ഉത്രാടപ്പൂനിലാവേ വാ...ഇന്ന് ഉത്രാട പാച്ചിൽ, ഓണത്തിരക്കിൽ നാടും നഗരവും
text_fieldsഓണം
കൊച്ചി: ഇന്ന് ഉത്രാടം. തിരുവോണത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്കായി നാടും നഗരവും ഒരുങ്ങി. പച്ചക്കറിയും പലവ്യഞ്ജനങ്ങളും ഓണക്കോടിയുമൊക്കെയായി വിപണി സജീവം. തിരുവോണത്തിന് ഒരു നാൾ മാത്രം ബാക്കിയിരിക്കെ ആളുകളെല്ലാം ഓണക്കോടിയും ഓണസദ്യക്കുള്ള സാധനങ്ങളും വാങ്ങാനുള്ള തിരക്കിലാണ്. വിപണി ചൂടുപിടിച്ചതോടെ നഗരവീഥികളെല്ലാം ദിവസങ്ങളായി തിരക്കിലമർന്നിരിക്കുകയാണ്. വസ്ത്ര വ്യാപാര ശാലകളിലും മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലുമെല്ലാം കച്ചവടം പൊടിപൊടിക്കുകയാണ്. വഴിവാണിഭങ്ങളിലും ഓണച്ചന്തകളിലും മേളകളിലും തിരക്കുണ്ട്. വഴിയോര പൂ വിപണിയും സജീവമാണ്. മഴ പക്ഷേ തിരിച്ചടിയാണ്.
വസ്ത്ര വ്യാപാരസ്ഥാപനങ്ങളെല്ലാം രാത്രി വൈകിയും പ്രവർത്തിക്കുന്നുണ്ട്. ജ്വല്ലറി, ഇലക്ട്രോണിക്സ്, ഫർണിച്ചർ ഷോറൂമുകളിലും കച്ചവടം തകൃതിയാണ്. മിക്ക സ്ഥാപനങ്ങളിലും വൻ ഓഫറുകളും നൽകുന്നുണ്ട്. തിരക്ക് കണക്കിലെടുത്ത് നഗരങ്ങളിൽ കൂടുതൽ പൊലീസ് രംഗത്തുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് സദ്യയും പായസമേളയുമായി പ്രമുഖ ഹോട്ടൽ കാറ്ററിങ് ഗ്രൂപ്പുകാരും രംഗത്തുണ്ട്.
തിരുവോണാഘോഷത്തിനും സദ്യവട്ടത്തിനുമുള്ള തിരക്കിട്ട ഒരുക്കമാണ് ഒന്നാം ഓണമായ ഉത്രാടത്തെ ആവേശത്തിലാക്കുക. കുട്ടികളുടെ ഓണവും ഈ ദിവസമാണ്. അതിനാല്‍ ചെറിയ ഓണം എന്നും ഈ ദിവസത്തെ പറയാറുണ്ട്. ഓണാഘോഷത്തിന്റെ ഒമ്പതാം ദിനമാണ് ഉത്രാടം. അതേസമയം കേരളത്തില്‍ ചിലയിടങ്ങളില്‍ ഉത്രാട ദിനം തിരുവോണ ദിനം പോലെ ആഘോഷിക്കുന്നവരുമുണ്ട്.
ഉത്രാടം ദിവസം മഹാബലി തന്റെ പ്രജകളെ കാണാനെത്തുന്ന ദിവസമായി കരുതപ്പെടുന്നു. അതിനാല്‍ തന്നെ ഇത് ഓണാഘോഷത്തിന്റെ തുടക്കം എന്നാണ് മലയാളികള്‍ കരുതുന്നത്. മാത്രമല്ല ഇന്നേ ദിവസമാണ് വിദൂരസ്ഥലങ്ങളില്‍ ഉള്ളവരെല്ലാം വീട്ടിലെത്തി തിരുവോണത്തിനായി ഒത്തുകൂടുക. ചുരുക്കത്തില്‍ ഉത്രാടം ഓണാഘോഷങ്ങളുടെ ആരംഭദിനമാണ്.