നോമ്പുകാലം പോലെ ഒരു മനുഷ്യൻ
text_fieldsസൂക്ഷ്മമായ ഒരു ജീവിതം കൊണ്ട് സ്വയം പാകപ്പെടാൻ ശ്രമം നടത്തപ്പെടുന്ന ഒരു മാസം കൂടിയാണ് നോമ്പുകാലം. നന്മയെക്കുറിച്ച് മാത്രമുള്ള ചിന്തകൾ, ക്ഷമ, സഹനം. റൂമി പറഞ്ഞത് പോലെ, ബോധപൂർവമുള്ള ഒരു ജീവിതം പോലെ രസമുള്ള മറ്റൊരു കളിയില്ല. അത് എത്രയോ ശരിയാണ് നമ്മുടെ ഓരോ നിമിഷത്തെയും തികഞ്ഞ ബോധത്തോടെ വിനിയോഗിക്കാൻ നോമ്പുകാലം നമ്മെ പരിശീലിപ്പിക്കുന്നു.
റമദാൻ വർഷത്തിൽ ഒരിക്കൽ വന്നുപോകുന്ന പുണ്യമാസം മാത്രമല്ല, മറിച്ച് ബാക്കി 11 മാസത്തേക്കുമുള്ള ജീവിതകലയെ മെച്ചപ്പെടുത്തിയെടുക്കാനുള്ള ഒരു പരിശീലനക്കളരി കൂടിയാണ്. സമയത്തെയും ധനത്തെയും ആഹാരത്തെയും മിതമായ രീതിയിൽ വിനിയോഗിക്കാൻ നമ്മെ പാകപ്പെടുത്തുന്നു.
റമദാനിൽ മാത്രം നമ്മൾ കൈക്കൊള്ളുന്ന ഒരു സൂക്ഷ്മതയുണ്ടല്ലോ, ആ സൂക്ഷ്മത ജീവിതകാലം മുഴുവനും കൊണ്ടുനടക്കുന്ന ചിലരെയെങ്കിലും നമ്മൾക്ക് പരിചയമുണ്ടാവും. അത്തരം ഒരാളെ എനിക്കുമറിയാമായിരുന്നു. ഞാൻ പലപ്പോഴും അത്ഭുതത്തോടെയും ബഹുമാനത്തോടെയും മാത്രം നോക്കിക്കണ്ട ഞങ്ങളുടെ കഫീൽ (സ്പോൺസർ) മഹ്മൂദ് കമാൽ. ഉച്ചയുറക്കത്തിനിടയിൽ വന്ന ഒരു ഫോൺ കാൾ. മറുഭാഗത്ത് കമാലിന്റെ പെങ്ങളുടെ മകനാണ് ‘‘ബാബ പോയി’’ എനിക്ക് ഉൾക്കൊള്ളാനാവാത്ത ഒരു ഞെട്ടലായിരുന്നു. മരണം ലക്ഷ്യം തെറ്റാത്ത വേട്ടക്കാരൻ തന്നെ... ഈ ആഴ്ചയും കണ്ടു സംസാരിച്ചിരുന്നു.
ചില ജീവിതം നമ്മെ അത്ഭുതപ്പെടുത്തുന്നു എന്ന് ഞാൻ പറഞ്ഞല്ലോ. കമാലും അങ്ങനെ ഒരു മനുഷ്യനായിരുന്നു. അത്രക്ക് സൂക്ഷ്മമായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതി. എൺപതിനു മുകളിൽ പ്രായമുള്ള ആ മനുഷ്യൻ എല്ലാ ആഴ്ചയിലും രണ്ടു പ്രാവശ്യം ബിൽഡിങ്ങിൽ വരും. കൃത്യമായ ദിവസം, കൃത്യമായ സമയം, അലസമല്ലാത്ത വസ്ത്രധാരണം. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് എനിക്ക് ഒരുപാട് പഠിക്കാനുണ്ടായിരുന്നു. എത്ര വലിയ സാമ്പത്തിക ശേഷി ഉണ്ടായിട്ടും ഒരോ ഫിൽസിനും കണക്കുവെക്കും. 25 ഫിൽസിനെ പോലും നിസ്സാരമാക്കുന്നത് കണ്ടിട്ടില്ല.
കുടുംബക്കാരോടുള്ള ഇടപെടൽ, സൗഹൃദങ്ങൾ, എല്ലാം എത്ര നിർമലമാണ്. സകല മൂല്യങ്ങളെയും അണിഞ്ഞുനടക്കുന്ന ഒരാളായാണ് എനിക്ക് പലപ്പോഴും തോന്നിയത്. കഴിഞ്ഞ വർഷം യുവധാര അവാർഡ് സ്വീകരിക്കാൻ ഒരാഴ്ച നാട്ടിൽ പോയി തിരിച്ചുവന്നപ്പോൾ എന്നെ കണ്ടയുടനേ ഓഫിസിൽ ഇരുന്ന ആ മനുഷ്യൻ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് എന്റെ കൈ പിടിച്ച് ആശംസകളറിയിച്ചു. കൂടെയടുത്തുള്ള മകനോട് ഞാനൊരു എഴുത്തുകാരനാണെന്ന് അദ്ദേഹം പറഞ്ഞു.
അവാർഡ് കിട്ടിയതിനേക്കാളും വലിയ സന്തോഷമായിരുന്നു ആ മനുഷ്യന്റെ അംഗീകാരം. എന്റെ എല്ലാ പുസ്തകങ്ങളും ഇപ്പോഴും ആ ടേബിളിനു മുകളിലുണ്ട്. ഭാഷയറിയില്ലെങ്കിലും എഴുത്തിനെക്കുറിച്ച് ചോദിക്കും. ഈ റമദാൻ മാസം ഒരു വേദനയുടെ കയ്പുനീര് ഹൃദയത്തിലിട്ട് ആ വലിയുപ്പ തിരിച്ചുപോയി. ഒരു വടവൃക്ഷം വീണപ്പോൾ കൂടുനഷ്ടമായ കിളികളെ പോലെ ഞങ്ങൾ കുറച്ചുപേർ ആ ഓർമക്കുമുന്നിൽ പ്രാർഥനാപൂർവം.