തരിക്കഞ്ഞി
text_fieldsസുകൃതങ്ങളുടെ വിളവെടുപ്പു കാലമായ പുണ്യ റമദാൻ മനുഷ്യരെ പ്രത്യേകിച്ച് പ്രവാസികളെ കൂടുതൽ ആർദ്രഹൃദയനാക്കുന്ന കാലംകൂടിയാണ്. തങ്ങളുടെ വേവും വേദനയും അവർ പൂർണമായും മറക്കുകയാണ്. നാട്ടിലെ നാനാതരം ആശ്വാസപ്രവർത്തനങ്ങളിൽ പ്രവാസി മത്സരബുദ്ധിയോടെ പങ്കാളികളാവുന്ന കാഴ്ച റമദാനെ കൂടുതൽ മനോഹരമാക്കുന്നതാണ്.
മണൽക്കാറ്റിൽനിന്ന് പ്രവാസികൾ മറ്റുള്ളവർക്കായി തങ്ങളുടെ മനസ്സ് പരിധിയില്ലാതെ തുറന്നുവെക്കുകയാണ്. നാട്ടിലെ കൂടപ്പിറപ്പുകളുടെ സന്തോഷവും ഒപ്പം രക്ഷിതാക്കളോടുള്ള ബാധ്യതയും മുതലാളിമാർ ഏൽപിച്ച ഉത്തരവാദിത്തവും തെല്ലും ഭംഗം വരാതെ സൂക്ഷിക്കാൻ പാടുപെട്ട് ജോലിയും നോമ്പും ഒന്നിച്ചു നിർവഹിച്ച് സംതൃപ്തരാവുകയാണ് ഓരോ പ്രവാസിയും.
ജോലി കഴിഞ്ഞ് റൂമുകളിലെത്തി നോമ്പ് തുറക്കാനാവശ്യമായ വിഭവങ്ങൾ തയാറാക്കുമ്പോൾ അധ്വാനത്തിന്റെ ക്ഷീണം പാടെ പമ്പ കടക്കുകയാണ് പതിവ്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് കോവിഡ് മഹാമാരിയെത്തുടർന്ന് മാനവരാശി മുഴുവൻ പകച്ചുനിന്ന കാലത്തെ റമദാൻ കൂടുതൽ ചേർത്തുപിടിക്കലിന്റെയും പങ്കുവെക്കലുകളുടെയും അനുഭവങ്ങളായിരുന്നു പ്രവാസ ലോകത്ത് പ്രദാനംചെയ്തത്.
ആ ഒരു നോമ്പുകാലത്ത് നാലഞ്ച് കൂട്ടുകാരുമൊത്ത് ബാച്ചിലറായി താമസിച്ചുവരികയായിരുന്നു ഞാൻ. ജോലിയുള്ളവരും ഇല്ലാത്തവരും കൂടി നാലുമണിയാകുമ്പോൾ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത കിച്ചനിൽ കലഹം കൂട്ടിയായിരുന്നു നോമ്പു തുറ വിഭവങ്ങൾ ഉണ്ടാക്കിയിരുന്നത്.
പാകം ചെയ്യൽ അധികം പരിചയമില്ലാത്തതുകൊണ്ട് തരിക്കഞ്ഞി ഉണ്ടാക്കലായിരുന്നു എന്റെ ചുമതല. പതിവിന് വിപരീതമായി ഒരുദിവസം കട്ടികുറഞ്ഞ തരിക്കഞ്ഞി കണ്ടപ്പോൾ എല്ലാവർക്കും നന്നായി ഇഷ്ടപ്പെട്ടു. ആസ്വദിച്ച് കുടിക്കുന്നതിനിടയിൽ തരിക്കഞ്ഞി ഇനി ഇങ്ങനെ ഉണ്ടാക്കിയാ മതീട്ടോ... കൂട്ടുകാരുടെ കമന്റുകൾ എന്നെയും സന്തോഷിപ്പിച്ചു.
നോമ്പുതുറയും നിസ്കാരവും കഴിഞ്ഞ് പാത്രങ്ങൾ കഴുകുന്നതിനിടെ ശ്രദ്ധിച്ചു നോക്കിയപ്പോഴാണ് തരിക്കഞ്ഞിയിൽ തരി (റവ) ഇട്ടിരുന്നില്ല എന്നത് മനസ്സിലായത്. ചെറിയുള്ളി വാട്ടി വെള്ളവും പാലുമൊഴിച്ച് പഞ്ചസാരയിട്ട് ഇളക്കിയ തരിയില്ലാത്ത തരിക്കഞ്ഞിയായിരുന്നു എല്ലാവർക്കും ഇഷ്ടപ്പെട്ടത് എന്നാലോചിച്ചപ്പോഴാണ് പ്രവാസികളുടെ രുചിഭേദത്തെക്കുറിച്ച് ചിന്തിച്ചത്.