‘മുംബൈ’ എന്ന മഹാനഗരത്തിന്‍റെ റമദാൻ മനോഹാരിത
text_fieldsആഘോഷങ്ങളുടെ നഗരമാണ് മുംബൈ. രാജ്യത്തെ വിവിധ ദേശക്കാരെയും അവരുടെ കലാ-സംസ്കാരത്തെയും ആഹാര വിഭവങ്ങളെയുമെല്ലാം ആഘോഷമാക്കുന്ന മഹാനഗരം. ഏത് മത, പ്രാദേശിക ആഘോഷങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കുന്ന നഗരം അവയിലെല്ലാം സ്വന്തം കൈയൊപ്പ് ചാർത്തും. ആത്മീയതയാകെ പൊതിഞ്ഞുനിൽക്കുന്ന മതാചാരത്തെയും വർണപ്പകിട്ടുള്ള ആഘോഷമാക്കിത്തീർക്കും.
വിശ്വാസികൾ പൂർണമായി ദൈവത്തിലർപ്പിക്കുന്ന റമദാനിലെ നോമ്പുകാലത്തെയും ആഘോഷത്തോടെയാണ് വർവേൽക്കുന്നത്. അന്നപാനീയം വെടിഞ്ഞ് ദൈവസ്മരണകളിൽ മുഴുകുന്ന മുസ്‌ലിംകൾക്ക് മാത്രമുള്ളതല്ല ഈ നഗരത്തിൽ നോമ്പും പെരുന്നാളും. ചിട്ടയോടെ നോമ്പനുഷ്ഠിക്കുന്ന മറ്റ് മതക്കാരുമുണ്ടിവിടെ. ബോളിവുഡിലെയും പൊലീസ് സേനയിലെയും പ്രമുഖരും അതിൽപെടും.

ഒറ്റനോട്ടത്തിൽ നോമ്പുകാലത്ത് ആത്മീയതയെക്കാൾ വർണപ്പൊലിമ മുമ്പിട്ടു നിൽക്കുന്നതായാണ് അനുഭവപ്പെടുക. ദൈവസ്മരണയിൽ മുഴുകുന്നവരും ആഘോഷങ്ങളിൽ ഒഴുകുന്നവരും ഒരേസമയം ഒരേ ഗല്ലിയിൽ കാണാം. മുഹമ്മദലി റോഡിലെ പ്രശസ്തമായ മിനാര മസ്‌ജിദിനും ചുനാഭട്ടി മസ്ജിദിനുമിടയിലെ ഗല്ലിയാണത്. നോമ്പുകാലത്തു മാത്രം രൂപപ്പെടുന്ന ഒരു ബസാറുണ്ടവിടെ. പുലർച്ചയുള്ള അത്താഴത്തിന്റെ പേര് സൂചിപ്പിക്കുന്ന ‘സഹ്‌രി ബസാർ’. പകൽനേരങ്ങളിൽ അപൂർവം ചില വഴിവാണിഭക്കാർ ഒഴിച്ചാൽ ഗല്ലി ശൂന്യം. വൈകീട്ട് അഞ്ചോടെയാണ് ഗല്ലി ഉണരുക. പിന്നെ ആളുകളുടെ ഒഴുക്കായി. സുബഹി ബാങ്കോളം അത് തുടരും. പിന്നെ മയക്കത്തിലേക്ക്.
മുംബൈ നഗരത്തിന് പുറത്തുനിന്ന് സഹ്‍രീ ബസാറിലെ കാഴ്ച, രുചിപ്പെരുമയിലേക്ക് ആളുകൾ ഒഴുകിയെത്തും. ബോളിവുഡിലെയും മറ്റും പ്രശസ്തരുമുണ്ടാകും ആ കൂട്ടത്തിൽ. കാഴ്ചയെക്കാൾ ഒരുനുഭവമായാണ് അവർ ആ തിരക്കിനെ ആസ്വദിക്കുന്നത്. വൈവിധ്യമാർന്ന ഭക്ഷണങ്ങളും മധുരമൂറുന്ന പലഹാരങ്ങളും പഴവർഗങ്ങളുമായി ഉണർന്നിരിക്കുന്ന ഗല്ലിയിലൂടെ നീരൊഴുക്ക് പോലെ ആളുകളുടെ ഒഴുക്ക്.

