വ്രതാനുഷ്ഠാനത്തിന്റെ ആത്മനിർവൃതിയിൽ ഡോ. ഷെമിലി പി. ജോൺ
text_fieldsഡോ. ഷെമിലി പി. ജോൺ
മനാമ: റമദാൻ മാസം അവസാന ദിവസങ്ങളിലേക്ക് കടക്കുമ്പോൾ വ്രതാനുഷ്ഠാനത്തിന്റെ ആത്മനിർവൃതിയിലാണ് ബഹ്റൈനിൽ അധ്യാപികയായ ഡോ. ഷെമിലി പി.ജോൺ. യൂനിവേഴ്സിറ്റി കോളജ് ഓഫ് ബഹ്റൈനിലെ ജനറൽ സ്റ്റഡീസിൽ ഹെഡ് ആയ ഷെമിലി പി. ജോൺ കഴിഞ്ഞ 10 വർഷമായി മുടങ്ങാതെ റമദാൻ മാസം മുഴുവനും നോമ്പ് അനുഷ്ഠിക്കുന്നു. ഗൾഫ് റീജ്യനിലെ ഉന്നത സ്കൂളിന്റെ ഭരണസമിതിയിൽ സെക്രട്ടറിയായിരുന്ന സമയത്ത് ഒരു കാമ്പസ് സന്ദർശനത്തിനിടയിൽ നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കൊച്ചു കുട്ടി ക്ലാസിന് പുറത്ത് നിൽക്കുന്നത് ശ്രദ്ധയിൽപെട്ടു. അതേസമയം, മറ്റു കുട്ടികൾ ക്ലാസ് മുറിയിലിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു.
അന്വേഷിച്ചപ്പോൾ കുട്ടിക്ക് നോമ്പാണെന്ന് അറിയാൻ കഴിഞ്ഞു. ഈ സംഭവമാണ് നോമ്പ് അനുഷ്ഠിക്കാൻ പ്രചോദനമായതെന്ന് ഷെമിലി പറഞ്ഞു. ബഹ്റൈനിലെ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെ സ്വദേശികൾ പഠിക്കുന്ന സ്ഥാപനത്തിലെ അധ്യാപികയായ ഷെമിലിയുടെ അഭിപ്രായത്തിൽ വലുപ്പ - ചെറുപ്പമില്ലാതെ പാവപ്പെട്ടവരെന്നോ സമ്പന്നരെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ അനുഷ്ഠിക്കുന്ന റമദാൻ വ്രതമാണ് ഏറ്റവും ഉദാത്തമായ ദൈവ ഭക്തിയും ആരാധനയും. ആരോഗ്യപരമായും ആത്മീയപരമായും നോമ്പ് പകരുന്ന ചൈതന്യം അനിർവചനീയമാണെന്നും ഷെമിലി പറഞ്ഞു.
ഇടുക്കി ജില്ലയിലെ കുമിളി സ്വദേശിയായ ഷെമിലി തൊടുപുഴ സ്വദേശിയും ബഹ്റൈനിലെ പ്രമുഖ ബിസിനസുകാരനുമായ സാമുവൽ എബ്രഹാമുമായുള്ള വിവാഹത്തിനു ശേഷമാണ് ബഹ്റൈനിൽ പ്രവാസിയായിയെത്തിയത്. മനുഷ്യരെല്ലാം ഒന്നാണെന്നും ഒരേ സ്രഷ്ടാവിന്റെ മക്കൾ മാത്രമാണെന്നുമുള്ള തിരിച്ചറിവും അംഗീകാരവും ഈ പുണ്യമാസത്തിൽ ലഭിക്കുന്നതായി ഷെമിലി പറഞ്ഞു. ബഹ്റൈനിലെ മലയാളികൾ ജാതി-മത ഭേദമെന്യേ ഒരു കുടുംബംപോലെയാണ് കഴിയുന്നത്.
ഒട്ടേറെ മലയാളി സംഘടനകളും കൂട്ടായ്മകളും ഉള്ള ബഹ്റൈനിൽ മിക്ക ദിവസങ്ങളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇഫ്താർ പാർട്ടികൾ നടത്തുന്നു. മിക്ക കൂടിച്ചേരലുകളും ലേബർ ക്യാമ്പുകളിലെ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ് നടത്തുന്നതെന്നും അതു മാനവ സ്നേഹത്തിന്റെ മാതൃകയാണെന്നും ഷെമിലി പറഞ്ഞു. വിശപ്പിന്റെയും ദാഹത്തിന്റെയും തീവ്രത അറിയാനും മറ്റുള്ളവരുടെ വേദന അറിയാനുമുള്ള സമർപ്പണമാണ് നോമ്പെന്നും ഡോ. ഷെമിലി പി. ജോൺ പറയുന്നു.