Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightRamadanchevron_rightആനന്ദദായക അനുഗ്രഹങ്ങൾ

ആനന്ദദായക അനുഗ്രഹങ്ങൾ

text_fields
bookmark_border
ആനന്ദദായക അനുഗ്രഹങ്ങൾ
cancel

ജീവിതത്തിൽ ലഭ്യമായിരിക്കുന്ന അനുഗ്രഹങ്ങൾ സ്വയം ആസ്വദിക്കാനും മറ്റുള്ളവരെ ആസ്വദിപ്പിക്കാനും വേണ്ടിയുള്ളതാണ്. ആസ്വദിച്ച അനുഗ്രഹങ്ങളുടെ അളവ് നോക്കാൻ നമ്മുടെ പക്കൽ ഒരു മാപിനിയില്ല. എന്നാൽ അവയെ കുറിച്ച് പരലോകത്ത് കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന് ഖുർആനിലുണ്ട്. വിശന്ന ഒരു സന്ദർഭത്തിൽ ആഹാരം കഴിച്ച് കഴിഞ്ഞപ്പോൾ പ്രവാചകൻ കൂട്ടുകാരോട് ഇപ്രകാരം പറഞ്ഞു: "അന്ത്യനാളിൽ ഈ അനുഗ്രഹങ്ങളെ കുറിച്ച് ചോദിക്കപ്പെടും".

ജീവിതം എളുപ്പമുള്ളതാക്കുന്ന, പ്രയാസങ്ങൾ ദൂരീകരിക്കുന്ന, സൗഖ്യം പ്രദാനം ചെയ്യുന്ന, സന്തോഷം നൽകുന്ന എല്ലാ കാര്യങ്ങളും വസ്തുക്കളും ഖുർആനിക കാഴ്ചപ്പാടിൽ 'നഈം' (ആനന്ദദായക അനുഗ്രഹങ്ങൾ) ആണ്. ആരോഗ്യം, ഒഴിവുസമയം, നിർഭയത്വം, സൗഖ്യം, കാഴ്ച, കേൾവി, ഘ്രാണശക്തി, രുചി അറിയാനുള്ള ശേഷി, സൗന്ദര്യം, ആഹാരം, വീട്, ശരിയായ ഉറക്കം, പദവി, പ്രതാപം, കുടുംബ മഹിമ, അറിവ്, സംസാരശേഷി, സൻമാർഗ ലബ്ധി, നല്ല കുടുംബം, നല്ല സൗഹൃദം, വിവാഹ സൗഖ്യം, സന്താന ഭാഗ്യം തുടങ്ങിയ എല്ലാ ഇഹലോക സുഖങ്ങളും 'നഈം' എന്ന ഖുർആനിക പ്രയോഗത്തിന്റെ പരിധിയിൽ വരും.

അനുഗ്രഹങ്ങളുടെ രസം ആസ്വദിക്കാൻ സാധിക്കാത്ത ധാരാളം ആളുകളുണ്ട്. കീറിയ വസ്ത്രം ധരിക്കാൻ വിധിക്കപ്പെട്ടവർ, മാലിന്യങ്ങളിൽ നിന്ന് ഭക്ഷണം കണ്ടെത്തുന്നവർ, കടത്തിണ്ണയും വഴിയോരവും വീടാക്കുന്നവർ, രോഗികളായി മരണം വരെ ജീവിക്കുന്നവർ, വിവാഹ സൗഭാഗ്യം നിഷേധിക്കപ്പെട്ടവർ, കുടുംബത്തിന്റെ തണൽ ലഭിക്കാത്തവർ, എല്ലാമുണ്ടായിട്ടും അനാഥത്വം പേറുന്നവർ, വൈരുപ്യം പിന്നിലാക്കിയവർ, വൈകല്യത്തോട് പൊരുതുന്നവർ, സന്താനഭാഗ്യമില്ലാത്തവർ, ഭയം കീഴ്പ്പെടുത്തിയവർ, പട്ടിണി കൊണ്ട് മരിക്കുന്നവർ, വാർദ്ധക്യം ഒറ്റപ്പെടുത്തിയവർ, സഞ്ചാര സൗകര്യം അനുഭവിക്കാത്തവർ, ജീവിതത്തിന്റെ സിംഹഭാഗവും അടിസ്ഥാന ജീവിത സൗകര്യങ്ങൾ കരസ്ഥമാക്കുന്നതിന് പെടാപാട് പെട്ട് പരാജയപ്പെടുന്നവർ… ഇത്തരം മനുഷ്യരെ കുറിച്ചായിരിക്കാം പ്രവാചകൻ പറഞ്ഞത്: “നഗ്നത മറക്കുന്ന ശീലക്കഷ്ണം, വിശപ്പകറ്റുന്ന റൊട്ടിക്കഷ്ണം, തണുപ്പും ചൂടും വരുമ്പോൾ കയറി നിൽക്കാനുള്ള കൂര എന്നിവയെ കുറിച്ച് പരലോകത്ത് ചോദ്യമില്ല”. ജീവിതത്തിന്റെ അടിസ്ഥാന നിലവാരത്തിനും താഴെയുള്ളവരെല്ലാം ഈ പ്രവാചക വചനത്തിന്റെ പരിധിയിൽ വരുമെന്ന് മനസിലാക്കാം.

അനുഗ്രഹ ദാദാവായ അല്ലാഹുവിന്റെ പരലോക നീതി എത്ര മഹത്തരം.

Show Full Article
TAGS:news gulf kuwaitnews 
News Summary - Delightful blessings
Next Story