ഗതകാല നിറവില്‍ ഈദ് വരവേല്പ്
text_fieldsറാക് അല്‍ ശമല്‍ അമീര്‍ മുഹമ്മദ് ഹസന് ആല് കീശി സുലൈമാന്‍
റാസല്‍ഖൈമ: രാഷ്ട്രവും ജനങ്ങളും ആഘോഷ വേളകള്‍ക്ക് ആധുനികതയുടെ വര്‍ണം നല്കുമ്പോള് ഗതകാല നിറവിലാണ് അല്‍ ശമല്‍ അമീറിന്റെയും ഗ്രാമ നിവാസികളുടെയും ഈദ് വരവേല്പ്. ഇന്നത്തെയും ഓര്മ നാള് തുടങ്ങിയുള്ള ഈദ് ആഘോഷവും മനം നിറക്കുന്ന അനുഭവങ്ങളാണെന്ന് അമീര്‍ മുഹമ്മദ് ഹസന് ആല് കീശി സുലൈമാന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. മുന്‍ഗാമികള്‍ തുടങ്ങിവെച്ച അതിഥി സ്വീകരണവും ഭക്ഷണ സുപ്ര ഒരുക്കലും ഭക്ഷ്യ വിഭവങ്ങളുടെ വിതരണവും അല്ലാഹുവിന്റെ കൃപയാല്‍ ഇന്നും തുടരുന്നു.
റമദാന് ചന്ദ്രക്കലയെത്തുന്നത് മുതല്‍ അതിഥികള്‍ക്കായുള്ള ഇഫ്താര്‍ സുപ്രകള്‍ പെരുന്നാള്‍ അമ്പിളി തെളിയുന്നതുവരെ തുടരും. രാഷ്ട്രശില്പി ശൈഖ് സായിദ് ബിൻ സുൽത്താൻ ആല് നഹ്യാന്റെ രാഷ്ട്രതന്ത്രജ്ഞതക്ക് പിന്‍ഗാമികളിലൂടെ തുടര്‍ച്ച ലഭിച്ചതാണ് യു.എ.ഇയുടെ സുഭിക്ഷതക്കും താനുള്‍പ്പെടുന്ന രാജ്യനിവാസികള്‍ക്കും സന്തോഷകരമായ ജീവിതം സാധ്യമാക്കിയത്. സൗദി അറേബ്യയെ പിന്തുടര്ന്നാണ് യു.എ.ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ മുമ്പെല്ലാം റമദാനും ഈദും ബലിപെരുന്നാളുമെല്ലാം പ്രഖ്യാപിച്ചിരുന്നത്.
പണ്ടത്തെ ഈദ് ആഘോഷത്തിലെ സുപ്രധാന ഇനമായിരുന്നു അല്‍ യവ്ല നൃത്തം. തോക്കുകളും വാളുകളും മുകളിലേക്ക് എറിഞ്ഞ് കൈയില്‍ തിരികെയെത്തുന്നത് കാണികള്‍ക്ക് സ്തോഭജനകമായ കാഴ്ചയായിരുന്നു. രാജ്യത്തിന്റെ നിയമ പരിഷ്കരണത്തില്‍ നൃത്തച്ചുവടുകളില്നിന്ന് തോക്കുകളും വാളുകളും ഉപയോഗിക്കുന്നത് ഒഴിവാക്കപ്പെട്ടെങ്കിലും സൗമ്യ മനോഹാരിതയുടെ നൃത്തച്ചുവടുകള്‍ ഇന്നും ആഘോഷ വേളകള്‍ക്ക് പൊലിമ നല്കുന്നു. ഉറ്റവര്‍ക്കൊപ്പം സുഹൃത്തുക്കള്‍, അയല്‍വാസികള്‍, വിവിധ ദേശങ്ങളില്‍നിന്നുള്ളവര്‍ തുടങ്ങി സർവരെയും ചേര്‍ത്തുപിടിക്കുന്നതാണ് ഈദിന്റെ ആത്മാവ്.
പെരുന്നാള്‍ ദിനത്തില്‍ 60ഓളം ആടുകളെ പാകം ചെയ്ത് ഒരുക്കുന്ന ഭക്ഷണം വിതരണം ചെയ്യുന്നത് ദൈവാനുഗ്രഹത്താല്‍ ഇന്നും തുടരുന്നു. ഈദ് ദിനത്തില്‍ വലുപ്പ-ചെറുപ്പ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ സ്വീകരിച്ച് അഭിവാദ്യമര്‍പ്പിക്കുന്ന രാജ്യ ഭരണാധിപന്മാരുടെ രീതി പൂർവികര്‍ പകര്‍ന്നുനല്‍കിയ പുണ്യമാണ്.
സാഹോദര്യത്തിന്റെ മഹിത മാതൃക പ്രസരിപ്പിക്കുന്നതാണ് യു.എ.ഇ ഭരണാധികാരികളുടെ നടപടി. റമദാനില്‍ ആര്‍ജിച്ചെടുത്ത വിശുദ്ധി കൈവിടാതെ കുടുംബത്തിനും സമൂഹത്തിനും നന്മ പകരാന്‍ ഭാവിതലമുറകള്‍ക്കും സാധ്യമാകണമെന്നാണ് തന്റെ പ്രാർഥനയും ഈദ് സന്ദേശമെന്നും അല്‍ ശമല്‍ അമീര്‍ മുഹമ്മദ് ഹസന് ആല് കീശി സുലൈമാന്‍ തുടര്‍ന്നു.