Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_right‘ജലമിനാരങ്ങളി’ൽ...

‘ജലമിനാരങ്ങളി’ൽ ഒഴുകിത്തെളിയുന്നത്; പി.എസ്. ഹമീദിന്‍റെ മാപ്പിള കവിതകളെ കുറിച്ച്

text_fields
bookmark_border
PS Hameeds Mappila Poems
cancel
camera_alt

1. പി.എസ്​. ഹമീദ് 2, പി.എസ്​. ഹമീദും എസ്​.പി. ബാലസുബ്രഹ്​മണ്യവും

നോമ്പിന്റെ മുഴുവൻ വിശേഷങ്ങളും അനുഷ്ഠാനങ്ങളും ചാലിച്ച് തേൻമധുരം നുകരാൻ പോന്നതാണ് പി.എസ്. ഹമീദിന്റെ ‘ജലമിനാരങ്ങൾ’ എന്ന കവിത. നോമ്പുകാരനും പുഴയും ഒഴുകിത്തെളിയേണ്ടതാണ് എന്നാണ് കവി പറയുന്നത്. ഓരോ വിശ്വാസിയുടെയും കഠിനവ്രതത്തിന് മുന്നിൽ മാനംമുട്ടെ തലയുയർത്തി നിൽക്കുന്ന പർവതനിരകൾപോലും തോറ്റുപോകുന്നതും ‘ഉദയംതൊട്ടസ്തമയംവരെ ഉരുകിയുരുകി ഒളിവിതറിത്തളർന്ന സൂര്യൻ ചന്ദ്രന്റെ കാതിൽ മന്ത്രിക്കുന്നുണ്ടാകും- വിശ്വാസ തേജസ്സിന്റെ ഈ വിസ്മയത്തിന് മുന്നിൽ ഞാൻ വെറുമൊരു കരിക്കട്ട’... നോമ്പെടുക്കുന്ന വിശ്വാസിയുടെ കർമവീഥി തുറന്നുകാണിക്കുന്നതാണ് ‘വ്രതവിശുദ്ധി’ എന്ന കവിതയിൽ കവി പറഞ്ഞുതരുന്നത്. ‘കൃപ’ എന്ന നോമ്പുകവിതയിൽ മനസ്സ് പിടയുന്ന വിശ്വാസിയെക്കുറിച്ച് കവി എഴുതുന്നു.

വ്രതം നോൽക്കുന്ന നാളിൽ മനസ്സിന്റെ രൂപാന്തരത്തെക്കുറിച്ച് നമ്മെ ഓർമപ്പെടുത്തുന്ന ഒന്നായി ‘ശവ്വാലിൻ ചോദ്യങ്ങൾ’. ‘ഒരു സന്ദർശകക്കുറിപ്പ്’, ‘വ്രതവസന്തം’, ‘ശവ്വാൽ മൊഴികൾ’, ‘പെരുന്നാൾ പടക്കം’, ‘ഏദൻ തോട്ടം’, ‘നിസ്കാരത്തഴമ്പ്’, ​പ്രവാചകൻ’... വിശ്വാസിയെ സംബന്ധിച്ചിടത്തോളം എല്ലാത്തരം അറിവും സ്വായത്തമാക്കാൻ പറ്റുന്ന നിവേദ്യമായിത്തീരുന്നവയാണ് ആ കവിതകളൊക്കെയും. ആയിരത്തിലധികം വരുന്ന മാപ്പിളപ്പാട്ടുകൾ എഴുതിയപ്പോഴും കാരുണ്യം വിളഞ്ഞ മണ്ണിൽ കനകംപൂക്കുന്നതാണ് നമ്മൾ മലയാളികൾ കണ്ടത്.

പി.എസ്​. ഹമീദും യേശുദാസും

മഹാകവി ഉബൈദിന്റെ നാട്ടിൽനിന്നാണോ വരുന്നതെന്ന് 20ാം വയസ്സിൽ തൃശൂരിൽ നടന്ന കവിതരചനയിൽ ഒന്നാമനായപ്പോൾ മഹാകവി ​വൈലോപ്പിള്ളി പി.എസ്. ഹമീദിനോട് ചോദിക്കുന്നുണ്ട്. അന്ന് ഉബൈദിന്റെ ചെറുമകനാണെന്ന് പറഞ്ഞപ്പോൾ വൈലോപ്പിള്ളിക്ക് അതൊരത്ഭുതമായി തോന്നിയില്ല. കാരണം, ഉബൈദിന്റെ ചെറുമകൻ പിന്നെ എങ്ങനെയാകും.