തരാതരം ബജിയകൾ, സമൂസ, പ്രത്യേക തരം കട് ലെറ്റുകൾ, കടലവിഭവങ്ങൾ, ചുവപ്പും പച്ചയും മസാലകളാൽ ചുട്ടെടുത്ത കബാബുകൾ, ആടിന്റെ നാക്കും തലച്ചോറും, കരൾവിഭവങ്ങൾ, മാംസം അരച്ചെടുത്ത പലതരം കീമകൾ, അരിഞ്ഞുവെച്ച പഴവർഗങ്ങളുടെ പാക്കറ്റ്, മധുരമൂറുന്ന ഫലൂദ, മാൽപുവ, സാന്തൽ, ഫിർണി, കാരക്ക, ഈത്തപ്പഴം അങ്ങനെ വിഭവങ്ങളുടെ മെനു നീണ്ടുപോകും. ഇവയിലേറെയും സഹ്‌രി ബസാറിന്റെ മാത്രം വിഭവങ്ങളാണ്.
ഇന്ത്യയിലെ പ്രധാന അത്തർ വ്യാപാരകേന്ദ്രങ്ങളിൽ ഒന്നാണ് മുഹമ്മദലി റോഡ്. നോമ്പുകാലത്ത് ആത്മീയതയുടെ ഭാഗമെന്ന് നഗരത്തിലെ മുസ്‌ലിംകൾ വിശ്വസിക്കുന്ന അത്തറിന്റെ കച്ചവടവും പൊടിപൊടിക്കും. ഗുലാബ്, മജ്‌മുഅ, ഫിർദൗസ്, കേവര തുടങ്ങിയ പ്രകൃതിവിഭവങ്ങളിൽനിന്നുണ്ടാക്കുന്ന അത്തറുകളോടാണ് ഏറെ പ്രിയം. അറബ്നാടുകളിൽ വേരുള്ള അത്തർ വ്യാപാരികൾവരെ ഈ പ്രദേശങ്ങളിൽ പരിമളം പരത്തുന്നു.

നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഇവിടത്തെ പ്രശസ്‌തമായ കടകൾ. പള്ളികളിൽ നമസ്കാരത്തിനും ഖുർആൻ പാരായണത്തിനും പോകുമ്പോൾ അത്തറിന്റെ മണം നഗരവാസികൾക്ക് നിർബന്ധമാണ്. വലിയ വില നൽകി വാങ്ങാൻ കഴിയാത്തവർക്ക് നഗരത്തിന്റേതായ പരിഹാരമുണ്ട്. പള്ളിക്കവാടങ്ങൾക്കടുത്തായുള്ള ചെറുകിട അത്തറുകടകളിൽ അത്തർ പരുത്തിയിലാക്കി വസ്ത്രത്തിൽ തേച്ചുതരും. വസ്ത്രത്തിൽ മാത്രം പോരെങ്കിൽ താടിയിലും നെറ്റിയിലും തേച്ച് പരുത്തിക്കഷണം ചെവിയിൽ വെക്കണമെങ്കിൽ അതുമാകാം. ഏത് സാധാരണക്കാരനും താങ്ങാവുന്ന നിരക്കിൽ.
ദാനധർമങ്ങളിലേക്ക് കൈനിവർത്തി ഇല്ലാത്തവർക്ക് ആശ്രയമാകുന്ന ഹൃദ്യമായ കാഴ്ചയാണ് മറ്റൊന്ന്. പള്ളി, മദ്റസ, അനാഥാലയങ്ങളുടെ പുനർനിർമാണ, നിർമാണ, നടത്തിപ്പ് ആവശ്യങ്ങൾക്കും മറ്റുമായി കേരളത്തിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. അവരെയൊന്നും നിരാശരാക്കുന്നില്ല മുംബൈയുടെ ദാനശീലം. കോവിഡ് ദുരിതകാലത്ത് ഓക്സിജൻ സിലിണ്ടറുകൾ ഉൾപ്പെടെ വാങ്ങാൻ സർക്കാറിന് ഒരുകൈ സഹായവുമായി സകാത് വിഹിതം മാറ്റിവെച്ച വ്യവസായികളുമുണ്ടിവിടെ.

പകൽനേരങ്ങളിൽ ആളൊഴിഞ്ഞ ഗല്ലികൾ രാത്രികളിൽ പ്രകാശപൂരിതമാകുന്നതും സജീവമാകുന്നതും മുസ്‍ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ മറ്റൊരു കാഴ്ചയാണ്. പുലരുവോളം ഷട്ടിൽ, ക്രിക്കറ്റ് അടക്കമുള്ള വിനോദങ്ങൾ ഗല്ലികളിൽ സജീവമാകും. മാസപ്പിറവി കാണുന്നതോടെ ആഘോഷങ്ങൾ അതിന്റെ പൂർണതയിലേക്ക് കടക്കുകയായി. ആരുടെ ആഘോഷത്തെയും മഹാനഗരം വിട്ടുകളയുന്നില്ല. ആഘോഷങ്ങളിൽനിന്ന് ആരെയും മാറ്റിനിർത്തുന്നുമില്ല.