ആഘോഷങ്ങൾ ബന്ധങ്ങളെ ദൃഢപ്പെടുത്തും
text_fieldsവർഗീസ് കുര്യൻ - ചെയർമാൻ, മാനേജിങ് ഡയറക്ടർ (വി.കെ.എൽ അൽ നമൽ ഗ്രൂപ്)
പരസ്പര സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും സന്ദേശം ഉദ്ഘോഷിച്ചാണ് പെരുന്നാൾ ആഘോഷിക്കുന്നത്. മുസ്ലിംവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരുമാസം നീണ്ട വ്രത വിശുദ്ധിയുടെ നാളുകൾക്കു ശേഷം ആഘോഷിക്കുക എന്നതാണ് ഈദുൽ ഫിത്ർകൊണ്ട് അർഥമാക്കുന്നത്. എന്നാൽ, മാനവിക സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കണമെന്ന മഹത്തായ സന്ദേശംകൂടി പെരുന്നാൾ ആഘോഷങ്ങൾക്കുണ്ട്.
മനുഷ്യ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും സഹാനുഭൂതിയുടെയും ഐക്യത്തിന്റെയും മഹത്തായ സന്ദേശം കൂടിയാണ് ഇത്തരം ആഘോഷങ്ങൾ. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ ഈ സന്ദേശങ്ങള്‍ക്ക് വലിയ പ്രസക്തിയുമുണ്ട്. ആഘോഷ വേളകളിൽ പ്രവാസികൾ അനുവർത്തിച്ചുപോരുന്ന പരസ്പര സ്നേഹത്തിന്റെ കൂടിച്ചേരലുകളും സൗഹാർദം പങ്കിടലുകളും എന്നും കൺകുളിർമയേകുന്ന കാഴ്ചകളാണ്.
ബന്ധങ്ങളുടെ ദൃഢത കുടുംബങ്ങളിൽ മാത്രമായി ഒതുക്കാതെ സർവ മതസ്ഥരെയും കൂടെ നിർത്തി സുഹൃദ്ബന്ധങ്ങളിൽ കൂടി ഉറപ്പാക്കുമ്പോഴാണ് ലോകം മനോഹരമാകുന്നത്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും ബഹ്റൈനിലെ എല്ലാ ജനങ്ങൾക്കും പ്രവാസി സുഹൃത്തുക്കൾക്കും ഈദുൽ ഫിത്ർ ആശംസകൾ നേരുന്നു.