35 വർഷം മുമ്പ് 1987ൽ ഫുട്ബാൾജ്വരം യുവാക്കളുടെ മനസ്സിനെ പുളകംകൊള്ളിക്കുന്ന കാലം. തളങ്കരയിലെ ഒരുകൂട്ടം ചെറുപ്പക്കാർ അന്നത്തെ കാസർകോട് നഗരസഭ അധ്യക്ഷനായ കെ.എസ്. അബ്ദുല്ലയെ സമീപിക്കുന്നു. മുസ്‍ലിം ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരം സംഘടിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ‘നല്ലകാര്യം, കളിയൊക്കെ വേണ്ടതുതന്നെ. നിങ്ങൾ ഒരുകാര്യം അറിയുമോ ? തളങ്കരയിൽനിന്ന് ഒരു ചെറുപ്പക്കാരൻ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽപോയി മൂന്നുതവണ കാവ്യരചനമത്സരത്തിൽ വിജയിയായി സ്വർണമെഡലുമായി തിരിച്ചുവന്നിട്ട് നാളേറെയായി. പത്രങ്ങളിലും ആകാശവാണി ഡൽഹി നിലയത്തിലും മറ്റും വാർത്തകൾ വന്നിരുന്നു. ഒരു സ്വീകരണമെങ്കിലും നിങ്ങൾ കൊടുത്തോ’? കെ.എസ്. അബ്ദുല്ലയുടെ ചോദ്യശരത്തിന് മുന്നിൽ ആ ചെറുപ്പക്കാർ ഫുട്ബാൾകളി മാറ്റിവെക്കുകയും അതേ ഗ്രൗണ്ടിൽ കവി പി.എസ്. ഹമീദിന് ഗംഭീരസ്വീകരണം നൽകുകയുമുണ്ടായി. കലക്ടറായിരുന്നു മുഖ്യാതിഥി. സ്വർണംകൊണ്ടുള്ള പേനയായിരുന്നു സ്നേഹസമ്മാനമായി നൽകിയത്.

ചുണ്ടുകൾക്കും കാതുകൾക്കും മാത്രമുള്ളതല്ല ഹമീദിന്റെ രചനകളെന്നും ഹൃദയങ്ങളിലാണ് അതിന്റെ ഇരിപ്പിടമെന്നും യേശുദാസും ബാലസുബ്രഹ്മണ്യവും തിരിച്ചറിഞ്ഞതിനാലാണ് വീണ്ടും വീണ്ടും ഹമീദിന്റെ വരികൾ ഗാനഗന്ധർവൻ ആലപിച്ചതെന്നുമറിഞ്ഞ മലയാളികളുടെ കരഘോഷം കാലങ്ങളോളം മുഴങ്ങുമെന്നതിൽ സംശയമില്ല.

പി.എസ്​. ഹമീദും എസ്​.പി. ബാലസുബ്രഹ്​മണ്യവും

‘കവിതയുടെ കസവണിഞ്ഞ മാപ്പിളപ്പാട്ടുകൾ’ എന്ന് ഹമീദിന്റെ രചനകളെ മഹാകവി വൈലോപ്പിള്ളി വിശേഷിപ്പിച്ചപ്പോൾ കാസർകോടിന്റെ മനസ്സുമാത്രമല്ല മലയാളികൾ, മാപ്പിളപ്പാട്ടിനെ നെഞ്ചോടുചേർത്തവർ ഒന്നടങ്കം ആഹ്ലാദനൃത്തമാടി. ഇത്രയും കാവ്യസമൃദ്ധമായ ഗാനങ്ങൾ എന്തുകൊണ്ട് മറ്റധികം പേരിൽനിന്ന് ലഭിക്കുന്നില്ല എന്നാണ് ഗാനഗന്ധർവൻ സാക്ഷാൽ യേശുദാസ് വിസ്മയത്തോടെ ചോദിച്ചത്. ഹമീദിന്റെ ഗാനങ്ങൾ പാടിക്കൊണ്ടാണ് ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം മാപ്പിളപ്പാട്ടിൽ ചരിത്രമുഹൂർത്തം കുറിച്ചത്.

യേശുദാസും വാണീജയറാമും സുജാതയും മാർക്കോസും മധുബാലകൃഷ്ണനും അഫ്സലും സിന്ധു പ്രേംകുമാറും സിബല്ല സദാനന്ദനും രഹ്നയും കണ്ണൂർ ഷരീഫും തുടങ്ങി മലയാളത്തിലെ ഏതാണ്ടെല്ലാ ഗായകരും ഹമീദെന്ന മാപ്പിളകവിയുടെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

മലയാളത്തിൽ ഇന്നോളം ആരും കൈവെക്കാത്ത സർഗപ്രപഞ്ചത്തിന്റെ വിസ്മയകവാടം തുറന്നിട്ട ‘ഇശൽപരമ്പര’ 100 എപ്പിസോഡുകൾ പിന്നിട്ട് പുതുചരിത്രം രചിച്ച് മുന്നേറി. ലോകമെങ്ങുമുള്ള സാഹിത്യ-സംഗീതപ്രേമികൾ സംഗീത ചരിത്രവിജ്ഞാനത്തിന്റെ സമസ്തസൗന്ദര്യങ്ങളും വഴിഞ്ഞൊഴുകുന്ന ‘ഇശൽ പ്രഭാത’ത്തിനായി കാതുകൂർപ്പിച്ചിരിക്കുകയാണ്. പി.എസ്. ഹമീദ് എന്ന മാപ്പിളകവിതയുടെ രാജകുമാരന്റെ തൂലികയിൽനിന്ന് ഇനിയും റമദാൻവസന്തം പൂക്കും...

Show Full Article
TAGS:Mappila Poems P S Hameed Ramadan 2025 ramadan memories 
News Summary - About the Mappila Poems by P.S. Hameed
Next Story