ഇനി പൂവിളി ഉയരും; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര നാളെ
text_fieldsഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളിന്റെ ഓർമപുതുക്കലാണ് ഓണം. നാളെ അത്തം തുടങ്ങുകയാണ്. ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്കും നാളെ തുടക്കമാകും. ഓണമെത്തിയതോടെ പൂക്കച്ചവട വിപണിയും സജീവമായി. അത്തച്ചമയ ഘോഷയാത്രക്ക് മുന്നോടിയായി ഇന്ന് വൈകീട്ട് ഹില്‍പ്പാലസില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചി രാജകുടുംബ പ്രതിനിധിയില്‍ നിന്നും തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്‌സണ്‍ രമ സന്തോഷ് അത്തപ്പതാക ഏറ്റുവാങ്ങും. അത്തം നഗറായ തൃപ്പൂണിത്തുറ ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നാളെ രാവിലെ ഒൻപതിന് മന്ത്രി എം.ബി രാജേഷ് അത്താഘോഷം ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എല്‍.എ അധ്യക്ഷത വഹിക്കും.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ഓണത്തോടനുബന്ധിച്ച് ചിങ്ങമാസത്തിലെ അത്തം നാളിൽ നടത്തുന്ന ഒരു ആഘോഷമാണ് അത്തച്ചമയം. നടന്‍ ജയറാം ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യും. തുടര്‍ന്ന് 9.30 ന് അത്തം ഘോഷയാത്ര ആരംഭിക്കും. കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഈ ഘോഷയാത്രയിൽ തനത് കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം, തിറ, പുലികളി തുടങ്ങിയവ അവതരിപ്പിക്കാറുണ്ട്. കൂടാതെ, പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച ആളുകൾ, ആനകൾ, ചെണ്ടമേളം എന്നിവയും ഈ ഘോഷയാത്രയുടെ പ്രത്യേകതകളാണ്.
കൊച്ചി രാജാക്കന്മാരുടെ ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറ. കൊച്ചി രാജാക്കന്മാർ ഓണം ആഘോഷിച്ചിരുന്നത് തൃപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയോടെയായിരുന്നു. അത്തം നാളിൽ കൊച്ചി മഹാരാജാവ് പ്രത്യേകമായി അണിഞ്ഞൊരുങ്ങി, തന്റെ പ്രജകളെ കാണാൻ കൊട്ടാരത്തിൽനിന്നും പുറത്തേക്കിറങ്ങുന്നു. ആ സമയത്ത്, എല്ലാ പ്രദേശത്തുനിന്നുമുള്ള പ്രതിനിധികൾ രാജാവിനെ കാണാൻ വരുന്നു എന്നതാണ് ഐതിഹ്യം.
പുരാണങ്ങളനുസരിച്ച് തൃപ്പൂണിത്തുറ അത്തച്ചമയത്തിന് മഹാബലിയുമായി ബന്ധമുണ്ട്. മഹാബലിയെ വരവേൽക്കാൻ, ആളുകൾ അണിഞ്ഞൊരുങ്ങി നിൽക്കുന്നു. മഹാബലി, തന്റെ പ്രജകളെ കാണാൻ വരുന്നു. അങ്ങനെ, രാജാവും പ്രജകളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്ന ആഘോഷമായി ഈ ഘോഷയാത്ര മാറി. പിന്നീട് രാജഭരണം ഇല്ലാതായപ്പോൾ 1949ൽ ഈ ഘോഷയാത്ര നിർത്തിവെച്ചു. എങ്കിലും 1961ൽ കേരള സർക്കാർ ഈ ഘോഷയാത്ര സംസ്ഥാനോത്സവമായി വീണ്ടും ആരംഭിച്ചു.