ഓണാഘോഷങ്ങൾക്ക് തുടക്കമിട്ട് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ തിരുവോണത്തോണി നീരണിഞ്ഞു. ശനിയാഴ്ച രാവിലെ 11.50ന് തോണിപ്പുരയിൽ ദേവസ്വം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ആർ. രേവതി ഭദ്രദീപം കൊളുത്തി. ക്ഷേത്ര ശ്രീകോവിലിൽ നിന്ന് കൊണ്ടുവന്ന മാലകൾ തോണിയിൽ ചാർത്തി. തുടർന്ന് പള്ളിയോടങ്ങളിൽ നിന്നുതിർന്ന വഞ്ചിപ്പാട്ടിന്റെ ആരവത്തിൽ തോണി പമ്പയിലേക്ക് നീരണിഞ്ഞു.
തോണി നീരണിയുന്നത് കാണാൻ രാവിലെ മുതൽ നിരവധി ഭക്തരാണ് എത്തിയത്. വള്ളസദ്യയിൽ പങ്കെടുക്കാനെത്തിയ 13 പള്ളിയോടങ്ങളും ക്ഷേത്രക്കടവിൽ എത്തിയിരുന്നു.
ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്‍റ് വിജയൻ നടമംഗലം, സെക്രട്ടറി ശശി കണ്ണങ്കേരിൽ, ഉപദേശക സമിതിയംഗം കെ.എസ്. രാജശേഖരൻ നായർ, പള്ളിയോട സേവാസംഘം എക്സിക്യൂട്ടിവ് അംഗം വിജയകുമാർ ചുങ്കത്തിൽ, എൻ.എസ്. ഗിരീഷ്കുമാർ, ബാലചന്ദ്രൻ പുത്തേത്ത്, ബാബു മലമേൽ, ഗീത കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
പൂരാടത്തിന് രാവിലെ ശ്രീബലിക്കു ശേഷം തോണി തിരുവോണസദ്യക്കുള്ള വിഭവങ്ങളുമായി എത്താനായി കാട്ടൂർക്ക് യാത്രതിരിക്കും.