13ാം വർഷവും നോമ്പെടുത്ത് യൂത്ത് കോൺഗ്രസ് ജില്ല അധ്യക്ഷൻ
text_fieldsഷാജി പച്ചേരി
തിരൂരങ്ങാടി: നോമ്പ് കാലത്തും സമരച്ചൂടിലാണ് ജില്ല യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഷാജി പച്ചേരി. സമരത്തിന് മുന്നിൽ നിൽക്കുമ്പോഴും ഇത് പ്രസിഡന്‍റിെൻറ 13ാം വർഷത്തെ നോമ്പ് കൂടിയാണ്.
13 വർഷങ്ങൾക്കു മുമ്പ് ഒഴൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ആയിരിക്കുമ്പോഴാണ് നോമ്പിലേക്ക് താൽപര്യം തോന്നുന്നത്. മദ്റസ അധ്യാപകനും അയൽവാസിയുമായിരുന്ന മുഹമ്മദ് മുസ്ലിയാരിൽനിന്നാണ് നോമ്പിനെ കുറിച്ച് പഠിച്ചതും അറിഞ്ഞതും. അന്ന് തുടങ്ങിയ വ്രതമെടുക്കൽ 13 വർഷത്തിൽ എത്തി നിൽക്കുന്നു. ആദ്യകാലത്ത് അമ്മ പത്മിനിയാണ് അത്താഴ സമത്ത് ഭക്ഷണം പാകം ചെയ്ത് നൽകിയിരുന്നത്. വിവാഹശേഷം ഈ ചുമതല നിർവഹിക്കുന്നത് ഭാര്യ സ്നേഹയാണ്.ഇപ്പോൾ അത്താഴം മാത്രമേ വീട്ടിൽനിന്ന് കഴിക്കാൻ സാധിക്കാറുള്ളൂ. നോമ്പ് മുറിക്കുന്നത് മിക്ക ദിവസവും സുഹൃത്തുക്കളുടെ ക്ഷണത്തിൽ അവരുടെ വീട്ടിലാണെന്ന് അദ്ദേഹം പറഞ്ഞു. താനൂർ ഒഴൂർ മണലിപ്പുഴ സ്വദേശിയാണ് ഷാജി. പട്ടിണി കിടക്കുന്നവരുടെ വേദന മനസ്സിലാക്കാനാവുന്നതിലൂടെ മനസ്സിനും ശരീരത്തിനും ഉത്സാഹം ലഭിക്കുന്നതായി അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. പച്ചേരി മാധവനാണ് പിതാവ്. മകൻ: ശ്രയാൻ.