Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightപത്മനാഭൻ മാഷും റമദാനും...

പത്മനാഭൻ മാഷും റമദാനും പിന്നെ അറബി ഭാഷയും

text_fields
bookmark_border
പത്മനാഭൻ മാഷും റമദാനും പിന്നെ അറബി ഭാഷയും
cancel
Listen to this Article

അറബി തിളക്കത്തിന്‍റെ പത്തരമാറ്റിൽ എടവണ്ണപ്പാറ ചീക്കോട് കെ.കെ.എം ഹയർസെക്കൻഡറി സ്കൂളിൽനിന്നും ഈ വർഷത്തെ എസ്.എസ്.എൽ.സിക്ക് എല്ലാവിഷയത്തിലും എ പ്ലസ് നേടിയ മിടുക്കിയായിരുന്നു ഗായത്രി. തൊട്ടുമുമ്പ് ഗായത്രിയുടെ സഹോദരൻ മണികണ്ഠനും അറബിക് ഒന്നാം ഭാഷയായെടുത്ത് എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിരുന്നു.

മലപ്പുറം ജില്ലയിലെ വിളയിൽ പറപ്പൂർ താമസിക്കുന്ന പത്മനാഭൻ വിജയലക്ഷ്മി ദമ്പതികളുടെ മക്കളാണ് രണ്ടുപേരും. അറബി ഭാഷയോട് വല്ലാത്ത ഇഷ്ടമായതുകൊണ്ടാണ് പത്മനാഭൻ മാഷ് തന്‍റെ മക്കളെ ഇതു പഠിപ്പിക്കാൻ ആഗ്രഹിച്ചതും മക്കൾ ഉന്നത നേട്ടത്തോടെ വിജയം വരിച്ചതും. പ്ലസ് ടുവിലും മണികണ്ഠന് അറബിക്കിന് ഫുൾ എ പ്ലസ് തന്നെ. ഡിഗ്രിക്ക് രണ്ടാം ഭാഷയായി അറബി പഠിക്കുന്ന മണികണ്ഠൻ ബിരുദാനന്തര ബിരുദത്തിന് അറബി തന്നെ പ്രധാന വിഷയമായി എടുക്കാനാണ് ഉദ്ദേശിക്കുന്നത്.

റമദാൻ വ്രതാനുഷ്ഠാനത്തോടും ഈ കുടുംബം ആദരവും താൽപര്യവും കാണിക്കുന്നുണ്ട്. എട്ടുവർഷമായി റമദാൻ വ്രതാനുഷ്ഠാനത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തന്‍റെ ഭക്ഷണരീതി അടിമുടി മാറ്റുകയാണ് പത്മനാഭൻ മാഷ്. അത്താഴത്തിന് ലഘുഭക്ഷണം കഴിച്ച് പകൽസമയം പച്ചവെള്ളം മാത്രം കഴിക്കുന്ന മാഷിന് പരിപൂർണ പിന്തുണയുമായി ഭാര്യ വിജയലക്ഷ്മി ഒപ്പമുണ്ടാകും. നോമ്പിനെ കുറിച്ച് ആധികാരികമായ പഠനമോ പരിശീലനമോ ലഭിക്കാത്തതുകൊണ്ടാന്ന് മുസ്‌ലിംകളെപ്പോലെ യഥാവിധി നോമ്പെടുക്കാത്തതെന്ന് മാഷ് പറയുന്നു.

ദാനധർമങ്ങൾക്ക് ഏറെ പ്രതിഫലമുള്ള മാസമാണ് റമദാനെന്ന് മാഷിനറിയാം. തന്നാൽ ആവുംവിധം 'സദഖ' നൽകാൻ അദ്ദേഹം ശ്രദ്ധിക്കുന്നുണ്ട്. ഭക്ഷണപാനീയങ്ങൾ ഉപേക്ഷിച്ചാൽ മാത്രം വ്രതവിശുദ്ധി കൈവരില്ല. മനുഷ്യർ തെറ്റായ പ്രവൃത്തികളും സംസാരവും ഉപേക്ഷിക്കണമെന്ന പാഠം സ്വയം ഉൾക്കൊണ്ട് മറ്റുള്ളവരെ ഉപദേശിക്കാനും സമയം കണ്ടെത്തുന്നു. ഇക്കുറി റമദാനിൽ ആദ്യ ആഴ്ചയിൽ എല്ലാവിധ നിബന്ധനകളും പാലിച്ച് വ്രതമെടുക്കാനാണ് മാഷ് ആഗ്രഹിക്കുന്നത്. ഒഴുകൂർ സർക്കാർ സ്കൂൾ അധ്യാപകനാണ് പത്മനാഭൻ മാഷ്. ഭാര്യ വിജയലക്ഷ്മി മഞ്ചേരി കോടതിയിലെ എൽ.ഡി ക്ലർക്കും. മകൻ മണികണ്ഠൻ കൊണ്ടോട്ടി ഗവ. കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും മകൾ ഗായത്രി ചീക്കോട് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമാണ്. മക്കളുടെ അറബി ഭാഷാപഠനത്തിൽ മിക്കവരും പ്രോത്സാഹനമാണ് നൽകുന്നതെന്ന് മാഷ് പറയുന്നു.

Show Full Article
TAGS:Ramadan 2022 
News Summary - Padmanabhan Master and Ramadan and then the Arabic language
Next Story