വിപണിയിൽ മിന്നും ഈത്തപ്പഴക്കൂട്ടം
text_fieldsതൃശൂർ: റമദാനിലെ പുണ്യരാവുകളിൽ വിശ്വാസികൾക്ക് ആശ്വാസവും ഊർജവും പകരുന്നതാണ് ഈത്തപ്പഴങ്ങൾ. സൗദിയുടെ മണ്ണിൽനിന്ന് എത്തുന്ന മബ്റൂമും അജ്വയും ഉൾപ്പെടെ വൈവിധ്യമാർന്ന ഈത്തപ്പഴങ്ങൾ വിപണിയിലുണ്ട്. മദീനയിൽ നിന്നെത്തുന്ന അജ്വക്കാണ് ആവശ്യക്കാർ ഏറെയുള്ളത്.
പ്രീമിയം ഗുണമേന്മയുള്ള അജ്വ കിലോഗ്രാമിന് 2100 രൂപയാണ് വില. കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ നിയന്ത്രിക്കാൻ അജ്വ ഈത്തപ്പഴം മികച്ചതാണ്. കിലോക്ക് 1200 രൂപ വിലയുള്ള മബ്റൂം ഈത്തപ്പഴം പോഷക സമൃദ്ധമാണ്.
നാരുകൾ ധാരാളം അടങ്ങിയ സഫാവി ദഹനത്തിന് ഉത്തമമാണ്. ഇറാനിൽനിന്നുള്ള കിമിയ കിലോക്ക് 350 രൂപയാണ് വില. റോയൽ കിങ് എന്ന ഇനത്തിന് 260 രൂപയാണ് വില. മൊറോക്കോയിൽനിന്നുള്ള മജ്ദൂൾ രാജകീയ ഇനത്തിന് കിലോഗ്രാമിന് 2100 രൂപയാണ് വില. തേനൂറുന്ന സുക്കരി ഈത്തപ്പഴത്തിനും വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ഈത്തപ്പഴങ്ങളുടെ മധുരവും വൈവിധ്യവും ആരോഗ്യപരമായ ഗുണങ്ങളും റമദാൻ വിപണിയെ കൂടുതൽ ആകർഷകമാക്കുന്നു. റമദാനിലെ പ്രധാന വിഭവമെന്നതിലുപരി പോഷകമൂല്യവും ആരോഗ്യപരമായ ഗുണങ്ങളും ഉള്ളതാണ് ഈത്തപ്പഴം. ഈത്തപ്പഴത്തിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനപ്രക്രിയ സുഗമമാക്കുന്നു.
ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയ്ഡുകൾ, ഫിനോളിക് ആസിഡുകൾ തുടങ്ങിയ ആന്റിഓക്സിഡന്റുകളും ഈത്തപ്പഴത്തിലുണ്ട്. ഇവ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കി കോശങ്ങളുടെ നാശം തടയുന്നു. രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന പൊട്ടാസ്യം, പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം സുഗമമാക്കുന്ന മഗ്നീഷ്യം, വിളർച്ച തടയാൻ സഹായിക്കുന്ന ഇരുമ്പ്, വിറ്റമിൻ ബി6, വിറ്റമിൻ കെ തുടങ്ങിയ വിറ്റമിനുകളും ഈത്തപ്പഴത്തിൽ ധാരാളം അടങ്ങിയിരിക്കുന്നു.
ഹൃദയാരോഗ്യം, ദഹന ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, എല്ലുകളുടെ ആരോഗ്യം, വിളർച്ച തടയൽ, മസ്തിഷ്ക ആരോഗ്യം, രാത്രിയിലെ കാഴ്ചശക്തിക്ക് നല്ലത് എന്നിങ്ങനെ നിരവധി ആരോഗ്യപരമായ ഗുണങ്ങൾ ഈത്തപ്പഴത്തിനുണ്ട്. ഈത്തപ്പഴം മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്.
റമദാനിലെ ഈ വിശുദ്ധ ദിനങ്ങളിൽ ഈത്തപ്പഴത്തിന്റെ മധുരവും പോഷകഗുണങ്ങളും വിശ്വാസികൾക്ക് ശാരീരികവും മാനസികവുമായ ഉന്മേഷം നൽകുന്നു. ഈത്തപ്പഴം മാത്രമല്ല, വിവിധ തരം ഈത്തപ്പഴം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾകൂടി ഈ റമദാൻ വിപണിയിൽ ലഭ്യമാണ്. കോഴിക്കോട് മാർക്കറ്റിൽ നിന്നാണ് കൂടുതൽ ഈത്തപ്പഴം തൃശൂർ വിപണിയിലേക്ക് എത്തുന്നതെന്ന് തൃശൂരിലെ ഈത്തപ്പഴ കച്ചവടക്കാർ പറയുന്നു.